ലോക്ഡൗൺ കാലത്ത് കഠിനമായ ഒരു പരിശ്രമത്തിലാണ് എം.കെ.സാനു
Mail This Article
40 വർഷമായി അടുക്കിപ്പെറുക്കി വയ്ക്കാതെ കിടക്കുന്ന പുസ്തകങ്ങൾ ക്രമീകരിക്കാനൊരു ശ്രമമാണ് ഈ ലോക്ഡൗണിൽ ഞാൻ നടത്തുന്നത്. എന്റെ ഭാര്യ പണ്ടു പറഞ്ഞതുപോലെ, ഈ ജീവിതകാലത്ത് അതു പൂർത്തിയാക്കാനാകില്ലെന്ന് അറിയാമെങ്കിലും. ചില പുസ്തകം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതു മണിക്കൂറുകൾ നീണ്ട പ്രയത്നമാണ്. അതു തലവേദനയിലാണ് അവസാനിക്കുക.
കാഴ്ചക്കുറവുള്ളതിനാൽ വായനയും എഴുത്തുമെല്ലാം കാര്യമായി നടക്കുന്നില്ല. നടക്കാനും പ്രയാസമുണ്ട്. അക്ഷരങ്ങൾ വലുതാക്കി കാണിക്കുന്ന ഗ്ലാസ് ഉപയോഗിച്ചു കുറച്ചു വായിക്കും. ദിവസം ഒരു പേജിൽ കൂടുതൽ എഴുതാനാകില്ല. പറഞ്ഞ് എഴുതിക്കാൻ ഇപ്പോൾ സഹായികളില്ല. എഴുതിത്തരാൻ ആർക്കും താൽപര്യമില്ല എന്നതാണു യാഥാർഥ്യം. ചില വിഷയങ്ങൾ സ്വയം എഴുതിയാലേ നന്നാകൂ. പറഞ്ഞെഴുതിക്കുമ്പോൾ ചിലപ്പോൾ പ്രസംഗ ശൈലിയാകും– രണ്ടും തമ്മിൽ നല്ല വ്യത്യാസമുണ്ട്.
ലോക്ഡൗണിലും പതിവു ചിട്ടകൾക്കൊന്നും വ്യത്യാസമില്ല. രാവിലെ 6നു മുൻപ് ഉണരും. ഉച്ചയ്ക്കു വിശ്രമമില്ല. ചിലപ്പോൾ കാൽ മണിക്കൂർ കിടക്കും. വൈകിട്ട് 4നു കടുപ്പത്തിലൊരു ചായ, ചെറിയ സ്നാക്സിനൊപ്പം. രാത്രി 10ന് ഉറക്കം. അതിനിടയിൽ വീടിനുള്ളിൽ മുറികളിലൂടെ പലതവണ നടക്കും. തയാറാക്കിവരുന്ന, കുമാരനാശാന്റെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരത്തിലേക്ക് അവതാരിക ബാക്കിയുണ്ടായിരുന്നു. ലോക്ഡൗണിൽ അത് എഴുതിത്തീർത്തു. കഴുത്തു വേദനയ്ക്കുള്ള ചികിത്സയുടെ ഭാഗമായി ഡോക്ടറുടെ നിർദേശപ്രകാരം അര മണിക്കൂർ വ്യായാമമുണ്ട്. പാചകം അറിയാത്തതിനാൽ ആ രംഗത്തു പരീക്ഷണമില്ല. കൃഷിയിൽ താൽപര്യമുണ്ടെങ്കിലും സ്ഥലമില്ലാത്തതിനാൽ അതും നടപ്പില്ല. ഇഷ്ടമുള്ളവരുമായി ഫോണിൽ ആശയ വിനിമയം തുടരുന്നു. ശിഷ്യരും അഭ്യുദയകാംക്ഷികളും മുടങ്ങാതെ വിളിക്കുന്നു, സംസാരിക്കുന്നു.
English Summary: M. K. Sanu about his lock down days