ADVERTISEMENT

ദിവസവും 4000 പേര്‍ക്കെന്ന നിലയില്‍ രാജ്യത്ത് 15 ലക്ഷം പേര്‍ക്ക് പക്ഷാഘാതം വരുന്നുണ്ട്. മലേറിയ, ക്ഷയം, എയ്ഡ്സ് എന്നിവ മൂലമുണ്ടാകുന്ന മരണങ്ങളേക്കാള്‍ അധികമാണ് പക്ഷാഘാതം മൂലമുണ്ടാകുന്ന മരണങ്ങള്‍. രാജ്യത്തെ ആകെ മരണകാരണത്തിന്‍റെ എട്ടു ശതമാനം വരുമിത്. രാജ്യത്ത് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളില്‍ ഭൂരിഭാഗവും പക്ഷാഘാതം (Stroke) വന്നവരാണ്, ഹൃദയാഘാതത്തേക്കാള്‍ കൂടുതല്‍. രാജ്യത്തെ ഏറ്റവും ഭയാനകവും വിസ്ഫോടകവുമായ ആരോഗ്യ അത്യാഹിതമായി മാറിയിരിക്കുകയാണ് പക്ഷാഘാതം. നിശബ്ദപകര്‍ച്ചാവ്യാധി എന്നതിലുപരി ഇതുണ്ടാക്കുന്ന സാമൂഹ്യ-സാമ്പത്തിക ആഘാതം വലുതാണ്. ഒക്ടോബര്‍ 29 ന് ലോക പക്ഷാഘാത ദിനമായി ആചരിക്കുന്ന വേളയില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. 

ഇതിലും ഭയാനകമായ വസ്തുതയെന്തെന്നാല്‍ പക്ഷാഘാതം വന്ന രോഗികളില്‍ 15 ശതമാനത്തോളം 40 വയസ്സിന് താഴെയുള്ളവരാണെന്നതാണ്. ഈ നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. പ്രമേഹം, രക്താതിസമ്മർദം, അമിതവണ്ണം, അച്ചടക്കമില്ലാത്ത ജീവിതശൈലി, പുകവലി, മാനസികസമ്മര്‍ദ്ദം എന്നിവയെല്ലാം യുവാക്കളെ ഇതിന്‍റെ ഇരകളാക്കുന്നു. കഴിഞ്ഞ ഒരു ദശകമായി പക്ഷാഘാതം സംഭവിച്ച രോഗികളുടെ എണ്ണത്തില്‍ 100 ശതമാനമാണ് വര്‍ധനയുണ്ടായിരിക്കുന്നത്. ഏറ്റവും മികച്ച ചികിത്സ ലഭിച്ചിട്ടും 25 ശതമാനം രോഗികളും ശേഷകാലം വികലാംഗരായി കഴിയേണ്ടി വരുന്നു. നല്ല ചികിത്സ ലഭിച്ചില്ലെങ്കില്‍ ഈ നിരക്ക് 50 ശതമാനമാകും. ഏതൊരു അസുഖത്തെയും ചികിത്സിക്കുന്ന ലാഘവത്തില്‍ പക്ഷാഘാതത്തെ സമീപിക്കുന്നത് ശരിയല്ല. ആശുപത്രിവാസം, മരുന്നുകള്‍, പുനരധിവാസം എന്നിവയ്ക്കൊക്കെ ഭീമമായ ചെലവുകള്‍ ആവശ്യമായി വരും. അനാരോഗ്യം നിമിത്തം സമൂഹത്തിന്‍റെ ഉത്പാദനക്ഷമത ഇടിയുകയും അത് ജനസംഖ്യാപരവും സാമ്പത്തികവുമായ വളര്‍ച്ചയെ മുരടിപ്പിക്കുകയും ചെയ്യും.

പക്ഷാഘാതം വന്ന ഭൂരിഭാഗം രോഗികള്‍ക്കും യഥാവിധിയുള്ള ചികിത്സ ലഭിക്കുന്നതിലെ അന്തരം രാജ്യത്ത് വളരെ കൂടുതലാണ്. സമീപകാലത്തായി രണ്ട് നിര്‍ണായക മാറ്റങ്ങള്‍ പക്ഷാഘാത ചികിത്സയില്‍ വന്നിട്ടുണ്ട്. തലച്ചോറില്‍ കട്ടപിടിച്ച വസ്തുവിനെ അലിയിപ്പിച്ച് കളയുന്ന മരുന്ന് (ഇന്‍ട്രാവീനസ് ത്രോംബോലിസിസ്) കഴിഞ്ഞ രണ്ട് ദശകങ്ങളായി ഉപയോഗത്തിലുണ്ട്. ഇതു കൂടാതെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്ന കാത്ലാബിന്‍റെ സഹായത്തോടെ ഇന്‍റര്‍വെന്‍ഷണല്‍ ന്യൂറോളജിസ്റ്റ് ചെയ്യുന്ന മെക്കാനിക്കല്‍ ത്രോംബെക്ടമിയും പ്രചുരപ്രചാരത്തിലുണ്ട്. ഇത് പക്ഷാഘാത രോഗികളിലെ മരണവും ശയ്യാവലംബിത്വവും 50 ശതമാനത്തോളം കുറയ്ക്കുന്നു.

മേല്‍പ്പറഞ്ഞ രണ്ട് ചികിത്സകളും പക്ഷാഘാതം ആരംഭിച്ച് ഗോള്‍ഡന്‍ അവര്‍ (ത്രോംബോലിസിന് നാലര മണിക്കൂറും, ത്രോംബോക്ടെമിയ്ക്ക് ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയും) എന്ന സമയപരിധിക്കുള്ളില്‍ ചെയ്യേണ്ടതാണ്. പക്ഷാഘാതം ഉണ്ടാകുന്ന സമയത്ത് ഓരോ മിനിറ്റിലും തലച്ചോറിലെ ദശലക്ഷക്കണക്കിന് കോശങ്ങള്‍ നശിക്കുന്നുണ്ട്. ഓരോ നിമിഷത്തെ താമസവും പൂര്‍ണാരോഗ്യത്തിലേക്ക് തിരിച്ചെത്താനുള്ള രോഗിയുടെ സാധ്യതയെ കുറയ്ക്കുകയാണ്. ഫിസിയോതെറാപ്പിയിലൂടെയും പുനരധിവാസ ചികിത്സയിലൂടെയും ദീര്‍ഘകാലം കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനുള്ള മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ത്രോംബോക്ടമി ചികിത്സ ലഭിക്കുന്നവരുടെ എണ്ണം നാല് മടങ്ങ് കൂടിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് അഞ്ച് ശതമാനത്തില്‍ താഴെയാണ്. പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ മനസിലാക്കുന്നതിലെ അവബോധമില്ലായ്മ, ഗോള്‍ഡന്‍ അവറില്‍ തന്നെ ആശുപത്രിയിലെത്തിക്കാനുള്ള താമസം, അടിയന്തര ചികിത്സയുടെ അഭാവം എന്നിവയും തിരിച്ചടിയാകാറുണ്ട്.

മുഖം കോടല്‍, സംഭാഷണത്തില്‍ അവ്യക്തത, കൈകാലുകള്‍ക്ക് ബലക്ഷയം, വേച്ചുപോകല്‍ എന്നിവയാണ് പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങള്‍. എന്നാല്‍ ഇവ സാധാരണ ക്ഷീണത്തിന്‍റെ ഭാഗമായി കരുതുന്നവരാണേറെയും. മറ്റ് ചിലര്‍ രക്താതിസമ്മര്‍ദ്ദം, പ്രമേഹം എന്നിവ കാരണമാണെന്ന് കരുതുന്നു. മിക്ക അവസരങ്ങളിലും സമീപത്തുള്ള ഏതെങ്കിലും ഡോക്ടറെയോ അല്ലെങ്കില്‍ ചെറിയ ആശുപത്രിയിലേക്കോ ആണ് രോഗിയെ കൊണ്ടുപോകാറുള്ളത്. അവിടെയാണെങ്കില്‍ ഈ രോഗം കൈകാര്യം ചെയ്യാനുള്ള ആധുനിക ഉപകരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

ട്രാന്‍സിയന്‍ ഈസ്മിക് അറ്റാക്സ്(ടിഐഎ) എന്നറിയപ്പെടുന്ന ചെറു പക്ഷാഘാതങ്ങളുടെ പ്രാധാന്യം രോഗികളും ആദ്യം ചികിത്സിക്കുന്ന ഡോക്ടര്‍മാരും തിരിച്ചറിയാതെ പോകുന്നതും സാധാരണമാണ്. ചെറിയ പക്ഷാഘാതം ഉണ്ടാകുകയും സെക്കന്‍റുകള്‍ക്കുള്ളില്‍ രോഗി അതില്‍നിന്ന് മുക്തനാകുകയും ചെയ്യും. ഹൃദയാഘാതത്തിന് മുമ്പ് രോഗികള്‍ക്ക് പലതവണ ഉണ്ടാകുന്ന ചെറിയ നെഞ്ചുവേദന പോലെയാണിത്. അതിനാല്‍ ടിഐഎ തിരിച്ചറിയുകയും ന്യൂറോളജിസ്റ്റിന്‍റെ സേവനമുള്ള ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്താല്‍ പക്ഷാഘാതം മൂലമുള്ള അത്യാഹിതം ഒഴിവാക്കാനാകും. പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, രക്തം അലിയിപ്പിക്കുന്ന മരുന്നുകള്‍, ചില കേസുകളില്‍ തലച്ചോറിലെ രക്തധമനികളില്‍ ചെയ്യുന്ന ആന്‍ജിയോപ്ലാസ്റ്റി എന്നിവയും ഫലപ്രദമാണ്.

അതിനാല്‍ തന്നെ പക്ഷാഘാതത്തെക്കുറിച്ച് സമൂഹത്തില്‍ വ്യാപകമായ അവബോധം സൃഷ്ടിക്കണമെന്ന് ഇന്ത്യന്‍ സ്ട്രോക് അസോസിയേഷന്‍ ആഹ്വാനം ചെയ്യുകയാണ്. പക്ഷാഘാതം തിരിച്ചറിഞ്ഞാല്‍, സിടി-എംആര്‍ഐ, കാത്ത് ലാബ്, ന്യൂറോളജിസ്റ്റ് എന്നീ സേവനങ്ങളുള്ള ആശുപത്രിയില്‍ തന്നെ രോഗിയെ എത്തിക്കാന്‍ ശ്രദ്ധിക്കണം. സെക്കന്‍റുകള്‍ക്കുള്ളില്‍ ഭേദമാകുന്ന പക്ഷാഘാത ലക്ഷണങ്ങളെ അവഗണിക്കരുത്. ഉടനെ തന്നെ ഡോക്ടറുടെ സേവനം തേടണം. പക്ഷാഘാതത്തിന് ശേഷം ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, പുനരധിവാസ ചികിത്സകള്‍ എന്നിവ ശ്രദ്ധാപൂര്‍വം ചെയ്യണം. ഇത് ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. രക്താതിസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയെ ഒരു കാരണവശാലും അവഗണിക്കരുത്. പുകവലി, കുത്തഴിഞ്ഞ ജീവിതശൈലി എന്നിവ ഒഴിവാക്കുന്നത് പക്ഷാഘാതത്തെ തടയാന്‍ വലിയൊരളവ് വരെ സഹായിക്കും.

ഇതിനോടൊപ്പം തന്നെ നഗര-ഗ്രാമീണ മേഖലകളിലെന്ന തരംതിരിവ് നടത്താതെ സാര്‍വത്രികമായി പക്ഷാഘാത ചികിത്സ ജനവിഭാഗങ്ങളിലേക്ക് എത്തിച്ചാല്‍ മാത്രമേ ഈ ആരോഗ്യ അത്യാഹിതത്തെ ഫലപ്രദമായി നേരിടാന്‍ സാധിക്കൂ.

103961025
ഡോ. ആനന്ദ് അലുര്‍ക്കര്‍,

(ലേഖകൻ ഇന്ത്യന്‍ സ്ട്രോക്ക് അസോസിയേഷന്‍ പ്രസിഡന്റാണ്. അഭിപ്രായം വ്യക്തിപരം)

English Summary:

Dr. Anand Alurkar, President of the Indian Stroke Association (ISA), discusses the significant effectiveness of Intravenous Thrombolysis in the treatment of strokes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com