കുട്ടികളിലെ അപസ്മാരരോഗം ബുദ്ധിവികാസ പ്രശ്നങ്ങൾക്കു കാരണമാകുമോ?
Mail This Article
ചോദ്യം : എന്റെ മകൾ അപസ്മാരത്തിനു (Epilepsy) മരുന്നു കഴിച്ചിരുന്നു. രണ്ടു മൂന്നു വർഷം മരുന്നു കഴിച്ചതിനുശേഷം നിർത്തി ഇപ്പോൾ ഈ പ്രശ്നം ഇല്ല. എന്നാൽ കുട്ടി പഠനത്തിൽ പിന്നാക്കമാണ്. അപസ്മാരരോഗം ബുദ്ധിവികാസ പ്രശ്നങ്ങൾക്കു കാരണമാകുമോ?
ഉത്തരം : അപസ്മാരം, മസ്തിഷ്ക കോശങ്ങളിലെ ഇലക്ട്രിക് പൊട്ടൻഷ്യലിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ മൂലം ഉണ്ടാകുന്ന രോഗമാണ്. സാധാരണമല്ലാത്ത രീതിയിൽ ഇലക്ട്രിക്കൽ ഡിസ്ചാർജ് ഉണ്ടാകുമ്പോഴാണ് അപസ്മാരം ഉണ്ടാകുന്നത്. അപസ്മാരം ബുദ്ധി വളർച്ചാ പ്രശ്നങ്ങൾക്കു സാധാരണഗതിയിൽ കാരണമാകാറില്ല. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിക്കുറവ് തുടങ്ങിയവയൊക്കെ മസ്തിഷ്ക പ്രവർത്തനങ്ങളിലുള്ള തകരാറുകൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. അതുകൊണ്ടു തന്നെ ഇത്തരം അസുഖങ്ങൾ ഉള്ള കുട്ടികളിൽ അപസ്മാരം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അപസ്മാരം അനിയന്ത്രിതമായി തുടരുന്നത് മസ്തിഷ്ക കോശങ്ങളുെട പ്രവർത്തനം കൂടുതൽ തകരാറിലാക്കുന്നതിനു കാരണമാകുകയും ചെയ്യും.
അപസ്മാരം നിയന്ത്രിച്ചില്ലെങ്കിൽ അതു കുട്ടിയുടെ ദൈനംദിന ജീവിതത്തെയും പഠനത്തെയും ബാധിക്കും. സ്കൂളിൽ പോകുന്നത് കൂടെക്കൂടെ മുടങ്ങുമ്പോൾ അതും പഠനപ്രശ്നങ്ങൾക്കു കാരണമാകാനിടയുണ്ട്. അപസ്മാരത്തെക്കുറിച്ചു പല തെറ്റിദ്ധാരണകളും നമ്മുടെ സമൂഹത്തിലുണ്ട്. ഇതു മരുന്നുകൊണ്ടു പൂർണമായും ചികിത്സിച്ചു മാറ്റാൻ കഴിയുന്ന രോഗമാണ്. വളരെ അപൂർവമായി മാത്രമാണു നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ അപസ്മാരം ഉണ്ടാകുന്നത്. ഡോക്ടറുടെ നിർദേശം അനുസരിച്ച് കൃത്യമായ അളവിലും കൃത്യസമയത്തും മരുന്നുകൾ കഴിക്കുക എന്നത് അപസ്മാര രോഗം നിയന്ത്രിക്കുന്നതിന് ഏറ്റവും ആവശ്യമാണ്. കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് അപസ്മാരം ഉണ്ടാകുന്നത് എങ്ങനെയെന്നും മരുന്നുകൾ കൃത്യമായി കഴിക്കേണ്ടതിന്റെ പ്രാധാന്യം എന്തുകൊണ്ടെന്നും പറഞ്ഞു മനസ്സിലാക്കുക എന്നതും ചികിത്സ തുടരുന്നതിനു പ്രധാനമാണ്.
Content Summary : What to do if a child has epilepsy? - Dr. P. Krishankumar Explains