ADVERTISEMENT

ഇന്ത്യയില്‍ 80 ദശലക്ഷത്തിനടുത്ത് പ്രമേഹ രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. ഇത് 2045 ആകുമ്പോള്‍ 135 ദശലക്ഷമായി വളരുമെന്ന് ഇന്റര്‍നാഷനല്‍ ഡയബറ്റീസ് ഫെഡറേഷന്‍ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 40 ദശലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ഗ്ലൂക്കോസ് ടോളറന്‍സില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഇതവരെ ഭാവിയില്‍ പ്രമേഹ രോഗികളാക്കി മാറ്റാന്‍ സാധ്യതയേറെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

 

ഇന്ത്യയിലെ പ്രമേഹ ബാധിതരില്‍ 53.1 ശതമാനത്തിനും ഇതിനെ കുറിച്ച് അറിയില്ലെന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം. രോഗനിര്‍ണയം നടത്താതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് അനിയന്ത്രിതമായി ഉയരാനും ജീവന്‍തന്നെ അപകടത്തിലാക്കുന്ന സാഹചര്യങ്ങളിലേക്ക് രോഗി നീങ്ങാനും കാരണമാകും. ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം, അന്ധത, കാല്‍ മുറിച്ച് മാറ്റേണ്ടി വരല്‍ എന്നിങ്ങനെ പല പ്രശ്‌നങ്ങളാണ് പ്രമേഹ രോഗികളെ കാത്തിരിക്കുന്നത്. ഇതവരുടെ ജീവിതനിലവാരത്തെ ബാധിക്കുകയും ആരോഗ്യ ചെലവുകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. 

 

പ്രധാനമായും ഇനി പറയുന്ന പ്രശ്‌നങ്ങളാണ് പ്രമേഹ ബാധിതരില്‍ സാധാരണ ഉണ്ടാകുന്നത്. 

 

1. ഹൃദ്രോഗം

ഹൃദയത്തിന്റെ ആരോഗ്യത്തെ  അപകടപ്പെടുത്തുന്ന പ്രമേഹം രക്തധമനികളിലൂടെയുള്ള രക്തത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കിനെ  തകരാറിലാക്കും. ഹൃദയത്തിലേക്കുള്ള രക്തധമനികള്‍ക്കും നാഡീവ്യൂഹങ്ങള്‍ക്കും പ്രമേഹം കേട് വരുത്തും. പ്രമേഹത്തോടൊപ്പം ഉയര്‍ന്ന കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കൂടിയായാല്‍ ഹൃദയം അപകടാവസ്ഥയിലേക്ക് എത്തും. 

 

2. വൃക്കരോഗം

പ്രമേഹ രോഗികളില്‍ പൊതുവേ കണ്ടുവരുന്ന ഒന്നാണ് വൃക്കയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. ഇവയുടെ ലക്ഷണങ്ങള്‍ പലരും പലപ്പോഴും അവഗണിക്കാറാണ് പതിവ്. പ്രമേഹം നിര്‍ണയിക്കപ്പെട്ടവര്‍ വൃക്കയുടെ ആരോഗ്യ സ്ഥിതിയും വിലയിരുത്തി ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും. 

 

3. നാഡീവ്യൂഹ നാശം

നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന ഡയബറ്റിക് ന്യൂറോപതിയാണ് പ്രമേഹത്തിന്റെ മറ്റൊരു പ്രത്യാഘാതം. ഉയര്‍ന്ന പഞ്ചസാര നാഡീവ്യൂഹകോശങ്ങളെ നശിപ്പിക്കുന്നത് ശരീരത്തിലെ പല അവയവങ്ങളിലേക്കും കൃത്യമായ സിഗ്നലുകള്‍ പ്രവഹിക്കാതിരിക്കാന്‍ കാരണമാകും. കണ്ണുകളിലേക്കുള്ള നാഡീവ്യൂഹ കോശങ്ങളെ പ്രമേഹം ബാധിക്കുന്നത് അന്ധതയിലേക്ക് നയിക്കാം. കൈകാലുകളുടെ വേദനയും നീരുമെല്ലാം ഡയബറ്റിക് ന്യൂറോപതിയുടെ മറ്റ് ലക്ഷണങ്ങളാണ്. 

 

4. വിഷാദരോഗം

പ്രമേഹം നാഡീവ്യൂഹത്തെ ബാധിക്കുന്നത് വിഷാദരോഗം പോലുള്ള അവസ്ഥയിലേക്കും നയിക്കാവുന്നതാണ്. ശാരീരിക, മാനസിക ആരോഗ്യത്തില്‍ പ്രമേഹം ചെലുത്തുന്ന സമ്മര്‍ദവും വിഷാദ രോഗകാരണങ്ങളില്‍ ഒന്നാണ്. 

 

5. വായുടെ ആരോഗ്യം

ഉമിനീരിന്റെ ഉൽപാദനത്തെ പ്രമേഹം ബാധിക്കുന്നത് വായ വരണ്ടതാകാന്‍ കാരണമാകും. വായില്‍ അണുബാധ, രക്തസ്രാവം, വായ്‌നാറ്റം എന്നിവ ഇത് മൂലം ഉണ്ടാകും.

 

6. ലൈംഗിക പ്രശ്‌നങ്ങള്‍

ലൈംഗിക അവയവങ്ങളിലേക്കുള്ള നാഡീവ്യൂഹങ്ങളെയും രക്തക്കുഴലുകളെയും ബാധിക്കുന്ന പ്രമേഹം ലൈംഗിക ഉദ്ധാരണശേഷിക്കുറവ് പോലുള്ള പ്രശ്‌നങ്ങളിലേക്കും നയിക്കാം. പ്രമേഹം ഉയരുമ്പോള്‍ സ്ത്രീപുരുഷന്മാരിലെ ലൈംഗിക ചോദനയും നഷ്ടമാകാറുണ്ട്. 

Content Summary: Diabetes related diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com