വീട് സ്വന്തമാക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചു: വീട്/ ഫ്ലാറ്റ് വാങ്ങുമ്പോൾ സ്ത്രീകൾ ശ്രദ്ധിക്കുക

Mail This Article
ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണി കഴിഞ്ഞ കുറച്ചുകാലങ്ങളായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ത്യയിൽ പുതിയതായി വീട് സ്വന്തമാക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നു എന്ന പ്രത്യേകതയുമുണ്ട്. 2014 ലെ കണക്കെടുത്താൽ സ്ത്രീകൾ തനിയെ നടത്തിയ റെസിഡൻഷ്യൽ ഇടപാടുകളുടെ എണ്ണം 1.29 ലക്ഷമാണ്. മുൻനിര നഗരങ്ങളുടെ കാര്യത്തിൽ 2023 -24 കാലഘട്ടത്തെ അപേക്ഷിച്ച് 14 ശതമാനം വർധനയാണിത്. റിയൽ എസ്റ്റേറ്റ് വിപണിയിലെ സുപ്രധാന മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സ്ത്രീകൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നു എന്നതിന്റെയും സാമൂഹിക സ്ഥിതി മാറുന്നു എന്നതിന്റെയും സൂചന കൂടി വീടു വാങ്ങുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നത് നൽകുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകൾ അടക്കം പ്രോപ്പർട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ, സർക്കാർ തലത്തിൽ നിന്നുള്ള പ്രോത്സാഹനം, ഡിജിറ്റൽ പുരോഗതി എന്നിവയൊക്കെ നിലവിലെ സാഹചര്യങ്ങൾക്ക് സഹായകമായിട്ടുണ്ട്. ഇന്ത്യയിലെ അവിവാഹിതരായ വനിതകൾ സ്വന്തമായി വീട് വാങ്ങാൻ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നു എന്നതും ഇതിനോടൊപ്പം ചേർത്ത് പറയാം.
സ്വത്ത് സ്വന്തമാക്കുക എന്നതിനപ്പുറം ഒരു വീട് വാങ്ങുന്നത് സാമ്പത്തിക സ്വാതന്ത്ര്യവും ദീർഘകാല സുരക്ഷയും കൈവരിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് അവിവാഹിതരായ സ്ത്രീകൾ കാണുന്നത്. പല കോണുകളിൽ നിന്നും ലഭിക്കുന്ന പിന്തുണയും വിപണിയിലെ മാറുന്ന പ്രവണതകളും സുരക്ഷിതമായ സാമ്പത്തിക ആസ്തി എന്ന നിലയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തെ കാണാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വീടുവാങ്ങാൻ തീരുമാനിക്കുന്ന സിംഗിൾ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം:

ബജറ്റിലൊരു കണ്ണുവേണം
ഒരു പ്രോപ്പർട്ടി വാങ്ങുന്ന സമയത്ത് അതിന്റെ മുഴുവൻ മൂല്യത്തിന്റെ 10 മുതൽ 20 ശതമാനം വരെ ഡൗൺ പേമെൻ്റായി നൽകേണ്ടിവരും. ഇത് മുന്നിൽക്കണ്ട് നേരത്തെ തന്നെ പണം സ്വരുകൂട്ടിവയ്ക്കേണ്ടതുണ്ട്. വായ്പാ യോഗ്യത വിലയിരുത്തുന്നതിന് വരുമാനം, നിലവിലുള്ള ബാധ്യതകൾ, തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന വായ്പാ കാലാവധി എന്നിവ പരിഗണിക്കുന്ന ഓൺലൈൻ കാൽക്കുലേറ്ററുകൾ ഉപയോഗിക്കുക. വീടിന്റെ ഉടമസ്ഥത ഏറ്റെടുക്കുന്നത് വരെ ഇഎംഐ നൽകേണ്ട എന്ന തരത്തിലുള്ള പേമെന്റ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ബിൽഡർമാരുണ്ട്. സ്വതന്ത്രമായി വീട് വാങ്ങാൻ ഉദ്ദേശിക്കുന്ന വനിതകൾക്ക് ഇത് ഗുണം ചെയ്യും.
ബിൽഡർമാരിൽ നിന്ന് വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർ വീട് വാങ്ങാനുള്ള തുകയ്ക്ക് ഒപ്പം തന്നെ രജിസ്ട്രേഷൻ ഫീ, മെയിന്റനൻസ് ചാർജ്, പ്രോപ്പർട്ടി ടാക്സ് പോലെയുള്ള അധിക ചെലവുകളും കൂടി മുൻകൂട്ടി കണക്കിലെടുക്കണം.
ശരിയായ പ്രോപ്പർട്ടി തിരഞ്ഞെടുക്കാം
സ്ഥലം : ജീവിതശൈലിയുമായും ദീർഘകാല ലക്ഷ്യങ്ങളുമായും പൊരുത്തപ്പെടുന്ന പ്രദേശങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. സാമൂഹിക പരിതസ്ഥിതിയും ഇടവേളകൾ ആസ്വാദ്യകരമാക്കാനുള്ള സൗകര്യങ്ങളുമൊക്കെ പരിഗണനയിലെടുക്കണം.
കണക്ടിവിറ്റി : പ്രധാന റോഡുകൾ, മെട്രോകൾ, പൊതു ഗതാഗത സംവിധാനങ്ങൾ തുടങ്ങിയവ അടുത്തുതന്നെയുള്ള പ്രദേശങ്ങൾ തിരഞ്ഞെടുക്കുക. യാത്രാ സമയം കുറച്ച്, സൗകര്യപ്രദമായ ജീവിതം ആസ്വദിക്കുന്നതിന് ഇത് ഗുണം ചെയ്യും.
കൃത്യമായ ബിൽഡറിനെ തിരഞ്ഞെടുക്കാം
ഒരു ബിൽഡറിനെ തിരഞ്ഞെടുക്കുന്നതിന് മുൻപ് അവരുടെ ഈ മേഖലയിലെ പരിചയസമ്പത്തും കീർത്തിയും എത്തരത്തിലുള്ളതാണെന്ന് കണക്കിലെടുക്കണം. സമയബന്ധിതമായി വീടുകൾ കൈമാറാറുണ്ടോ എന്നതും നിർമിക്കപ്പെടുന്ന വീടുകളുടെ ഗുണനിലവാരവും കൃത്യമായി മനസ്സിലാക്കിയിരിക്കണം. അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ സുരക്ഷ, ഭാവിയിൽ ഭവന മൂല്യം ഉയരാനുള്ള സാധ്യത എന്നിവ ഉറപ്പു നൽകുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കാം.
നിയമപരമായ കാര്യങ്ങൾ ശ്രദ്ധിക്കാം
* വിൽപ്പനക്കാരന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതിനും വസ്തുവുമായി ബന്ധപ്പെട്ട് തർക്കങ്ങളോ അവകാശവാദങ്ങളോ ഇല്ലെന്ന് ഉറപ്പാക്കുന്നതിനും യഥാർത്ഥ ഉടമസ്ഥാവകാശ രേഖ അവലോകനം ചെയ്യണം.
* വസ്തുവിന്റെ നിർമ്മാണ പ്ലാൻ പ്രാദേശിക മുനിസിപ്പൽ അതോറിറ്റി അംഗീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക. നിയമങ്ങളും കെട്ടിട ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
* പ്രോപ്പർട്ടിയും ഡെവലപ്പറും RERA പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉത്തരവാദിത്തപൂർണ്ണമായ രീതിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത് എന്നതും വാഗ്ദാനം ചെയ്ത മാനദണ്ഡങ്ങളും സമയപരിധികളും പാലിക്കുന്നുണ്ട് എന്നതും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു.
വീടുവാങ്ങൽ ടെൻഷൻ ഫ്രീയും സുഗമവുമാക്കാൻ ശ്രദ്ധാപൂർവ്വമായ ബജറ്റിങ് , കൃത്യമായ വായ്പാ തിരഞ്ഞെടുപ്പുകൾ, നിയമസംബന്ധമായ കാര്യങ്ങൾ കൃത്യമായി പരിശോധിക്കൽ, വനിതകൾക്ക് ലഭ്യമായ ആനുകൂല്യങ്ങളെക്കുറിച്ചുള്ള ധാരണ എന്നിവയിലൂടെ സാധിക്കും.