ഭക്ഷണത്തിൽ ആന്റിഓക്സിഡന്റുകൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത?
Mail This Article
നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ശരീരത്തിനാവശ്യമായ എല്ലാം പോഷകങ്ങളും അടങ്ങിയിരിക്കണം. പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമാണ് ആന്റിഓക്സിഡന്റുകൾ. പലരും കേട്ടിട്ടുണ്ടെങ്കിലും അവ എന്താണെന്നോ അവയുടെ പ്രാധാന്യം എന്താണെന്നോ മിക്കവർക്കും അറിഞ്ഞുകൂടാ. കാൻസർ ഉൾപ്പെടെ പലരോഗങ്ങളില്‍നിന്നും സംരക്ഷണം നൽകുന്ന പോഷകമാണ് ആന്റി ഓക്സിഡന്റുകൾ.
ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാവുന്ന ഒരു പ്രത്യേക ആറ്റത്തെ (കണിക) അല്ലെങ്കിൽ അവയുടെ കൂട്ടത്തിനെ ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്നു. ഇത് കൂടുതൽ അളവിൽ ഉണ്ടാവുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നു. ഫ്രീറാഡിക്കൽസിന്റെ പ്രത്യേകത അത് ഒരു ഇലക്ട്രോൺ നഷ്ടപ്പെട്ട കണികയാണ് എന്നുള്ളതാണ്. നഷ്ടപ്പെട്ട ഇലക്ട്രോൺ വീണ്ടെടുക്കാനായി മറ്റു പദാർഥങ്ങളുമായി യോജിച്ച് രാസപ്രവർത്തനം നടക്കുന്നു. കോശങ്ങളില്‍ ഇതു സംഭവിക്കുമ്പോൾ അവയ്ക്ക് നാശം സംഭവിക്കുന്നു. ശരീരത്തിലെ ഓക്സിജന്‍ കണികകളാണ് ഇങ്ങനെ ഫ്രീറാഡിക്കൽ ആയി കൂടുതലായി മാറുന്നത്. അവയെ ഓക്സിജൻ ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്നു.
ഇവയുടെ നശീകരണപ്രവർത്തനങ്ങളെ പ്രതിരോധിക്കുന്ന പോഷകങ്ങളാണ് ആന്റി ഓക്സിഡന്റുകൾ. ചില വൈറ്റമിനുകൾ (വൈറ്റമിൻഎ, സി, ഇ, ബീറ്റാ കരോട്ടിൻ), ചില ധാതുക്കൾ (സെലനിയം), ചില എൻസൈമുകൾ എന്നിവയൊക്കെ ആന്റി ഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. ചില സന്ദർഭങ്ങളിൽ ശരീരത്തിൽ കൂടുതലായി ഫ്രീറാഡിക്കൽസ് ഉണ്ടാവുന്നു. അമിതമായി സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത്, പുകവലി, മദ്യപാനം, പരിസരമലിനീകരണം, മാനസിക സമ്മർദം, ഭക്ഷണത്തിലെ മായം തുടങ്ങിയ സന്ദർഭങ്ങൾ ഉദാഹരണം. കൂടുതലായി ഉണ്ടാവുന്ന ഫ്രീറാഡിക്കൽസിനെ പ്രതിരോധിക്കാൻ കൂടുതൽ ആന്റി ഓക്സിഡന്റുകൾ ആവശ്യമായി വരുന്നു. ശരീരത്തിൽത്തന്നെ ചില ആന്റിഓക്സിഡന്റുകൾ നിർമിക്കുന്നുണ്ടെങ്കിലും കൂടുതലായി ഉണ്ടാവുന്നവയെ പ്രതിരോധിക്കാൻ തക്ക അളവിൽ അവ മതിയാകില്ല. അതുകൊണ്ട് ആന്റി ഓക്സിഡന്റുകൾ ഭക്ഷണത്തിലൂടെ ലഭ്യമാക്കണം
ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ള ഭക്ഷണസാധനങ്ങൾ
വൈറ്റമിൻ എ– പാൽ, മുട്ട, കരൾ, വെണ്ണ
ബീറ്റകരോട്ടിൻ– നിറമുള്ള പഴങ്ങളും, പച്ചക്കറികളും, കാരറ്റ്, മധുരക്കിഴങ്ങ്, ചീര, മത്തങ്ങ.
വൈറ്റമിൻ ബി6 – ഏത്തയ്ക്ക, തക്കാളി, ഉരുളക്കിഴങ്ങ്, തണ്ണിമത്തൻ, ധാന്യങ്ങൾ.
വൈറ്റമിൻ സി– ഓറഞ്ച്, നെല്ലിക്ക, മുന്തിരി, പപ്പായ
വൈറ്റമിൻ ഇ – സസ്യഎണ്ണകൾ (സൺഫ്ലവർ, ചോളം), ബദാം, വാൾനട്ട്, ഫ്ളാക്സ് സീഡ്, നിലക്കടല
ലൂട്ടിൻ – പച്ചിലക്കറികൾ
സെലീനിയം – തവിടോടു കൂടിയ ധാന്യങ്ങൾ, ഇറച്ചി
സിങ്ക് – കടൽമൽസ്യം
നാം സാധാരണ ഉപയോഗിക്കുന്ന മഞ്ഞൾ, ഗ്രീൻ ടീ, ഇലക്കറികൾ, മുളപ്പിച്ച ധാന്യങ്ങൾ, കുരുമുളക്, വെളുത്തുള്ളി, ഉള്ളി, പഴവർഗങ്ങൾ എന്നിവയിലെല്ലാം ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. പക്ഷേ മിക്കപ്പോഴും മേൽ സൂചിപ്പിച്ച ഭക്ഷണസാധനങ്ങൾക്ക് നമ്മുടെ മെനുവിൽ കാര്യമായ സ്ഥാനം ലഭിക്കാത്തതുകൊണ്ടാണ് അവയിൽ നിന്നു ലഭിക്കുന്ന ആന്റിഓക്സിഡന്റുകൾ കൂടുതൽ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഫ്രീ റാഡിക്കൽസിനെ മുഴുവനായി നശിപ്പിക്കുവാൻ തികയാതെ വരുന്നു. ഇത് രോഗങ്ങൾക്ക് കാരണമാവുന്നു. അതുകൊണ്ട് മേൽ സൂചിപ്പിച്ച ഭക്ഷണസാധനങ്ങൾ ധാരാളമായി ദിവസവും കഴിക്കുവാൻ ശ്രമിക്കുക; പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും തവിടുകളയാത്ത ധാന്യങ്ങളും നട്സും.
English Summary: Healthy foods high in antioxidants