ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി; ഓസ്‌ട്രേലിയയുടെ വീസ വെട്ടിക്കുറയ്ക്കൽ ഫലപ്രദമെന്ന് റിപ്പോർട്ട്
Mail This Article
മെൽബൺ∙ വാർഷിക കുടിയേറ്റം പകുതിയായി വെട്ടിക്കുറയ്ക്കാനുള്ള ഓസ്‌ട്രേലിയയുടെ നീക്കം ഫലം കാണുന്നു. ഈ നീക്കം സ്റ്റുഡന്‍റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ സാരമായി ബാധിച്ചു. പ്രധാനമന്ത്രി ആന്‍റണി അൽബാനീസിന്‍റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ സർക്കാർ ഉയർന്ന ഐഇഎൽടിഎസ് സ്‌കോറുകളും വർധിച്ച സാമ്പത്തിക ആവശ്യങ്ങളും ഉൾപ്പെടെ വീസ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. കർശനമായ മാനദണ്ഡങ്ങൾ ചില രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വീസ നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നു. ഇതോടെ 2023 മുതൽ രാജ്യത്ത് രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം കുറയുന്നതായിട്ടാണ് റിപ്പോർട്ടുകൾ. 2022 ഡിസംബറിനും 2023 ഡിസംബറിനുമിടയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് അനുവദിച്ച വീസകൾ 48% കുറഞ്ഞുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. നേപ്പാളിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് അനുവദിച്ച വീസകൾ യഥാക്രമം 53 ശതമാനവും 55 ശതമാനവും കുറഞ്ഞതായി ഏറ്റവും പുതിയ ഓസ്‌ട്രേലിയൻ ഹോം അഫയേഴ്‌സ് ഡാറ്റ ഉദ്ധരിച്ച് ദി ഗാർഡിയൻ വ്യക്തമാക്കുന്നു.
വീസ നിഷേധിക്കുന്നത് ഇന്ത്യൻ വിദ്യാർഥികൾക്ക് ആശങ്കയുണ്ടാക്കുന്നതിന് കാരണം 'ഓസ്‌ട്രേലിയയിലെ രാജ്യാന്തര വിദ്യാർഥി സമൂഹത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉറവിട രാജ്യം ഇന്ത്യയായത് കൊണ്ടാണ് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. 2023 ജനുവരി-സെപ്റ്റംബർ കാലയളവിൽ 1.22 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് ഓസ്‌ട്രേലിയയിൽ പഠിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അപൂർണ്ണമായ അപേക്ഷകളും വ്യാജ ഡോക്യുമെന്‍റേഷനും വർധിച്ചതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇത് ഉയർന്ന വീസ നിരസിക്കൽ നിരക്കുകൾക്കും ദൈർഘ്യമേറിയ പ്രോസസ്സിങ് സമയത്തിനും കാരണമാകുന്നു. കഠിനമായ വീസ വ്യവസ്ഥകൾ ഓസ്‌ട്രേലിയൻ സ്ഥാപനങ്ങളെ അവരുടെ നയങ്ങൾ മാറ്റാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലേക്ക് ജോലി ചെയ്യാനും കുടിയേറാനും പഠന വീസ ഉപയോഗിക്കുന്ന, ഗൗരവതരമല്ലാത്ത രാജ്യാന്തര വിദ്യാർഥികളെ നിയന്ത്രിക്കുന്നതിനാണ് വീസ നിരസിക്കുന്നത് എന്നാണ് സർക്കാർ പറയുന്നത്.