ADVERTISEMENT

ശരീരത്തിന് നിരവധി പ്രയോജനങ്ങള്‍ നല്‍കുന്ന മികച്ച ഒരു വ്യായാമമാണ് ഓട്ടം. ശാരീരിക ക്ഷമതയ്ക്കും ഹൃദയാരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യുന്ന ഓട്ടം മാനസികാരോഗ്യത്തിനും തലച്ചോറിന്‍റെ മികച്ച പ്രവര്‍ത്തനത്തിനുമൊക്കെ നല്ലതാണ്. ഭാരം കുറയ്ക്കാനും രോഗങ്ങളില്ലാതെ ഫിറ്റായിരിക്കാനും ദിവസവുമുള്ള ഓട്ടം സഹായിക്കും. 

 

എന്നാല്‍ എപ്പോഴാണ് ഓടേണ്ടത് എന്നതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. രാവിലെ വെറും വയറ്റില്‍ ഓടുന്നവരും എന്തെങ്കിലും ലഘുഭക്ഷണം കഴിച്ചിട്ട് ഓടുന്നവരും വൈകുന്നേരം ഓട്ടത്തിനായി തിരഞ്ഞെടുക്കുന്നവരുമുണ്ട്. രാവിലെ വെറും വയറ്റില്‍ ഓടുന്നതു കൊണ്ട് ചില പ്രയോജനങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

 

1. കൊഴുപ്പ് കത്തിക്കാം

എന്തെങ്കിലും കഴിച്ച ശേഷം ഓടുമ്പോൾ  പേശികളിലോ കരളിലോ  ശേഖരിച്ചു വച്ചിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റാണ് ശരീരം ഊര്‍ജത്തിനായി ഉപയോഗപ്പെടുത്തുക. നേരെ മറിച്ച് വെറും വയറ്റില്‍ ഓടിയാല്‍ ശരീരത്തിലെ കൊഴുപ്പാണ് ഊര്‍ജസ്രോതസ്സായി മാറുന്നത്. ഇത് കൊഴുപ്പിനെ കത്തിച്ച് ശരീരം സ്ലിമ്മാക്കാന്‍ സഹായിക്കും. അമിത ഭാരം കുറയ്ക്കാനും ഇത് നല്ലതാണ്.

 

2. ഓക്സിജന്‍ ക്ഷമത വര്‍ധിക്കും

ഭക്ഷണം കഴിക്കാതെ ഓടുന്നത് ശരീരത്തിന്‍റെ ഓക്സിജന്‍ ക്ഷമത വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വായുവില്‍ നിന്ന് ഓക്സിജനെ വേര്‍തിരിച്ച് ശരീരം ഉപയോഗപ്പെടുത്തുന്നതിന്‍റെ കാര്യക്ഷമതയെ കുറിക്കുന്നതാണ് ഓക്സിജന്‍ ക്ഷമത. 

 

3. ദഹനപ്രശ്നങ്ങള്‍ ശമിപ്പിക്കും

ദീര്‍ഘനേരം ഓടുമ്പോൾ  ചിലര്‍ക്ക് വയര്‍ വേദന, ഓക്കാനം, ഛര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ വെറും വയറ്റിലുള്ള ഓട്ടം സഹായിക്കും. 

 

എന്നാല്‍ വെറും വയറ്റിലുള്ള ഓട്ടത്തിന് ഗുണങ്ങള്‍ മാത്രമല്ല ചില ദോഷങ്ങളും ഉണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതില്‍ ഏറ്റവും മുഖ്യമായത് ഇത് വ്യായാമത്തിന്‍റെ തീവ്രത കുറയ്ക്കും എന്നതാണ്. പെട്ടെന്ന് ക്ഷീണം തോന്നാനും വെറും വയറ്റിലെ ഓട്ടം കാരണമാകും. ഈ ക്ഷീണം വ്യായാമത്തിന്‍റെ സമയത്ത് പരുക്കുകള്‍ പറ്റാനും ഇടയാക്കാം. വെറും വയറ്റില്‍ രാവിലെ ഓടുന്നത് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ തോത് ഉയര്‍ത്താം. ഇത് പേശികളിലെ കോശങ്ങളിലുള്ള പ്രോട്ടീനെ വിഘടിപ്പിക്കുകയും പേശീ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും. വെറും വയറ്റിലുള്ള ഓട്ടം പ്രമേഹ രോഗികളില്‍ കുറഞ്ഞ പഞ്ചസാര അഥവാ ഹൈപോഗ്ലൈസീമിയക്കും കാരണമാകാം. ഇക്കാരണങ്ങളാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം  ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ  ഓട്ടത്തിനുള്ള സമയം തിരഞ്ഞെടുക്കാവൂ.

Content Summary: What Happens When You Run In The Morning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com