കള്ളപ്പണം വെളുപ്പിക്കൽ കണ്ടെത്താൻ ഇഡി : ദുബായിൽ പ്രോപ്പർട്ടി വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ കുറവ്

Mail This Article
പ്രൈം റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ 16.9 ശതമാനം വർധനയുമായി 2024 ലോകത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു ദുബായുടെ റിയൽ എസ്റ്റേറ്റ് വിപണി. വിദേശരാജ്യക്കാർ ദുബായിൽ പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടിയതാണ് വിപണിയെ സജീവമാക്കിയത്. ഇതിൽ തന്നെ പകുതിയോളം ഇന്ത്യക്കാരായിരുന്നു. അതിസമ്പന്നരായ ഇന്ത്യക്കാർക്ക് പുറമേ ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ളവരും ദുബായിൽ പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടിയിരുന്നു. ഈ സാഹചര്യങ്ങളാണ് ഇന്ത്യക്കാരുടെ ദുബായിലെ പ്രോപ്പർട്ടി ഇടപാടുകൾക്ക് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോ എന്ന സംശയത്തിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ എത്തിച്ചത്. ആദായനികുതി വകുപ്പിൽ നിന്നും ആർബിഐയിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗിച്ച് ഇന്ത്യക്കാരുടെ ദുബായിലെ സംശയാസ്പദമായ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഇ ഡി അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യയിലെ നിക്ഷേപങ്ങൾ പിന്‍വലിച്ച് വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാർ വസ്തുക്കൾ വാങ്ങുന്നത് വർധിച്ച സാഹചര്യത്തിലായിരുന്നു നീക്കം.ഇ ഡി അന്വേഷണം ആരംഭിച്ചതിനുശേഷം ഇന്ത്യക്കാരുടെ ദുബായിലെ പ്രോപ്പർട്ടി ഇടപാടുകൾ മന്ദഗതിയിലായി എന്നാണ് റിപ്പോർട്ടുകൾ. 2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ദുബായിലെ റെസിഡൻഷ്യൽ മാർക്കറ്റ് ഇടപാടുകളുടെ എണ്ണത്തിൽ തുടർച്ചയായ ഇടിവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇഡി അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഈ ട്രെൻഡ് തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഒക്ടോബർ -ഡിസംബർ പാദത്തിൽ രജിസ്റ്റർ ചെയ്ത ഭവനവിൽപനമൂല്യം ഏകദേശം 1.55 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. ഇത് ഉയർന്ന മൂല്യമാണെങ്കിലും പാദവാര്‍ഷിക കണക്കെടുത്താല്‍ ഭവന വിപണിയില്‍ ശരാശരി നാല് ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ദുബായിൽ അപ്രഖ്യാപിത സ്വത്തുക്കൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയ നിരവധി സമ്പന്നരായ ഇന്ത്യക്കാർക്ക് ഇന്ത്യയിലെ നികുതി സംവിധാനങ്ങളിൽ നിന്നും നോട്ടീസ് ലഭിച്ചിരുന്നു. ആദായനികുതി വകുപ്പിന്റെ ഒരു വിഭാഗമായ ഫോറിൻ അസറ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (എഫ്‌എഐയു) ഏകദേശം 100 നോട്ടീസുകൾ ഒരു ആഴ്ചയ്ക്കുള്ളിൽ നൽകിയതായാണ് വിവരം. 90 ദിവസത്തിൽ താഴെമാത്രം യുഎഇയിൽ ചെലവിടുകയും സ്വത്ത് ഉടമസ്ഥത നേടുകയും ചെയ്ത ഇന്ത്യൻ പാസ്‌പോർട്ടുകൾ കൈവശമുള്ളവരുടെ വിവരങ്ങൾ യുഎഇ കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്.
ഡൽഹി, മുംബൈ തുടങ്ങിയ വൻകിട ഇന്ത്യൻ നഗരങ്ങളിൽ അപ്പാർട്ട്മെന്റുകളുടെയും വില്ലകളുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ടയർ 2, ടയർ 3 നഗരങ്ങളിൽ ഉള്ളവരിൽ നിന്നും കൂടുതൽ അന്വേഷണങ്ങൾ ദുബായിലെ പ്രോപ്പർട്ടി ഡെവലപ്പർമാർക്ക് ലഭിക്കുന്നുണ്ട്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ പുതിയതായി ആരംഭിച്ച പ്രോപ്പർട്ടികളുടെയും വില അഞ്ചു കോടിയോ അതിലധികമോ ആണ്. ദുബായിലെ ശരാശരി പ്രോപ്പർട്ടി വിലയും ഇതേ റേഞ്ചിൽ ആയതാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കൂടുതലായി ആകർഷിക്കുന്നത്. ഇത്തരത്തിൽ ദുബായിൽ പ്രോപ്പർട്ടി വാങ്ങുന്ന ഇന്ത്യക്കാരിൽ 70 ശതമാനവും ഇന്ത്യയിലെ ചെറുപട്ടണങ്ങളിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിക്ഷേപക സൗഹൃദ നികുതി ഘടനയാണ് ഇന്ത്യക്കാർ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്കായി ദുബായ് തിരഞ്ഞെടുക്കാനുള്ള ഒരു പ്രധാന കാരണം. ഇന്ത്യയിലെ നികുതി സംവിധാനത്തിന് വിപരീതമായി മൂലധന നേട്ടനികുതി, പ്രോപ്പർട്ടി സംബന്ധമായ ലെവികൾ എന്നിവ ദുബായിൽ ഇല്ല. ഇന്ത്യയിലെ പ്രധാന മെട്രോപോളിറ്റൻ നഗരങ്ങളിലെ നികുതിയും നിയന്ത്രണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിലെ നികുതി ആനുകൂല്യങ്ങളാണ് ഇന്ത്യക്കാരെ ദുബായ് നിക്ഷേപങ്ങൾക്ക് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്.