കളികൂട്ടുകാരന്‍റെ വിയോഗത്തിൽ നടുങ്ങി ജസ്റ്റിൻ ട്രൂഡോ; ‘മാത്യു പെറി നിങ്ങൾ നൽകിയ സന്തോഷം ഒരിക്കലും മാഞ്ഞുപോകില്ല’
Mail This Article
ടൊറന്റോ∙ കളികൂട്ടുകാരന്‍റെ പെട്ടെന്നുള്ള വിയോഗത്തിൽ നടുക്കം രേഖപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സുഹൃത്തും ഹോളിവുഡ് താരവുമായ മാത്യു പെറിയുടെ വിയോഗത്തിൽ ട്രൂഡോ നടുക്കം രേഖപ്പെടുത്തിയത്. 'മാത്യു പെറിയുടെ വേർപാട് ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. സ്‌കൂൾമുറ്റത്ത് ഞങ്ങൾ ഒരുമിച്ച് കളിച്ച് നടന്ന കാലം ഞാൻ ഒരിക്കലും മറക്കില്ല, ലോകമെമ്പാടുമുള്ള ആളുകൾക്ക് പെറി നൽകിയ സന്തോഷം ഒരിക്കലും മാഞ്ഞുപോകില്ല. എല്ലാ ചിരികൾക്കും നന്ദി, മാത്യു. നിങ്ങൾ സ്നേഹിക്കപ്പെട്ടു - താങ്കളെ മിസ് ചെയ്യും,' ട്രൂഡോ എക്സിൽ എഴുതി.
മുൻ കനേഡിയൻ പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള നടൻ ജോൺ ബെന്നറ്റ് പെറിയുടെയും സൂസാൻ മേരി ലാങ്‌ഫോർഡിന്റെയും മകനായി 1969 ഓഗസ്റ്റ് 19 നാണ് മാത്യു പെറി ജനിച്ചത്. മാത്യുവിന്റെ ആദ്യ ജന്മദിനത്തിന് മുമ്പ് മാതാപിതാക്കൾ വിവാഹമോചനം നേടി. പിയറി ട്രൂഡോയുടെ മകനായ ജസ്റ്റിൻ ട്രൂഡോയും മാത്യു പെറിയും ഒരേ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
ഹോളിവുഡ് സീരിസ് ‘ഫ്രണ്ട്’സിലെ ചാൻഡ്ലർ ബിങ്ങ് കഥാപാത്രത്തിലൂടെയാണ് നടൻ മാത്യു പെറി ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ലൊസാഞ്ചലസിലെ വസതയിലെ ബാത്ത് ടബിൽ മാത്യു പെറിയെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. പെറിയുടെ സഹായിയാണു അദ്ദേഹത്തെ ബോധരഹിതനായി കണ്ടെത്തിയത് തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 1994 മുതൽ 2004 വരെയുള്ള കാലത്ത് ഫ്രണ്ട്സിന്റെ 10 സീസണുകളാണ് പുറത്തുവന്നത്. ഫ്രണ്ട്സിന് പുറമേ ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്‌സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.