ADVERTISEMENT

ഹൂസ്റ്റണ്‍ ∙ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കും എന്നുള്ളത്. വെറും ഒറ്റ ദിവസം കൊണ്ട് താന്‍ യുദ്ധം അവസാനിപ്പിക്കും എന്നാണ് ട്രംപ് നല്‍കിയ വാഗ്ദാനം. തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഇതിനുള്ള സാധ്യതകള്‍ തയാറാക്കും എന്നാണ് സൂചനകള്‍.  ഡോണള്‍ഡ് ട്രംപിന്റെ  സമാധാന പദ്ധതിയില്‍ ബ്രിട്ടിഷ്, യൂറോപ്യന്‍ സൈനികര്‍ കൂടി ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

2025 ജനുവരിയില്‍ അധികാരമേറ്റെടുക്കുന്നതിന് മുമ്പ് തന്നെ താന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്ന് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അദ്ദേഹത്തിന്റെ ക്യാംപിലെ മൂന്ന് ഉദ്യോഗസ്ഥര്‍ യുക്രെയ്ന്‍ സമാധാന പദ്ധതിക്ക് രൂപരേഖ തയാറാക്കിയതായി ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഡോണള്‍ഡ് ട്രംപിന്റെ തന്ത്രപരമായ പദ്ധതി, മോസ്‌കോയുടെയും കീവിന്റെയും സൈനികര്‍ക്കിടയില്‍ 800 മൈല്‍ ബഫര്‍ സോണ്‍ വിഭാവനം ചെയ്യുന്നു എന്നാണ് സൂചന.

ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം ട്രംപിന്റെ സമാധാന പദ്ധതിക്ക് 20 വര്‍ഷത്തേക്ക് നാറ്റോയുടെ അഭിലാഷം മാറ്റിവയ്ക്കാന്‍ കീവിനോട് ആവശ്യപ്പെടും. പ്രത്യുപകാരമായി, റഷ്യയെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കുന്നതിന് അമേരിക്ക യുക്രെയ്‌നിന്റെ ആയുധശേഖരം നിറയ്ക്കും.

ഇത് കൂടാതെ, അമേരിക്ക പരിശീലനം നടത്തുകയും മറ്റ് പിന്തുണ നല്‍കുകയും ചെയ്യും. എന്നാല്‍ ബഫര്‍ സോണില്‍ പട്രോളിങ് നടത്തുന്നതിനും നടപ്പിലാക്കുന്നതിനും സൈനികര്‍ക്ക് സംഭാവന നല്‍കില്ല. അതിനുള്ള സാമ്പത്തിക സഹായവും നല്‍കില്ല. 'യുക്രെയ്‌നിലെ സമാധാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ അമേരിക്കന്‍ പുരുഷന്മാരെയും സ്ത്രീകളെയും അയയ്ക്കുന്നില്ല. ഞങ്ങള്‍ അതിനായി പണം നല്‍കുന്നില്ല. പോളണ്ടുകാരെയും ജര്‍മനികളെയും ബ്രിട്ടിഷുകാരെയും ഫ്രഞ്ചുകാരെയും അത് ചെയ്യാന്‍ പ്രേരിപ്പിക്കും.'- ട്രംപ് ക്യാംപ് അംഗം വാള്‍സ്ട്രീറ്റിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും അഭിനന്ദനം അറിയിച്ചിരുന്നു. പുട്ടിന്‍ റിപ്പബ്ലിക്കന് ആശംസകള്‍ നേര്‍ന്ന്, അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെന്‍സില്‍വേനിയയില്‍ നടന്ന വധശ്രമത്തിനിടെ ട്രംപ് സംയമനം പാലിച്ച രീതി തന്നെ ആകര്‍ഷിച്ചതായും റഷ്യന്‍ നേതാവ് പറഞ്ഞു.

'യുക്രെയ്‌നിനെതിരായ റഷ്യന്‍ ആക്രമണം' അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഇരു നേതാക്കളും ആഴത്തില്‍ ചര്‍ച്ച ചെയ്തതായി യുക്രെയ്ന്‍ പ്രസിഡന്റ് അനുസ്മരിച്ചു. ട്രംപിന്റെ 'സമാധാനം ശക്തിയിലൂടെ' എന്ന സമീപനത്തോടുള്ള പ്രതിബദ്ധതയെ അഭിനന്ദിച്ച സെലെന്‍സ്‌കി, ഇതാണ് യുക്രെയ്നില്‍ സമാധാനം കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുന്നതെന്നും പറഞ്ഞു.

English Summary:

What's Donald Trump's master plan to end Russia-Ukraine war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com