ADVERTISEMENT

ചോദ്യം: എന്റെ മകളുടെ മകൻ ഇപ്പോൾ നഴ്സറി ക്ലാസിലാണ്. അവിടെ ഈയിടെ അക്ഷരങ്ങള്‍ എഴുതാൻ പഠിപ്പിക്കാൻ തുടങ്ങി. കുട്ടിക്ക് എഴുതാൻ മടിയാണ്. എഴുതുമ്പോൾ അക്ഷരങ്ങൾ മാറിപ്പോകും. അവനെ എഴുതാൻ നിർബന്ധിച്ചാൽ വലിയ വഴക്കാണ്. ഈയിടെ ക്ലാസിൽ വലിയ പ്രശ്നം ഉണ്ടാക്കി. ഇത് ഡിസ്‌ലക്സിയയുടെ തുടക്കം ആണോ? എന്താണ് ഇതിനു ചെയ്യേണ്ടത്.

ഉത്തരം: സാധാരണ കുട്ടികൾക്ക് അക്ഷരങ്ങൾ എഴുതാൻ ആവശ്യമായ മാനസിക വളർച്ചയും കഴിവുകളും ഉണ്ടാകുന്നത് ആറു വയസ്സു കഴിയുന്നതോടു കൂടിയാണ്. മസ്തിഷ്കത്തിന്റെ വളർച്ചയിലുള്ള ചില വ്യതിയാനങ്ങൾ വായനയിൽ ഉണ്ടാക്കുന്ന വൈകല്യങ്ങളെ ആണ് ഡിസ്‌ലക്സിയ (Dyslexia–വായന വൈകല്യം) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുപോലെ എഴുതുന്നതിൽ ഉണ്ടാകുന്ന വൈകല്യങ്ങളെ ഡിസ്ഗ്രാഫിയ എന്നും കണക്കിൽ ഉണ്ടാകുന്ന വൈകല്യങ്ങളെ ഡിസ്കാൽകുലിയ എന്നും പറയുന്നു. ഇത്തരത്തിലുള്ള വളർച്ച വൈകല്യങ്ങളെ പൊതുവേ പഠനവൈകല്യങ്ങൾ എന്നു പറയാറുണ്ട്. എട്ടു വയസ്സെങ്കിലും ആകുമ്പോൾ മാത്രമേ പഠനവൈകല്യം ഉണ്ടോ ഇല്ലയോ എന്നു തീരുമാനത്തിൽ എത്താൻ കഴിയുകയുള്ളൂ. അതിനു മുൻപുള്ള കുട്ടികളിൽ എഴുതുമ്പോഴും വായിക്കുമ്പോഴും പല തരത്തിലുള്ള തെറ്റുകളും ഉണ്ടാകുന്നതു സാധാരണമാണ്. അതു വളർച്ചയുടെ ഭാഗമാണ്. 

നഴ്സറി ക്ലാസുകളിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതിലുപരി, ഇതിനു പശ്ചാത്തലമായി ആവശ്യമായ കഴിവുകൾ വളർത്തുകയാണു വേണ്ടത്. ഉദാഹരണത്തിന്, കൈവിരലുകൾ ശരിയായി ഉപയോഗിക്കുന്നതിനാവശ്യമായ കഴിവുകൾ. അക്ഷരങ്ങളോട് കുട്ടികൾക്കടുപ്പം ഉണ്ടാക്കുക. എഴുത്തു വായനയും ഒരു പരിധിയിൽ കൂടുതൽ നിർബന്ധിച്ചു ചെയ്യിച്ചാൽ കുട്ടിക്ക് അവയോട് പേടിയും മടുപ്പും ആണ് ഉണ്ടാക്കുക. എല്ലാ ദിവസവും ഒരു മണിക്കൂർ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള കളികൾക്കായി മാറ്റിവയ്ക്കുക. കൈവിരലുകളുടെ സ്കിൽസ് കൂടുന്ന തരത്തിലുള്ള കളികൾ (ഉദാഹരണത്തിന് മാല കോർക്കുന്നത്, കുത്തുകൾ ചേർത്ത് രൂപം ഉണ്ടാക്കുക), ചിത്രം വര, കഥകളിലൂടെയും പാട്ടുകളിലൂടെയും അക്ഷരങ്ങൾ പഠിപ്പിക്കുക എന്നിവയൊക്കെ ചെയ്യാവുന്നതാണ്. മണലിൽ കൈവിരലുകൾ കൊണ്ട് അക്ഷരങ്ങൾ എഴുതിപ്പിക്കുന്നത് സഹായം ചെയ്യും. എഴുതുന്നതും വായിക്കുന്നതും കഥ കേൾക്കുന്നതും പാട്ടു കേൾക്കുന്നതും പാടുന്നതും ഒക്കെ കുട്ടികൾക്കു സന്തോഷം ഉള്ള അനുഭവമായി മാറണം. 

കുട്ടികളിലെ കിഡ്നി രോഗ ലക്ഷണങ്ങൾ - വിഡിയോ

 

Content Summary : What is the main cause of dyslexia? - Dr. P. Krishnakumar Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com