ADVERTISEMENT

പെട്ടെന്ന്  വീട് പണി തീർത്തു കയറിക്കൂടാൻ വഴി ആലോചിച്ചു ഇരിക്കുമ്പോളാണ് അളിയൻ ഒരു ഐഡിയ പറയുന്നത്. ഐഡിയയുടെ കാര്യത്തിൽ അളിയനൊരു നിലവറയാണ്. ഞാൻ അളിയന്റെ ഐഡിയ കേൾക്കാൻ ടേബിൾ ഫാൻ തിരയുന്നത് പോലെ മുഖം ഓന്റെ നേർക്ക് ആക്കി.

"ആരുടേയങ്കിലും കൈയിൽ നിന്നും ക്യാഷ് കടം വാങ്ങി.. പണി തീർക്കണം. കുറച്ചു ക്യാഷ് ഞാനും തരാം."

"ക്യാഷ് കിട്ടും.. പക്ഷേ തിരിച്ചു കൊടുക്കാനാണ് പ്രശ്നം.."

"നമുക്കൊരു ഗംഭീര പുരപാർക്കലാക്കി എല്ലാവരെയും വിളിച്ചുനടത്താം.. അപ്പൊ ആളുകൾ ക്യാഷ് തരും.. ആ ക്യാഷ് കൊണ്ട് ഇങ്ങളെ പകുതി കടങ്ങളെങ്കിലും വീട്ടാം."

"വരുന്നവർ ക്യാഷ്ന് പകരം ഗിഫ്റ്റ് ആണെങ്കിലോ കൊണ്ടുവരുന്നത്..?"

"ഹേയ്... അങ്ങനെയൊന്നും ചിന്തിക്കേണ്ട. സാധാരണക്കാരൻ ഒരു വീട് ഉണ്ടാക്കി താമസം തുടങ്ങുമ്പോൾ കടങ്ങൾ ഏറെയുണ്ടാകുമെന്ന് എല്ലാവർക്കും അറിയാം."

"അളിയാ... ഇജ്ജ് ഒരു സംഭവമാ."

അതൊരു കുഴപ്പമില്ലാത്ത ഐഡിയ ആയോണ്ട് ഞാനും തുമ്പിയും യെസ് മൂളി.

കടം വാങ്ങി.. ടൈൽസ് ഇടുന്നത് ഒഴിച്ച് ബാക്കി എല്ലാ പണികളും തീർത്തു. നല്ലൊരു ദിവസം വീട്ടിൽ കൂടാൻ തീയതിയും ഉറപ്പിച്ചു ബന്ധുക്കളെയും അയൽവാസികളെയും ക്ഷണിച്ചു. നല്ലൊരു പന്തലിട്ട്. അടിപൊളി തലശ്ശേരി മൂരി ബിരിയാണി ബുക്ക്‌ ചെയ്തു.

അങ്ങനെ ആ ദിവസം പുലർന്നു. പുതിയ വീട്ടിൽ എല്ലാരും കൂടി സുബ്ഹി നമസ്കരിച്ചു.സുബ്ഹിക്ക് ശേഷം തുമ്പി പാല് തിളപ്പിച്ചു.പാല് തിളച്ചു പൊന്തി. പത്തു മണിക്ക് ക്ഷണിക്കപ്പെട്ട അതിഥികൾ വന്നു തുടങ്ങി. ഭക്ഷണത്തിന് സമയമായി. ഭക്ഷണം വിളമ്പി തുടങ്ങി. ബിരിയാണി എല്ലാവർക്കും ഇഷ്ടമായി.

ഭക്ഷണം വിളമ്പുന്നതിന്റെ ഇടയിൽ അളിയൻ എന്റെ അടുത്ത് വന്നു ചോദിച്ചു.

"കവർ വല്ലതും കിട്ടുന്നുണ്ടോ...?"

"എവിടെന്ന്.... കച്ചോടം നഷ്ടമാണ് അളിയാ."

പരിപാടി കഴിഞ്ഞു.എല്ലാവരും പോയി. കുറച്ചു ക്യാഷൊക്കെ കിട്ടി. മിക്കവാറും വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ആയിരുന്നു.

"അളിയാ പന്തലിനും ബിരിയാണിക്കും ഉള്ള ക്യാഷ് കിട്ടി...."

"അത് നന്നായി... അല്ലങ്കി അയിന് നാളെ ഓടേണ്ടി വന്നേനെ."

"ആരും ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല.. ഒറ്റദിവസം കൊണ്ടല്ലേ ഈ കെട്ടിടം ഒരു വീടായി മാറിയത്.."

എന്തായാലും സന്തോഷമാണ്. പുതിയ വീട്ടിൽ. വന്നവരല്ലാം സന്തോഷത്തോടെയാണ് പിരിഞ്ഞു പോയത്. വീടും എല്ലാവർക്കും ഇഷ്ടായി. പിന്നെ കടങ്ങൾ അത് വീടും.. ജീവിതം ബാക്കിയാണല്ലോ...

"എന്നാലും അളിയാ... ഒരു കുഞ്ഞി ടീവിയും ഒരു വാഷിങ് മെഷീനും കൂടി.. കിട്ടിയിരുന്നെങ്കിൽ സംഗതി പൊളിച്ചേനെ അല്ലെ."

"ആഹാ പിന്നെ... കിട്ടിയോതൊക്കെ തിരിച്ചും കൊടുക്കണം. അത് ഓർത്തോ."

എന്തായാലും അളിയന്റെ ഐഡിയ കൊണ്ട് അത് അങ്ങനെ നടന്നു.. പടച്ചവന് നന്ദി.

English Summary- Housewarming of Malayalis- Some UnCommon Stories- Experience

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com