ദുബായിൽ നിന്ന് താമസം മാറിയത് ഓസ്ട്രേലിയയിലേക്ക്; വീണ്ടും യുഎഇയിലേക്ക് മടങ്ങിയതിന്റെ രഹസ്യം, മലയാളി മനസ്സ് ജർമൻ കോടീശ്വരന്മാർക്കും

Mail This Article
ദുബായ്∙ ജർമനിയില്‍ നിന്നുളള കോടീശ്വരന്മാരില്‍ 11 ശതമാനം പേർ അടുത്ത 12 മാസത്തിനുളളില്‍ താമസം മാറാന്‍ ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയിരിക്കുകയാണ് യുഎഇ. നിക്ഷേപക മൈഗ്രേഷൻ കൺസൾട്ടൻസിയായ ആർട്ടൺ ക്യാപിറ്റൽ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു കണ്ടെത്തലുളളത്.
ജർമനിയില്‍ ഉയർന്ന ആസ്തിയുളള വ്യക്തികളില്‍ 11 ശതമാനം പേരും അടുത്തവർഷം യുഎഇയിലേക്ക് താമസം മാറാന്‍ താല്‍പര്യപ്പെടുന്നു. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയാണ് മാറിചിന്തിക്കുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നതെന്നാണ് പഠനം പറയുന്നത്. കാനഡയിലേക്ക് താമസം മാറാന്‍ 29 ശതമാനം പേർ താല്‍പര്യപ്പെടുമ്പോള്‍ ഓസ്ട്രേലിയയിലേക്ക് 22 ശതമാനം പേരും യുഎസിലേക്ക് മാറാന്‍ 16 ശതമാനം പേരും ഇഷ്ടപ്പെടുന്നു. ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് യുഎഇ. എന്തുകൊണ്ട് യുഎഇ എന്നുളളതിന് നിരവധി ഉത്തരങ്ങളുണ്ട്. എങ്കിലും പ്രധാനമായത്, രണ്ട് കാര്യങ്ങള്‍ തന്നെയാണ്, ഒന്ന് സുരക്ഷിത രാജ്യം. രണ്ട് ആദായ നികുതിയില്ലയെന്നുളളതും.
ജീവിതത്തിന്റെ ഏത് മേഖലയില്‍ നിന്നുളളവർക്കും ഇവിടെ സ്ഥാനമുണ്ട് എന്നുളളതാണ് യുഎഇ എന്ന രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ട്രിനിറ്റി ടെക്സസ് റിയല്‍റ്റി എല്‍എല്‍സി മാനേജിങ് ഡയറക്ടറും മാധ്യമപ്രവർത്തകയുമായ സിന്ധു ബിജു പറയുന്നു. ജർമനിയില്‍ നിന്നുളള കോടീശ്വരന്മാർ താമസിക്കാന്‍ യുഎഇ തിരഞ്ഞെടുക്കുന്നവെന്നുളളതില്‍ അദ്ഭുതമൊന്നുമില്ല. ജർമനി മാത്രമല്ല, മറ്റ് യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടാതെ ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള കോടീശ്വരന്മാരില്‍ ഒരു നല്ല ശതമാനവും യുഎഇയില്‍ സ്ഥിര താമസമാക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നുളളതിന് തെളിവാണ് യുഎഇയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ നിക്ഷേപങ്ങളുടെ കണക്കുകള്‍.

കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുക്കുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ യുഎസ് പൗരന്മാരുടെ നിക്ഷേപം വലിയ തോതില്‍ കൂടിയിട്ടുണ്ട്. സാധാരണക്കാർ മുതല്‍ കോടീശ്വരന്മാർ വരെ ജീവിക്കാന്‍ തിരഞ്ഞെടുക്കുന്ന രാജ്യമായി യുഎഇ മാറുന്നത് ഇവിടെത്തെ ജീവിത സൗകര്യങ്ങളും സുരക്ഷിതത്വവും കൊണ്ടുതന്നെയാണ്, സിന്ധു പറയുന്നു.
ആർട്ടൺ ക്യാപിറ്റൽ നടത്തിയ മറ്റൊരു സർവ്വെ പ്രകാരം 27 ശതമാനം ബ്രിട്ടിഷ് ശതകോടീശ്വരന്മാരും 6 ശതമാനം ഫ്രഞ്ച് കോടീശ്വരന്മാരും യുഎഇയിലേക്ക് താമസം മാറാന്‍ ആലോചിക്കുന്നുണ്ട്.

18 മുതല്‍ 70 വസ്സുവരെ പ്രായമുളള 1000 ജർമന്‍ കോടീശ്വരന്മാരിലാണ് സർവേ നടത്തിയത്. ഫെബ്രുവരി 24 നും മാർച്ച് 3 നുമുളള സമയത്തെ കണക്ക് അനുസരിച്ച് 5 മില്ല്യൻ യൂറോയുടെ ആസ്തിയുളളവരാണ് ഇതില്‍ 18 ശതമാനം പേരും. ആഗോളതലത്തില്‍ ഉയർന്ന ആസ്തിയുളളവർ യുഎഇ മികച്ച താമസസ്ഥലമായി തിരഞ്ഞെടുക്കുന്നുവെന്നാണ് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ വിലയിരുത്തല്‍. 2024 ലെ കണക്ക് അനുസരിച്ച് 6700 ലധികം ശതകോടീശ്വരന്മാർ യുഎഇയിലെത്തി. സുരക്ഷിത രാജ്യമെന്നതും രാഷ്ട്രീയ അസ്ഥിരതയിലെന്നുളളതും യുഎഇയ്ക്ക് ഗുണമാകുന്നു. വ്യക്തിഗത വരുമാനത്തിന് നികുതിയില്ലെന്നുളളതും റിയല്‍ എസ്റ്റേറ്റ് നിക്ഷേപ അവസരങ്ങളും ആകർഷകമാണ്.

രാജ്യാന്തര തലത്തില്‍ പണപ്പെരുപ്പത്തിലും ഇന്ധനവിലയിലും ഉള്‍പ്പടെയുളള മാറ്റങ്ങള്‍ സ്വഭാവികമായും യുഎഇയിലും പ്രതിഫലിക്കും. വാറ്റും സാലിക്കും പാർക്കിങുമെല്ലാമുണ്ടെങ്കിലും യുഎഇയില്‍ ആദായനികുതിയില്ലെന്നുളളത് വലിയ ആകർഷണമാണ്. എന്നാല്‍ ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും ഇതെല്ലാമുണ്ട്, ഇതിന് പുറമെയാണ് ആദായ നികുതിയും ഈടാക്കുന്നത്. പലപ്പോഴും ഇത് 40 ശതമാനം വരെ വരും. അതുകൊണ്ടുതന്നെ വരവ് ചെലവും ജീവിത സൗകര്യങ്ങളും കണക്കാക്കുമ്പോള്‍ യുഎഇ ഒരുപടി മുന്നില്‍ തന്നെയാണ്.
ചെറിയ ശതമാനത്തിലാണ് യുഎഇ വാറ്റ് ഈടാക്കുന്നത്. ഗതാഗത തടസ്സമില്ലെന്നല്ല എന്നാല്‍ തന്നെയും മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ജനസംഖ്യകൂടുന്നത് അനുസരിച്ച് റോഡ് വികസനത്തില്‍ ഉള്‍പ്പടെ നടപ്പിലാക്കുന്ന മാറ്റങ്ങളും, അതിനെടുക്കുന്ന സമയവും പ്രധാനമാണ്. ഭരണാധികാരികളുടെ നയങ്ങളും നടപ്പിലാക്കാനുളള ഇച്ഛാശക്തിയും തന്നെയാണ് ഈ രാജ്യത്തെ മുന്നോട്ടുനയിക്കുന്നത്. ഗോള്‍ഡന്‍ വീസ നടപ്പിലാക്കിയതും നിർണായകമായി. ദുബായില്‍ വർഷങ്ങളോളം താമസിച്ച് ഓസ്ട്രേലിയയിലേക്ക് മാറി, ചുരുങ്ങിയ സമയത്തിനുളളില്‍ യുഎഇയിലേക്ക് തിരികെയെത്തിയ വ്യക്തിയെന്നുളള നിലയില്‍ തനിക്കത് കൃത്യമായി പറയാന്‍ സാധിക്കുമെന്നും സിന്ധു വിലയിരുത്തുന്നു.
വെല്ലുവിളികള്‍ ഏറ്റെടുക്കാനും അത് വിജയകരമായി നടപ്പിലാക്കാനും ഈ രാജ്യമെടുക്കുന്ന പ്രയത്നം പ്രശംസനീയമാണ്. കോവിഡ് കാലത്ത് ലോക രാജ്യങ്ങള്‍ അതിർത്തികള്‍ തുറക്കാന്‍ ഭയക്കുന്ന സമയത്ത്, ഇവിടെ ഒരു ആഗോള സമ്മിറ്റ് നടന്നു. കോവിഡിനെ യുഎഇ വിജയിച്ച രീതി ലോകരാജ്യങ്ങള്‍ തന്നെ മാതൃകയാക്കി. കോവിഡ് അക്ഷരാർത്ഥത്തില്‍ ആഗോളതലത്തില്‍ യുഎഇയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. കോവിഡ് ശേഷം റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പടെയുളള മേഖലയിലുണ്ടായ വളർച്ച നോക്കിയാല്‍ അത് മനസിലാകും. 2024 ഏപ്രിലിലാണ് യുഎഇയില്‍ ശക്തമായ മഴ പെയ്തത്. ഒട്ടും പ്രതീക്ഷിക്കാതെ പെയ്ത മഴയില്‍ നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ ഇനി മഴപെയ്താലും വെളളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ സമഗ്ര ഓവുചാൽ പദ്ധതിപ്രഖ്യാപിച്ചു. നടപ്പിലാക്കാന്‍ ആരംഭിച്ചു. ഏത് പ്രതികൂല സാഹചര്യങ്ങളേയും അതിജീവിക്കാനുളള കരുത്ത് രാജ്യത്തിനുണ്ടെന്ന വിലയിരുത്തല്‍ തന്നയാണ് ആഗോളതലത്തില്‍ യുഎഇയെ പ്രിയപ്പെട്ട രാജ്യമാക്കി മാറ്റുന്നതെന്നും സിന്ധു പറയുന്നു.
ന്യൂസീലൻഡ്, സ്‌പെയിൻ, നെതർലാൻഡ്‌സ് എന്നിവയാണ് സർവേയില്‍ യുഎഇയ്ക്കൊപ്പം ജർമന്‍ പൗരന്മാർ സ്ഥിരതാമസത്തിനായി തിരഞ്ഞെടുത്തിട്ടുളള മറ്റ് രാജ്യങ്ങള്‍. ആരോഗ്യരംഗത്തെ പരിചരണം, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക മേഖലയുടെ വളർച്ച എന്നിവയെല്ലാം പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയിട്ടുളളത്. യുഎഇയിലേക്ക് മാറുന്നത് താല്‍പര്യം പ്രകടിപ്പിച്ചവരില്‍ 88 ശതമാനം പേരും ഗോള്‍ഡന്‍ വീസയിലും ആകൃഷ്ടരാണ്. ദുബായ് എന്നുളളത് ആഗോള ഹബാണ്. യാത്രസൗകര്യങ്ങളിലും മുന്‍പന്തിയില്‍. സമീപഭാവിയില്‍ ജർമനി ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേർ ഇഷ്ടതാമസത്തിനായി യുഎഇയിലേക്ക് എത്തുമെന്നുതന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.