സൗദിയുടെ ഉടമസ്ഥതയിലെ ആദ്യ ഡ്യൂട്ടി ഫ്രീ ഷോപ്പാകാൻ ‘അൽ വാഹ’

Mail This Article
ജിദ്ദ ∙ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) റീട്ടെയിൽ ട്രാവൽ കമ്പനിയായ ഡ്യൂട്ടി ഫ്രീ ഷോപ്പ് (അൽ വാഹ) ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഇത് സൗദിയുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പായി മാറും. ഉയർന്ന ഗുണമേന്മയുള്ള സൗദി ഉൽപന്നങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന സൗദി അറേബ്യയിലുടനീളം തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ആഡംബര റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വികസിപ്പിക്കും.
ഡ്യൂട്ടി ഫ്രീ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിൽ കമ്പനി ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കും. ഭാവിയിൽ കരാതിർത്തി പോസ്റ്റുകളിലും തുറമുഖങ്ങളിലും വിമാന സർവീസുകളിലും കൂടുതൽ റീട്ടെയിൽ വിൽപന അവസരങ്ങൾ കമ്പനി ലഭ്യമാക്കും. ട്രാവൽ റീട്ടെയിൽ മേഖലയിലെ മുൻനിര ദേശീയ കമ്പനിയായാണ് അൽവാഹ ആരംഭിക്കുന്നത്. ഉൽപന്നങ്ങൾ വൈവിധ്യവൽക്കരിക്കുക, ഡ്യൂട്ടി ഫ്രീ പ്രവർത്തനങ്ങൾ വ്യത്യസ്തമാക്കുക, നൂതന ഡിജിറ്റൽ ഷോപ്പിങ് അനുഭവം വികസിപ്പിക്കുക എന്നിവയിലൂടെ എയർപോർട്ടുകളിലൂടെയും തുറമുഖങ്ങളിലൂടെയും കരാതിർത്തി പോസ്റ്റുകളിലൂടെയും കടന്നുപോകുന്ന യാത്രക്കാർക്ക് അൽവാഹ സവിശേഷ അനുഭവം നൽകും.
ട്രാവൽ റീട്ടെയിലിന്റെ വളർച്ച വർധിപ്പിക്കാനും പ്രാദേശിക ടൂറിസം മേഖലയിലെ തങ്ങളുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കാനും ‘അൽ വാഹ’ ആരംഭിച്ച് ട്രാവൽ റീട്ടെയിൽ രംഗത്തെ മുൻനിര ദേശീയ കമ്പനിയാകാനാണ് പിഐഎഫ് ലക്ഷ്യമിടുന്നതെന്ന് പിഐഎഫിലെ മെന ഇൻവെസ്റ്റ്‌മെന്റിലെ കൺസ്യൂമർ ഗുഡ്‌സ് ആൻഡ് റീട്ടെയിൽ മേധാവി മജീദ് അൽ അസാഫ് പറഞ്ഞു.