ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ നാളെ ഇന്ത്യ സന്ദർശിക്കും

Mail This Article
ദുബായ് ∙ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നാളെ (8) ഇന്ത്യയിലെത്തും. അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമാണിത്. തന്ത്രപരമായ മേഖലകളിലെ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ കണ്ടെത്തുന്നതിനായി ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തും.
നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് ഹംദാന് ഉച്ചവിരുന്നൊരുക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. പര്യടനത്തിന്റെ രണ്ടാം ദിവസമായ 9ന് ഷെയ്ഖ് ഹംദാൻ മുംബൈ സന്ദർശിക്കും. ഇരു രാജ്യങ്ങളിലെയും പ്രമുഖ ബിസിനസുകാരുമായുള്ള ബിസിനസ് റൗണ്ട് ടേബിളിലും അദ്ദേഹം പങ്കെടുക്കും. വളർച്ച കാര്യക്ഷമമാക്കുന്നതിനും നവീകരണം വർധിപ്പിക്കുന്നതിനും സുപ്രധാന മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുമായി പ്രധാന രാജ്യാന്തര പങ്കാളികളുമായി തന്ത്രപരമായ സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതായിരിക്കും ഈ സന്ദർശനം.
സമീപ വർഷങ്ങളിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുകയുണ്ടായി. 2024 ൽ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഗുജറാത്തിൽ എത്തിയ യുഎഇ പ്രസിഡന്റിന് ഇന്ത്യയിൽ ഊഷ്മളമായ സ്വീകരണം ലഭിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 8 ന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി. സെപ്റ്റംബർ 9 ന് അദ്ദേഹം നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തു. മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹം രാജ്ഘട്ടും സന്ദർശിച്ചു.
യുഎഇയുമായുള്ള ഇന്ത്യയുടെ വാണിജ്യ, സാംസ്കാരിക, ജനങ്ങൾ തമ്മിലുള്ള കൈമാറ്റങ്ങളിൽ ദുബായ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യുഎഇയിൽ ഏറ്റവും കൂടുതലുള്ള വിദേശികളിൽ ഇന്ത്യക്കാരാണ് മുന്നിൽ. 2024 ൽ യുഎഇയിലെ ഇന്ത്യൻ ജനസംഖ്യ ഏകദേശം 4 ദശലക്ഷത്തിലെത്തി.