യുഎസിൽ മക്കളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ മെത്തയ്ക്ക് തീകൊളുത്തി, വീട് കത്തിച്ച് അധ്യാപിക
Mail This Article
മിസോറി∙ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ കോളേജ് അധ്യാപികയാണ് ഉത്തരവാദിയാണെന്ന് പൊലീസ് കണ്ടെത്തി. അധ്യാപികയും മക്കളുമാണ് തീപിടിച്ച് മരിച്ചത്. മക്കളെ കൊന്ന് ജീവനൊടുക്കുന്നതിനായിട്ടാണ് ബെർനാഡിൻ ബേർഡി പ്രൂസ്‌നർ (39) മനഃപൂർവം ഒരു മെത്തയ്ക്ക് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇരട്ടകളായ എല്ലി, ഐവി (9), ജാക്‌സൺ (6), മില്ലി (2) എന്നിവരാണ് ബെർനാഡിന് പുറമെ മരിച്ചത്.
സെന്‍റ് ലൂയിസ് കൗണ്ടി പൊലീസ് അധ്യാപികയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഇതിലെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. 2013-ൽ 'മിസോറി ടീച്ചർ ഓഫ് ദ ഇയർ' അവാർഡ് നേടിയ കോളേജ് പ്രഫസറാണ് ബെർനാഡിൻ. മുൻ ഭർത്താവുമായി 2017 ൽ വിവാഹമോചനം നേടി. ബെർനാഡിൻ മക്കളുടെ കസ്റ്റഡി മുൻ ഭർത്താവുമായി കഴിഞ്ഞ വർഷം വരെ പങ്കിട്ടിരുന്നു. കുട്ടികളുടെ കസ്റ്റഡി സ്വന്തമാക്കുന്നതിനുള്ള നിയമപോരാട്ടം നടന്ന് വരികയായിരുന്നു.
കുട്ടികളെ കൊലപ്പെടുത്തി ബെർനാഡിൻ ജീവനൊടുക്കിയെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അധ്യാപികയുടെ അഭിഭാഷകൻ നഥാൻ കോഹൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച കേസ് നമ്മൾ ജയിക്കുമെന്നും കുട്ടികളുടെ കസ്റ്റഡി ബെർനാഡിന് തന്നെ ലഭിക്കുമെന്ന് താൻ കക്ഷിയോട് പറഞ്ഞിരുന്നതായും അഭിഭാഷകൻ അനുസ്മരിച്ചു.