അന്ന് കുടികിടപ്പുകാരൻ; ഇന്ന് പുതിയ വീട്ടിലേക്ക്; മമ്മൂക്കയോടും കടപ്പാട്: ചെമ്പിൽ അശോകൻ
Mail This Article
സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ചെമ്പിൽ അശോകൻ എന്ന നടൻ. സാക്ഷാൽ മമ്മൂട്ടിയുടെ നാട്ടുകാരനും അയൽക്കാരനുമായിരുന്നു ഇദ്ദേഹം. നാട്ടുമ്പുറത്തുകാരനായുള്ള വേഷങ്ങൾ സ്വാഭാവികമായി അഭിനയിച്ചു ഫലിപ്പിക്കുന്ന അശോകൻ സിനിമാക്കാരനായത് കഷ്ടപ്പാടിന്റെ കാലങ്ങൾ ഒരുപാട് സഞ്ചരിച്ച ശേഷമാണ്. അശോകൻ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
മമ്മൂട്ടിയുടെ അയൽക്കാരൻ...
വൈക്കം ചെമ്പാണ് എന്റെയും സ്വദേശം. മമ്മൂക്കയുടെ തറവാടായ പാണപ്പറമ്പിലിന്റെ പടിഞ്ഞാറേ ഭാഗത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. വീടെന്നു പറയാനില്ല. കാട്ടാമ്പള്ളിൽ എന്ന മുസ്ലിം തറവാടിന്റെ ഭൂമിയിലെ കുടികിടപ്പുകാരായിരുന്നു ഞങ്ങൾ.
അച്ഛൻ, അമ്മ, ഞങ്ങൾ 5 മക്കൾ. ഇതായിരുന്നു കുടുംബം. അച്ഛൻ കൊച്ചിൻ പോർട്ടിലെ ദിവസവേതന ജോലിക്കാരനായിരുന്നു. എന്റെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. അമ്മയാണ് കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തിയത്. ആ സമയത്താണ് കുടികിടപ്പവകാശ സമരങ്ങൾ ഒക്കെയുണ്ടാക്കുന്നത്. അങ്ങനെ 10 സെന്റ് ഭൂമി വീട് വയ്ക്കാൻ ഞങ്ങൾക്കും പതിച്ചു കിട്ടി. ഞങ്ങൾ അവിടെ ചെറിയൊരു ഓടിട്ട വീട് പണിതു താമസം തുടങ്ങി.
നാടകത്തിലൂടെ സിനിമ....
22 വർഷം നാടകമായിരുന്നു എന്റെ തട്ടകം. കാളിദാസകലാകേന്ദ്രം അടക്കം പ്രൊഫഷണൽ നാടകസംഘങ്ങളുടെ ഭാഗമായി. എന്റെ ഒരു നാടകം മമ്മൂക്ക കണ്ടിരുന്നു. ഇവൻ നാടകത്തിൽ ഒതുങ്ങിയാൽ രക്ഷപെടില്ല, ഏതെങ്കിലും സിനിമകളിൽ ശുപാർശ ചെയ്ത് കയറ്റാൻ മമ്മൂക്ക അനിയൻ ഇബ്രാഹിംകുട്ടിയെ നിയോഗിച്ചു. അങ്ങനെ ഇബ്രാഹിം എന്നെയും കൊണ്ട് നിരവധി സെറ്റുകളിൽ പോയി പരിചയപ്പെടുത്തി. അങ്ങനെ സിനിമയുമായി ഒരു ബന്ധമുണ്ടായി. പിന്നീട് മമ്മൂക്ക നിർമിച്ച ജ്വലയായ് എന്ന സീരിയലിന്റെ രണ്ടാം പതിപ്പിൽ എനിക്ക് വേഷം തന്നു.
അരനാഴികനേരം എന്ന സീരിയലിലെ അഭിനയം കണ്ടു സംവിധായകൻ സത്യൻ അന്തിക്കാട് ഭാഗ്യദേവതയിലേക്ക് വിളിച്ചു. അങ്ങനെയാണ് സിനിമാപ്രവേശം. ഞാൻ രക്ഷപെട്ടു കാണാൻ ഏറ്റവും ആഗ്രഹിച്ചത് അമ്മയായിരുന്നു. ഭാഗ്യദേവതയുടെ 25 ാം ആഘോഷവേളയുടെ സമയത്താണ് അമ്മ മരിക്കുന്നത്. ഞാൻ സിനിമയിൽ എത്തി രക്ഷപ്പെടുന്നത് കാണാൻ അമ്മയുണ്ടായില്ലലോ എന്ന വിഷമം ബാക്കിയാണ്.
പുതിയ വീട്..
കഴിഞ്ഞ വർഷം സിനിമയിലെത്തിയതിന്റെ പത്താം വാർഷികത്തിലാണ് ഏറെക്കാലത്തെ സ്വപ്നമായ വീട് സഫലമാകുന്നത്. 1800 ചതുരശ്രയടിയുള്ള ഇരുനില വീടാണ്. പഴയ വീട്ടിൽതാമസിച്ചു കൊണ്ടായിരുന്നു വീടുപണി. ചെറിയ പ്ലോട്ട് ആയതുകൊണ്ട് ഇപ്പോൾ പഴയ വീട് പൊളിച്ചു കൊണ്ടിരിക്കുകയാണ്. തിരിഞ്ഞു നോക്കുമ്പോൾ ആകെയൊരദ്ഭുതമാണ്. കുടികിടപ്പുകാരനായി കഴിഞ്ഞ ഞാൻ ഇപ്പോൾ സ്വന്തം രണ്ടു നില വീട്ടിൽ താമസിക്കുന്നു..
കുടുംബം, കൊറോണക്കാലം...
ഭാര്യ ഗിരിജ. മൂത്ത മകൻ അരുൺ ഘാനയിൽ മെഡിക്കൽ മേഖലയിൽ ജോലിചെയ്യുന്ന. ഇളയവൻ ആനന്ദ് പഠനം കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്നു.
തൊടുപുഴയിൽ പുതിയ പടത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് കൊറോണയുടെ വരവും ലോക്ഡൗണും. ഇപ്പോൾ രണ്ടുമാസമായി വീട്ടിൽത്തന്നെയാണ്. നേരത്തെ പാലുകാച്ചൽ കഴിഞ്ഞു അധികദിവസം ഇവിടെ താമസിക്കാൻ കഴിഞ്ഞില്ല എന്ന പരാതി കൊറോണ തീർത്തുതന്നു. പക്ഷേ ഇപ്പോൾ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. ലോക്ഡൗൺ കഴിഞ്ഞാലും ഷൂട്ടിങ് എന്ന് പുനഃരാരംഭിക്കുമെന്നു അറിയില്ല. എല്ലാം വേഗം ശരിയാകണേ എന്ന് പ്രാർഥിക്കുന്നു...
English Summary- Chembil Asokan Actor Home Memories