ADVERTISEMENT

നടൻ ഹരിശ്രീ അശോകന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായിരുന്നു പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രം. കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന് വർഷങ്ങൾക്കുശേഷം ജീവിതത്തിൽ സാമ്പത്തിക പുരോഗതി ഉണ്ടായപ്പോൾ കൊച്ചിയിൽ നിർമിച്ച സ്വപ്നവീടിനും അശോകൻ 'പഞ്ചാബി ഹൗസ്' എന്നാണ് പേരുനൽകിയത്.

ഇപ്പോൾ വീട് നിർമാണത്തിലെ അപാകതകളുടെ പേരിൽ താരം ഉപഭോക്‌തൃ കോടതിയിൽ നൽകിയ കേസിന്റെ വിധിയിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് 'പഞ്ചാബി ഹൗസ്'. വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പിഴവുകൾ വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു.

വീടിന്റെ ഫർണിഷിങ്- ഫ്ലോറിങ് ഘട്ടത്തിൽ സംഭവിച്ച പിഴവാണ് താരത്തിന് തലവേദനയായത്. ഫർണിഷിങ് പൂർത്തിയായി നാലുവർഷം കഴിഞ്ഞപ്പോള്‍ ടൈലുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിലേക്ക് എത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് അശോകൻ ടൈലുകൾ വാങ്ങിയ കമ്പനികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്. 

കേസ് കോടതിയിലെത്തിയപ്പോൾ ടൈലുകളുടെ അപാകത സംബന്ധിച്ച് തെളിവുകളില്ലെന്നും ഉൽപന്നം വാങ്ങിയതിനും വാറൻ്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നും പരാതിക്കാരൻ്റെ കൈവശം ഇല്ലെന്നും എതിർകക്ഷികൾ വാദിച്ചു. എന്നാൽ ഇൻവോയ്‌സും വാറന്റി രേഖകളും നൽകാതെ ഉപഭോക്താവിനെ കബളിപ്പിച്ച എതിർകക്ഷികളുടെ പ്രവൃത്തി അധാർമിക വ്യാപാര രീതിയുടെ നേർചിത്രമാണെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരനുണ്ടായ നഷ്ടങ്ങൾക്കും ബുദ്ധിമുട്ടുകൾക്ക് രണ്ടാംഎതിർകക്ഷി 16,58,641 രൂപ നൽകണം. കൂടാതെ നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകുവാനും കോടതി നിർദ്ദേശിച്ചു.

English Summary:

Defective Floor Tiles- 17-lakh-compensation-to-harisree-ashokan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com