രക്തസമ്മർദ്ദം മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും വ്യാപകം; വില്ലനായി അമിതവണ്ണം
Mail This Article
ഹൃദയസ്തംഭനം, ഹൃദ്രോഗം എന്നിവയിലേക്കെല്ലാം വാതില്‍ തുറക്കുന്ന ഒരു ശാരീരികാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.പലപ്പോഴും മുതിര്‍ന്നവരുമായി ബന്ധപ്പെട്ടാണ് നാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യതകളുണ്ടെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു.
പ്രായമായവരെ പോലെ തന്നെ അമിതവണ്ണക്കാരായ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകാമെന്ന് സ്വീഡനില്‍ നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു.
1948നും 1968നും ഇടയില്‍ ജനിച്ച 1683 പേരുടെ ഡേറ്റ പഠനത്തിനായി ഗവേഷകര്‍ വിലയിരുത്തി. ഇവരുടെ കൗമാരകാലം മുതലുള്ള ബോഡി മാസ് ഇന്‍ഡെക്‌സും (ബിഎംഐ) മധ്യവയസ്സുകളിലെ സിസ്‌റ്റോളിക്, ഡയസ്‌റ്റോളിക് രക്തസമ്മര്‍ദ്ദങ്ങളും തമ്മിലുള്ള ബന്ധമാണ് പ്രധാനമായും നിരീക്ഷിച്ചത്.
ഇതില്‍ നിന്ന് കുട്ടിക്കാലത്തെ ശരാശരി ബിഎംഐയില്‍ ഉണ്ടാകുന്ന ഒരു യൂണിറ്റ് വര്‍ധന പുരുഷന്മാരുടെ മധ്യവയസ്സിലെ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തില്‍ 1.30 എംഎംഎച്ച്ജിയുടെയും ഡയസ്‌റ്റോളിക് രക്തസമ്മര്‍ദ്ദത്തില്‍ 0.75 എംഎംഎച്ച്ജിയുടെയും വര്‍ധനയുണ്ടാക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. അതേ പോലെ യൗവനാരംഭത്തിലെ ശരാശരി ബിഎംഐയില്‍ ഉണ്ടാകുന്ന ഒരു യൂണിറ്റ് വര്‍ധന പുരുഷന്മാരുടെ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തില്‍ 1.03 എംഎംഎച്ച്ജി വര്‍ധനയും ഡയസ്‌റ്റോളിക് രക്തസമ്മര്‍ദ്ദത്തില്‍ 0.53 എംഎംഎച്ച്ജി വര്‍ധനയും ഉണ്ടാക്കുന്നതായും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീകളില്‍ ഇത് യഥാക്രമം 0.96 എംഎംഎച്ച്ജിയുടെയും 0.77 എംഎംഎച്ച്ജിയുടെയും വര്‍ധനയാണ് ഉണ്ടാക്കുന്നത്. അതേ സമയം കുട്ടിക്കാലത്തെ ബിഎംഐ വര്‍ധന സ്ത്രീകളുടെ മധ്യവയസ്സുകളിലെ രക്തസമ്മര്‍ധ വര്‍ധനയുമായി ബന്ധപ്പെട്ടിരിക്കുന്നില്ല.
കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കേണ്ടതിന്റെ പ്രധാന്യം പഠനം അടിവരയിടുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ സ്വീഡന്‍ ഗോതംബര്‍ഗ് സര്‍വകലാശാലയിലെ ഡോ. ലിന ലില്‍ജ പറയുന്നു. മെയ് മാസത്തില്‍ ഇറ്റലിയിലെ വെനീസില്‍ നടക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബ്‌സിറ്റി സമ്മേളനത്തില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും.
കുടവയർ കുറയ്ക്കാൻ എളുപ്പവഴികൾ: വിഡിയോ