ഭക്ഷ്യവിഷബാധ മരണത്തിനു കാരണമാകാം; സുരക്ഷയ്ക്ക് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
Mail This Article
സമയക്കുറവ് പലപ്പോഴും വില്ലനാകാറുണ്ട്. ജോലിത്തിരക്കുകൾക്കിടയിൽ ഭക്ഷണം കൂടി തയാറാക്കാനുള്ള മടി കൊണ്ട് പലരും പുറത്ത് ഹോട്ടലുകളിൽ നിന്നാവും ഭക്ഷണം കഴിക്കുക. ഇത് ആരോഗ്യത്തിനു പലപ്പോഴും പണി കൊടുക്കാറുമുണ്ട്. ഇനി വീട്ടിലുണ്ടാക്കിയാൽ തന്നെ നന്നായി വൃത്തിയാക്കാനും മടിയാണ് പലർക്കും. ഒന്നു വെള്ളം നനച്ച് കഴുകിയെന്ന് വരുത്തി തട്ടിക്കൂട്ടി അടുപ്പിലാക്കുന്ന പല വിഭവങ്ങളും അസുഖങ്ങളുണ്ടാക്കാറുമുണ്ട്. ഭക്ഷ്യവിഷബാധ വലിയ പ്രശ്നക്കാരനായ ഈ കാലത്ത് തീർച്ചയായും പാലിക്കേണ്ട ചില കാര്യങ്ങൾ അറിയാം
∙പാചകം ചെയ്യും മുൻപു വിഭവങ്ങൾ നന്നായി വൃത്തിയാക്കണം. ടാപ്പു തുറന്ന് ആ വെള്ളത്തിനു കീഴിൽ കഴുകാം. തൊലി കളയേണ്ടവ തൊലി കളഞ്ഞ് ഉപയോഗിക്കണം. പാചകത്തിനു മുൻപു കൈകളും കഴുകണം.
∙വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണം കൃത്യമായി വേർതിരിച്ചു സൂക്ഷിക്കണം. ഇതുവഴി വേവിക്കാത്ത ഭക്ഷണത്തിൽ നിന്നും അണുക്കൾ കയറാതിരിക്കും.
∙ശരിയായ താപനിലയിൽ വേവിക്കുകയാണ് അടുത്ത പ്രധാന നടപടി. ബീഫ്, പന്നി, ചിക്കൻ എന്നിവ 75 ഡിഗ്രി സെൽഷ്യസിൽ വേവിക്കണം. ഏതുതരം മാംസമാണെന്നത് അനുസരിച്ച് വേവിക്കേണ്ട സമയം വ്യത്യാസപ്പെടും. മീൻ 65 ഡിഗ്രി സെൽഷ്യസിൽ വേവിക്കണം. ബാക്കി വന്ന ഭക്ഷണം (Leftover)75 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കണം.
∙പാചകം ചെയ്ത ഭക്ഷണം രണ്ടു മണിക്കൂറിനുള്ളിൽ ഉപയോഗിക്കുകയോ ഇല്ലെങ്കിൽ ഫ്രിജിലോ ഫ്രീസറിലോ വയ്ക്കുകയോ വേണം. വാഹനങ്ങളിൽ കൊണ്ടുപോവുകയാണെങ്കിൽ (32 ഡിഗ്രി സെൽഷ്യസിനുമേൽ) ഒരു മണിക്കൂറിനുള്ളിൽ ഉപയോഗിക്കുകയോ ഇല്ലെങ്കിൽ ഫ്രിജിലേക്കു മാറ്റുകയോ വേണം. ഫ്രിജിൽ നിന്നും പുറത്തെടുത്തിട്ട് തിരികെ വയ്ക്കുന്ന ശീലം നല്ലതല്ല. ചെറിയ പായ്ക്കറ്റുകളാക്കി ഫ്രിജിൽ വയ്ക്കുകയാണ് ഉത്തമം.
സൗകര്യവും രുചി വൈവിധ്യവും നോക്കി ആരോഗ്യത്തെ മറക്കരുത് എന്നേ പറയാനുള്ളൂ. പ്രത്യേകിച്ച് ഭക്ഷ്യവിഷബാധകൾ ജീവനെടുക്കുന്ന ഇന്നത്തെക്കാലത്ത്….
ഷവർമയിലും മറ്റും സംഭവിക്കുന്നത്
അൽഫാം, മന്തി, ഷവർമ പോലെ റെഡി ടു ഈറ്റ് മാംസ വിഭവങ്ങളിൽ അണുബാധയ്ക്കു സാധ്യത കൂടുതലാണ്. ഇതിനു പല കാരണങ്ങളുണ്ട്.
∙മാംസം ചൂടിലും നനവിലും സൂക്ഷിക്കുമ്പോൾ സാൽമൊണല്ല ബാക്ടീരിയ, നോറോ വൈറസ് പോലുള്ള സൂക്ഷ്മാണുക്കൾ വളരുകയും അതു മാംസത്തെ വിഷലിപ്തമാക്കുകയും ചെയ്യും.
∙മാസം ശരിയായ താപനിലയിൽ വേവിച്ചില്ലെങ്കിൽ അതിലുള്ള അണുക്കൾ നശിക്കുകയില്ലെന്നു മാത്രമല്ല ഉള്ളത് പെരുകുകയും ചെയ്യും. സുനാമി ഇറച്ചി പോലെ അഴുകിയ മാംസമാണെങ്കിൽ വേവിച്ചാലും അതിലെ അണുക്കൾ പൂർണമായി നശിക്കണമെന്നില്ല. ഷവർമയുടെ കാര്യം തന്നെ എടുക്കാം. പലപ്പോഴും പുറത്തെ പാളി മാത്രമാണ് വേകുന്നത്. ഉൾഭാഗത്തെ താപനില 75 ഡിഗ്രി വരെയെത്തുന്നില്ല.
∙ഇവയ്ക്കുപയോഗിക്കുന്ന അരപ്പ് അഥവാ മസാല വലിയ പ്രശ്നമാണ്. അരപ്പ് ഉണ്ടാക്കി മൂന്നു മണിക്കൂറേ പരമാവധി പുറത്തുവയ്ക്കാവൂ. ഈ സമയം കഴിഞ്ഞാൽ ബാക്കിയുള്ളത് ഫ്രിജിലെ ചില്ലിങ് ട്രേയിൽ വയ്ക്കണം. പിന്നെ അതു പുറത്തെടുത്താൽ മുഴുവൻ ഉപയോഗിക്കുകയോ ബാക്കി കളയുകയോ വേണം. ആവശ്യമുള്ളപ്പോൾ ഫ്രിജിൽ നിന്ന് എടുത്ത്, ബാക്കി പിന്നെയും ഫ്രിജിൽ വയ്ക്കുന്ന രീതി വേണ്ട. ഈ വിഭവങ്ങൾക്കൊപ്പം നൽകുന്ന പച്ച മുട്ട കൊണ്ടുള്ള മയോണീസ് സാൽമൊണല്ല വിഷബാധയുണ്ടാക്കാൻ ഏറെ സാധ്യതയുണ്ട്. പാസ്ചറൈസ് ചെയ്ത മുട്ട (70 ഡിഗ്രി സെൽഷ്യസിൽ 3 മിനിറ്റു തിളപ്പിച്ചശേഷം പച്ചവെള്ളത്തിൽ ഇട്ടു തണുപ്പിച്ച മുട്ട) ഉപയോഗിച്ചു തയാറാക്കുന്നതാണ് സുരക്ഷിതം. ഇല്ലെങ്കിൽ വെജിറ്റബിൾ മയോണീസ് വാങ്ങുക.