കെ.ഹോംസ് വന്നാൽ എല്ലാം ശരിയാകുമോ? പൂട്ടിക്കിടക്കുന്ന വീടുകൾ വരുമാനമാർഗമാക്കാം: പക്ഷേ ചെയ്യാനേറെയുണ്ട്

Mail This Article
സഞ്ചാരം ഏതൊരു മലയാളിയുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ബന്ധുവീടുകളിലേക്കുള്ള വിരുന്നുകൾ ഉപേക്ഷിക്കുകയും തൽസ്ഥാനത്ത് മലയാളികൾ ന്യൂക്ലിയർ കുടുംബങ്ങളായി വ്യാപകമായി വിവിധ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നവരായത് ഈ നൂറ്റാണ്ടിന്റെ പ്രത്യേകതയാണ്.കഴിഞ്ഞ നൂറ്റാണ്ടിൽ മലയാളിയുടെ യാത്രകൾ തൊഴിലിനു വേണ്ടി മാത്രമായിരുന്നെങ്കിൽ ഈ നൂറ്റാണ്ടിൽ വിനോദത്തിനായിട്ടും യാത്രകളെ പരിഷ്ക്കരിക്കാൻ തുടങ്ങി. പണത്തിന്റെ കനമനുസരിച്ച് സഞ്ചാരത്തിന്റെ വ്യാപ്തിക്ക് വ്യത്യാസങ്ങളുണ്ടെന്ന് മാത്രം.
കേരളത്തിലെ മൂന്നര കോടി മനുഷ്യർക്കും കേരളത്തിനുള്ളിൽ തന്നെ ടൂറിസ്റ്റുകളാവാം. നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും തലങ്ങും വിലങ്ങും യഥേഷ്ടം യാത്ര ചെയ്യാം. വീർപ്പുമുട്ടുന്ന നഗരങ്ങളിൽ നിന്ന് അമ്പതോ നൂറോ ഇരുനൂറോ കിലോമീറ്റർ യാത്ര ചെയ്താൽ സുന്ദരവും വ്യത്യസ്തവുമായ ഭൂപ്രകൃതികൾ കൊണ്ട് സമ്പന്നമായ കേരളത്തിൽ സർക്കാർ നടപ്പിലാക്കാൻ പോകുന്ന കെ. ഹോംസ് പദ്ധതി ഒരു വലിയ ചുവടുവയ്പ്പാണ്. ആൾപ്പാർപ്പില്ലാത്ത സൗകര്യമുള്ള നമ്മുടെ വീടുകളെ ടൂറിസവുമായി ബന്ധപ്പെടുത്തി സഞ്ചാരികളെ താമസിപ്പിച്ച് വരുമാനവും തൊഴിലും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പൊടിപിടിച്ച് കിടന്നിരുന്ന, ഉദ്യോഗസ്ഥർ മാത്രം താമസിച്ചിരുന്ന സർക്കാർ അതിഥി മന്ദിരങ്ങൾ വൃത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത് നല്ലൊരു തുടക്കമായിരുന്നു. ഇപ്പോഴത്തെ കെ. ഹോംസ് പദ്ധതി നടപ്പായാൽ സ്വദേശ വിദേശ സഞ്ചാരികൾക്ക് ഏറെ ഗുണം ചെയ്യും. എത്ര ചെറിയ സാമ്പത്തിക ശേഷിയിലും ഏതൊരു വ്യക്തിക്കും ചെലവുകുറഞ്ഞ താമസം ലഭിക്കുന്നു എന്നതാണ് കെ. ഹോംസിന്റെ ഏറ്റവും വലിയ പ്രത്യേകത.

കടൽ കായൽ വയൽ മല കാട് പുഴ എന്നിങ്ങനെ കേരളത്തിന്റെ പ്രകൃതി വൈവിധ്യങ്ങൾ ടൂറിസത്തിന് വലിയ സാധ്യതകളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ഉൽസവങ്ങൾ ബഹുവിധം. കാലാവസ്ഥകൾ ബഹുരസം. രുചി വൈവിധ്യങ്ങളും ഏറെ. എത്രയോ കലകൾ കലാകാരൻമാർ. ക്ഷേത്രോത്സവങ്ങൾ മേളങ്ങൾ. അത്തരം വൈവിധ്യങ്ങളെയും കാഴ്ചകളെയും ടൂറിസവുമായി ബന്ധിപ്പിക്കണം. വികേന്ദ്രീകരിക്കപ്പെട്ട ടൂറിസത്തെ ജനകീയമായും ഗ്രാമീണ സൗഹൃദമായും എങ്ങനെ വരുമാനമുണ്ടാക്കാം എന്ന ചോദ്യത്തിൽ നിന്നാണ് ഉത്തരം തേടിതുടങ്ങേണ്ടത്. അതിനാദ്യം ചെയ്യേണ്ടത് നമ്മുടെ വീടുകളെ മോടി പിടിപ്പിക്കലാണ്.
യാത്രകൾ ചെലവേറുന്നതിന്റെ പ്രധാന കാരണം താമസ സൗകര്യങ്ങൾക്ക് ചെലവഴിക്കേണ്ടി വരുന്ന തുകയുടെ വലുപ്പമാണ്.ടൂറിസ്റ്റുകളെ നമ്മുടെ വീട്ടിൽ താമസിപ്പിക്കണമെങ്കിൽ അവശ്യം വേണ്ട നമ്മുടെ വീട്ടിൽ അവശ്യം വേണ്ട സൗകര്യങ്ങൾ ഒരുക്കണം. അതിലൊന്നാണ് സ്വകാര്യത. പിന്നെ ശുചിത്വം മറ്റൊന്ന് സൗന്ദര്യം. സൗകര്യപ്രദമായ ടോയ്‌ലറ്റ്, ബെഡ്റൂം, ബാൽക്കണി, പാർക്കിങ്.. ഇത്രയുമുണ്ടെങ്കിൽ നമ്മുടെ വീടുകളെ ടൂറിസത്തിന്റെ ഭാഗമാക്കി വരുമാനമുണ്ടാക്കാം. അതിനൊക്കെ പുറമെ യാത്രികരായി വരുന്നവരോട് വീട്ടുകാരിൽനിന്ന് മര്യാദയോടുകൂടിയ പെരുമാറ്റം അത്യന്താപേക്ഷിതമാണ്.
ടൂറിസ്റ്റുകൾ നമ്മുടെ വീട്ടിൽ വന്ന് താമസിക്കുമ്പോൾ വീടിന്റെ വലുപ്പത്തിന് ഒരു പ്രസക്തിയുമില്ല. കുറേ ഭിത്തികളും കോൺക്രീറ്റും മരവും പെയിന്റും കൂട്ടിക്കുഴച്ച് നിർമിക്കുന്ന വീടുകളെ ടൂറിസ്റ്റുകൾ നിസ്സംശയം തള്ളിക്കളയും.
കെ. ഹോംസുമായി നമ്മുടെ വീടിനെ ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിർമാണം പൂർത്തിയായതും നിർമാണം തുടങ്ങുന്നതുമായ വീടുകൾ എത്തരത്തിലാണെന്ന് മനസിലാക്കണം. വീടുകളുടെ പരിസരങ്ങൾ വീടുകളിൽ നിന്ന് കാണുന്ന കാഴ്ചകൾ എല്ലാം സസൂക്ഷ്മം പഠിക്കണം.ടൂറിസ്റ്റുകൾക്ക് കാഴ്ചാ സമൃദ്ധി വളരെ പ്രധാനമാണല്ലോ. അകലെ മലനിരകളുണ്ടെങ്കിൽ വലിയ ജനാലകളിലൂടെയോ ബാൽക്കണിയിലിരുന്നോ കാണാനാവുന്ന വിധത്തിൽ വീട് ഡിസൈൻ ചെയ്യണം. വിശാലമായ വയലുകൾ കായൽ പുഴ എന്നിവയാണുള്ളതെങ്കിൽ ഭിത്തിക്ക് പകരം മുഴുനീളെ തുറക്കാവുന്ന ഗ്ലാസാണ് നല്ലത്.
തകർത്ത് പെയ്യുന്ന മഴയേയും മഞ്ഞിനേയും വീട്ടിലിരുന്ന് ആസ്വദിക്കാവുന്ന രീതിയിൽ ജനാലകൾ ഒരുക്കണം. വീടിന്റെ മേൽക്കൂരകൾ കരുതലോടെ ഡിസൈൻ ചെയ്യാൻ ശ്രദ്ധിക്കണം. ഇരുട്ടിനെയും നിലാവിനെയും നക്ഷത്രങ്ങളെയും കാണാൻ ഓപ്പൺ ടെറസും നിർബന്ധം. കണ്ണുപൊള്ളുന്ന രീതിയിൽ വാരിക്കോരി നിറമടിക്കുന്നതും വീടുകൾക്ക് ഉചിതമല്ല. വീടുകൾക്കകത്ത് നടുമുറ്റം തയ്യാറാക്കാൻ പറ്റുമെങ്കിൽ നല്ലത്. ക്ഷേത്രങ്ങൾക്കരികിലാണ് വീട് നിർമിക്കുന്നതെങ്കിൽ സഞ്ചാരികൾക്ക് വീട്ടിലിരുന്ന് ഉത്സവം കാണാൻ സൗകര്യപ്പെടുന്ന തരത്തിലാവാം. ആനകളുള്ള ഉൽസവങ്ങളാണെങ്കിൽ വീടിന്റെ മട്ടുപാവിൽ നിന്ന് കാണുന്നതായിരിക്കും സുരക്ഷിതം.
തുണിയുണക്കുന്ന ഇടം സഞ്ചാരികളിൽ നിന്ന് മറച്ചുവയ്ക്കുന്ന രൂപകൽപന ഉചിതം. എല്ലാ മുറികളിലും ഒരു പെയിന്റിംഗ് എങ്കിലും തൂക്കിയിടാൻ മറക്കരുത്. മുറികൾക്കകത്ത് ബെഡ് കോട്ടിന് പുറമേ രണ്ട് കസേരയും ഒരു മേശയുമിടാനുള്ള സ്ഥലമുണ്ടാവണം. കർട്ടനുകളുടെ നിറം ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. ഫ്ലോർ ടൈലുകൾ കണ്ണഞ്ചിപ്പിക്കുന്നതാവരുത്. വെളിച്ചത്തിന്റെ ധാരാളിത്തം ഒഴിവാക്കാം. വീടിന്റെ മുകൾ നിലയിലേക്ക് പ്രത്യേകമായി ഗോവണി പണിയുന്നതും നല്ലതാണ്.
എല്ലാറ്റിനുമുപരി നമ്മുടെ ഹൃദ്യമായ പെരുമാറ്റത്തിന്റെ ഭംഗി ഏതൊരു വീടിനെയും സഞ്ചാരികളെ നമ്മളിലേക്കടുപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ്. സ്ത്രീ സൗഹൃദം ബാല സൗഹൃദം വൃദ്ധ സൗഹൃദം എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ പ്രത്യേകമായി പരിഗണിച്ച് വീടുകൾ നിർമിച്ചാൽ ടൂറിസത്തിന് ഉത്തമമാവും.
കേരളീയരുടെ ഇനിയുള്ള സഞ്ചാരങ്ങൾ ഗ്രാമങ്ങളിലേക്കായിരിക്കും. അതുകൊണ്ടു തന്നെ ഗ്രാമങ്ങളിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന വീടുകൾ സർക്കാരിന്റെ ഡിസൈൻ പോളിസികൾക്കനുസൃതമാക്കാൻ ശ്രദ്ധിക്കുക. ഗ്രാമങ്ങളിലെ ഓരോ വീടും പ്രകൃതിയോട് അലിഞ്ഞു നിൽക്കുന്ന ഓരോ റിസോർട്ടുകളാവുന്ന കിനാശ്ശേരിയാണ് എന്റെ മനസ്സിലെ സ്വപ്നം. അവിടങ്ങളിൽ താമസിച്ച് വീട്ടുകാർ തയ്യാറാക്കുന്ന ഭക്ഷണം കഴിച്ച് സാംസ്കാരിക വൈവിധ്യവും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് ഒന്നോ രണ്ടോ ദിവസം തങ്ങി സന്തോഷത്തോടെ മടങ്ങുന്ന സാധാരണക്കാരായ മനുഷ്യരായിരിക്കും ഇനിയുള്ള വരുകാല സഞ്ചാരികൾ എന്നാണ് എന്റെ നിഗമനം. അത്തരം സഞ്ചാരികൾക്കായി നമ്മുടെ വീടുകൾ തുറന്നിടാം. അവരവിടെ താമസിച്ച് ഭക്ഷണം കഴിച്ച് കാഴ്ചകൾ കണ്ട് പുഞ്ചിരിയോടെ മടങ്ങട്ടെ.