റിസ്ക് അധികമുള്ള കോവിഡ് രോഗികളില്‍ മോള്‍നുപിരവിര്‍ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന
Mail This Article
ആശുപത്രി വാസത്തിന് സാധ്യത കൂടിയ കോവിഡ് രോഗികളില്‍ ആന്‍റിവൈറല്‍ മരുന്നായ മോള്‍നുപിരവിര്‍ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന. ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തി കൊണ്ട് ലോകാരോഗ്യ സംഘടന കോവിഡ് മരുന്നുകളെ സംബന്ധിച്ച തങ്ങളുടെ മാര്‍ഗരേഖ പുതുക്കി.
വ്യവസ്ഥകള്‍ക്ക് വിധേയമാണ് മോള്‍നുപിരവിര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം അറിയിച്ചു. വാക്സീന്‍ എടുക്കാത്തവര്‍, പ്രായമായവര്‍, ദുര്‍ബലമായ പ്രതിരോധ ശേഷിയുള്ളവര്‍, മാറാ രോഗികള്‍ തുടങ്ങിയവരാണ് ഉയര്‍ന്ന റിസ്കുള്ള വിഭാഗത്തിലെ കോവിഡ് രോഗികളായി കണക്കാക്കപ്പെടുന്നത്. അതേ സമയം യുവാക്കള്‍ക്കും കുട്ടികള്‍ക്കും ആരോഗ്യവാന്മാരായ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഈ മരുന്ന് കൊടുക്കുന്നത് സുരക്ഷിതമാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഇന്ത്യയിലെ മരുന്ന് നിയന്ത്രണ അതോറിറ്റികള്‍ മോള്‍നുപിരവിറിന് നിയന്ത്രിതമായ തോതില്‍ അടിയന്തര ഉപയോഗ അനുമതി ഡിസംബറില്‍ നല്‍കിയിരുന്നെങ്കിലും കോവിഡിനുള്ള ചികിത്സാ പ്രോട്ടോകോളില്‍ ഇത് ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതേയുള്ളൂ. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശം ഇല്ലാതിരുന്നതായിരുന്നു ഒരു പ്രധാന തടസ്സം.
അണുബാധയുടെ ആദ്യ ഘട്ടത്തില്‍ നല്‍കിയാല്‍ വൈറസ് ശരീരത്തില്‍ പെരുകുന്നത് തടയാന്‍ മോള്‍നുപിറവറിന് സാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 4796 രോഗികളെ ഉള്‍പ്പെടുത്തി ഏറ്റവുമൊടുവില്‍ നടത്തിയ ആറ് പരീക്ഷണങ്ങളില്‍ മോള്‍നുപിറവിര്‍ ആശുപത്രി പ്രവേശനം 1000 രോഗികള്‍ക്ക് 43 എന്നതോതില്‍ കുറയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ മാറുന്നതിനുള്ള സമയവും ശരാശരി 3.4 ദിവസം കുറയ്ക്കാന്‍ ഈ മരുന്നിനായി. എന്നാല്‍ മരണനിരക്കിന്‍റെ കാര്യത്തില്‍ 1000 രോഗികളില്‍ ആറ് മരണങ്ങള്‍ വീതമേ കുറയ്ക്കാന്‍ മരുന്നിന് സാധിക്കുന്നുള്ളൂ എന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.
Content Summary : Molnupiravir can be used for high-risk Covid patients