ADVERTISEMENT

മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് വീടുകളിൽ ബാത്റൂമുകളുടെ എണ്ണം കൂടുതലാണ്. കുടുംബാംഗങ്ങൾക്ക് ഓരോരുത്തർക്കും ഉപയോഗിക്കാൻ പ്രത്യേകം ബാത്റൂമുകൾ ഉണ്ടെങ്കിലും പല വീടുകളിലും ബാത്റൂം കുടുംബകലഹത്തിന് കാരണമാകാറുണ്ട്.

കൂടുതൽ സമയം ബാത്റൂമിനുള്ളിൽ പങ്കാളികൾ ചെലവിടുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഇന്ന് പുതുമയല്ല. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മാത്രം നിർമിച്ചിരിക്കുന്ന ബാത്റൂമുകളിൽ  അധിക സമയം ചെലവിടുന്നത് പലരും ശീലമാക്കിയതിന് പിന്നിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ? ഇത് കണ്ടെത്തുന്നതിനായി ഒരു പഠനം തന്നെ നടത്തിയിരിക്കുകയാണ് ബാത്റൂം ഉപകരണ നിർമ്മാതാക്കളായ വില്ലറോ ആൻഡ് ബോഷ് എന്ന കമ്പനി. രണ്ടായിരത്തിലധികം വ്യക്തികളെ വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് ഈ വേറിട്ട പഠനം നടത്തിയത്.

ബാത്റൂമുകളിൽ കൂടുതൽ സമയം ചെലവിടുന്നതിന് കാരണമായി പഠനത്തിൽ പങ്കെടുത്ത 43 ശതമാനം ആളുകളും ചൂണ്ടിക്കാട്ടിയത് ജീവിതത്തിലെ  തിരക്കുകളെയാണ്. മറ്റു തിരക്കുകളിൽ നിന്നെല്ലാം അകന്ന് സ്വസ്ഥമായും സ്വതന്ത്രമായും സമാധാനത്തോടെ ചെലവിടാനുള്ള സ്ഥലമായാണ് ഇവർ ബാത്റൂമുകളെ കാണുന്നത്. 13 ശതമാനം ആൾക്കാരാകട്ടെ ജീവിതപങ്കാളിയിൽ നിന്നും അൽപസമയം അകന്ന് ഇരിക്കാനുള്ള ഇടമായും ബാത്റൂമുകൾ തിരഞ്ഞെടുക്കുന്നുണ്ട്. 

ഈ പഠനം അനുസരിച്ച് ഒരു ശരാശരി ബ്രിട്ടീഷ് പൗരൻ ആഴ്ചയിൽ ചുരുങ്ങിയത് 1 മണിക്കൂർ 54 മിനിറ്റ് ബാത്റൂമിൽ ചെലവിടുന്നുണ്ട്. ഒരുമാസത്തെ സമയം കണക്കാക്കിയാൽ ഒരുപ്രവൃത്തിദിവസം മുഴുവൻ ബാത്റൂമിൽ ചെലവിടുന്നതിന് സമ്മാനമാണിത്. 

പുരുഷന്മാർ ശരാശരി 20 മിനിട്ടാണ് ഒരുദിവസം ബാത്റൂമിൽ ചെലവിടുന്നതെങ്കിൽ സ്ത്രീകളുടെ കാര്യത്തിൽ അത് 15 മിനിറ്റാണ്. ഇനി പ്രായം അനുസരിച്ചുള്ള കണക്കെടുത്താൽ 18 മുതൽ 24 വയസ്സുവരെയുള്ളവരാണ്  കൂടുതലായും വിശ്രമസ്ഥലം എന്ന നിലയിൽ ബാത്റൂമുകളെ കാണുന്നത്.

ഒപ്പമുള്ളവർക്ക് അൽപം അസ്വാരസ്യം തോന്നുമെങ്കിലും മാനസിക സമ്മർദം കുറയ്ക്കാനുള്ള സ്ഥലമായി ബാത്റൂമുകൾ തിരഞ്ഞെടുക്കുന്നത് ഗുണകരമാണെന്ന് പഠനങ്ങൾ പറയുന്നു. ബാത്റൂമുകളിൽ ആവശ്യത്തിലധികം സമയം ചെലവിടുന്ന പലരും യഥാർത്ഥത്തിൽ സ്വയം ആശ്വാസം കണ്ടെത്തുകയാണെന്ന് മനസ്സിലാക്കാതെ തന്നെ ഈ രീതി തുടരുന്നവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ജീവിത സാഹചര്യങ്ങളും രീതികളും മാറുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് ബാത്റൂം ഉപയോഗത്തിലെ ഈ മാറ്റങ്ങളെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

ഒരു വ്യക്തി ജോലി സ്ഥലത്തുനിന്നോ കുടുംബത്തിലെ ഉത്തരവാദിത്തങ്ങളിൽ നിന്നോ ഇടവേളകൾ എടുക്കുന്നത് പലപ്പോഴും മറ്റുള്ളവർക്ക് സ്വീകാര്യമായിരിക്കില്ല. എന്നാൽ ബാത്റൂം ഉപയോഗത്തിനായി ഏത് സാഹചര്യത്തിലും ഇടവേള എടുക്കുന്നത് സമൂഹം എപ്പോഴും അംഗീകരിക്കാറുണ്ട്. ബാഹ്യ ഇടപെടലുകൾ ഉണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. അറിഞ്ഞോ അറിയാതെയോ ഇക്കാര്യങ്ങളാണ് ബാത്റൂമുകൾ ആശ്വാസം കണ്ടെത്താനുള്ള ഇടമായി തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.

English Summary:

Why people spend excess time in bathrooms- study reveals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com