ഊബറുമായി ചേർന്ന് കൂടുതൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാൻ ദുബായ്

Mail This Article
ദുബായ് ∙ ഊബറുമായി ചേർന്ന് കൂടുതൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാൻ ആർടിഎ. വരും വർഷങ്ങൾ ഡ്രൈവറില്ലാ ടാക്സികളുടേതാകുമെന്ന് കൂടുതൽ ഉറപ്പിക്കുകയാണ് ആർടിഎ. ഊബർ ടെക്നോളജീസ്, വീറൈഡ്, ചൈന ബൈഡുവിന്റെ അപ്പോളോ ഗോ എന്നീ സ്വയം നിയന്ത്രിത വാഹനങ്ങളാണ് ദുബായ് നിരത്തിലിറക്കുന്നത്.
2030 ആകുമ്പോഴേക്കും ദുബായിലെ ടാക്സികളിൽ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാകുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. സ്വയം നിയന്ത്രിത വാഹനങ്ങളുടെ വിപണി വിപുലീകരിക്കാൻ ദുബായിയെ തിരഞ്ഞെടുത്തത്, ഓട്ടണമസ് വാഹനങ്ങൾക്ക് ദുബായ് നൽകുന്ന പ്രോൽസാഹത്തിന് തെളിവാണെന്ന് മാത്തർ അൽ തായർ പറഞ്ഞു. ഡ്രൈവറില്ലാ ടാക്സികൾ വരുന്നതോടെ പൊതുഗതാഗത മേഖല കൂടുതൽ കരുത്താർജിക്കും. വിവിധ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ സംയോജിക്കുന്നതോടെ യാത്രാ വേഗം വർധിക്കും.
പുറപ്പെടുന്ന സ്ഥലത്ത് നിന്നു പൊതുഗതാഗത കേന്ദ്രത്തിലേക്കുള്ള യാത്ര സംയോജിത സംവിധാനം വഴി ഒരു മാല പോലെ കോർത്ത് എടുക്കാനാകും. എവിടെയും യാത്ര മുടങ്ങി കാത്തുനിൽക്കേണ്ട സാഹചര്യം ഉണ്ടാകില്ല. ഡ്രൈവറില്ലാ വാഹനങ്ങൾ വരുന്നതോടെ അപകടങ്ങളും ഇല്ലാതാകും. 90% അപകടങ്ങളും മനുഷ്യരുടെ അശ്രദ്ധ വരുത്തി വയ്ക്കുന്നതാണ്. എന്നാൽ, ഓട്ടണമസ് വാഹനങ്ങളിൽ അപകട സാധ്യത പൂജ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവറില്ലാ പരീക്ഷണം തുടങ്ങാൻ ഊബർ
വീറൈഡ്, അപ്പോളോ ഗോ എന്നീ വാഹനങ്ങളിൽ ഓട്ടണമസ് ടാക്സികളുടെ പരീക്ഷണ ഓട്ടം ഈ വർഷം തന്നെ ഊബർ തുടങ്ങും. ആദ്യ ഘട്ടത്തിൽ ഡ്രൈവർ സീറ്റിൽ ആളുണ്ടാകും. വാഹനങ്ങൾ പൊതുഗതാഗതത്തിന് പൂർണ സുരക്ഷിതമെന്ന് ഉറപ്പാക്കുന്നതുവരെ ഈ പരീക്ഷണ ഓട്ടം തുടരും. അടുത്ത വർഷം ഡ്രൈവറില്ലാ ടാക്സികൾ നിരത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ഓട്ടം ആരംഭിക്കും. അപ്പോളോ ഗോ ഇതിനകം 15 കോടി കി.മീ. പരീക്ഷണ ഓട്ടം പൂർത്തിയാക്കി. ചൈനയിലെ തിരക്കേറിയ 10 നഗരങ്ങളിലാണ് അപ്പോളോ ഗോ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്.ഫെബ്രുവരി മുതൽ പൂർണതോതിൽ ചൈനയിൽ സർവീസ് ആരംഭിച്ചു. ഇതിനോടകം ഒരുകോടി ഡ്രൈവറില്ലാ യാത്രകൾ അപ്പോളോ ഗോ വാണിജ്യാടിസ്ഥാനത്തിൽ പൂർത്തിയാക്കി. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ ടാക്സി സംവിധാനമെന്ന പദവിയും അപ്പോളോ ഗോയ്ക്ക് ലഭിച്ചു. ഇതിന്റെ ആറാം തലമുറ വാഹനം ആർടി6 ആണ് ചൈനയിൽ ഏറ്റവും ജനപ്രീതി നേടിയിരിക്കുന്നത്.