രണ്ടു തിരുത്തലുകൾ അനിവാര്യം; മറ്റാർക്കും ലഭിക്കാത്ത വില; വലിയ സസ്പെൻസ്: വൈറൽ കുരുമുളകു തോട്ടത്തിലെ പുതുവിശേഷങ്ങൾ
Mail This Article
വൈറൽ കുരുമുളകു തോട്ടവും അതിന്റെ ഉടമ പീറ്ററിനെയും ഓർക്കുന്നില്ലേ? 25 അടി ഉയരത്തിൽ ഹൈ ഡെൻസിറ്റി രീതിയിൽ 800 സിമന്റ് കാലുകളിൽ പെപ്പർ തെക്കൻ ഇനം കുരുമുളകു കൃഷി ചെയ്ത പീറ്ററിനെ ആരും മറക്കാനിടയില്ല. അതുകൊണ്ടുതന്നെയാണ് വീണ്ടും അദ്ദേഹത്തിന്റെ ‘വൈറൽ’ കുരുമുളകു തോട്ടം വീണ്ടും സന്ദർശിച്ചത്. കർഷകശ്രീയുടെ പ്രേക്ഷകരുടെ അഭ്യർഥന മാനിച്ചായിരുന്നു ഈ സന്ദർശനം.
കുരുമുളകിന്റെ വിളവെടുപ്പു കാലമാണ്. തോട്ടത്തിലെത്തുമ്പോൾ മൂത്തു പഴുത്തു വിളഞ്ഞ കുരുമുളകു കുലകൾ വിളവെടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. മൂന്നര വർഷം പിന്നിട്ട ഈ കുരുമുളകു ചെടികളിൽനിന്ന് മൂന്നു ടൺ ഉണക്കക്കുരുമുളകാണ് ഇത്തവണ പീറ്റർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 1642 കിലോ ഉണക്കക്കുരുമുളകായിരുന്നു ലഭിച്ചത്. അത് നല്ല വിലയ്ക്കു തന്നെ കേരളത്തിൽനിന്നുള്ള ഒരു വൻകിട കമ്പനി വാങ്ങിയെന്നും പീറ്റർ. അന്ന് 650 രൂപയായിരുന്നു കുരുമുളകിന്റെ മാർക്കറ്റ് വിലയെങ്കിൽ 750 രൂപ തന്നാണ് കമ്പനി തന്റെ കയ്യിൽനിന്ന് കുരുമുളക് വാങ്ങിയതെന്നും പീറ്റർ പറയുന്നു.
യുവാക്കൾക്കു താൽപര്യം കൂടി
കേരളത്തിൽ വീണ്ടുമൊരു കുരുമുളകു കൃഷി വിപ്ലവത്തിനു തുടക്കം കുറിക്കാൻ പീറ്ററിന്റെ ഈ തോട്ടത്തിനു സാധിച്ചുവെന്ന് സംശയമില്ലാതെ പറയാൻ കഴിയും. ഒരു കാലത്ത് കുരുമുളകിന്റെ കേന്ദ്രമായ വയനാട്ടിൽ പടർന്നു പിടിച്ച ദ്രുതവാട്ടം കുരുമുളകിനെ അവിടെനിന്ന് തുടച്ചുനീക്കിയെന്നു പറയാം. എന്നാൽ, കുറേ കാലത്തിനു ശേഷം ഒട്ടേറെ പേർ വയനാട്ടിൽ കുരുമുളകു കൃഷി ആരംഭിച്ചിട്ടുണ്ടെന്നു പീറ്റർ. സിമന്റ് കാലിലൊക്കെ ഒട്ടറെ പേർ തോട്ടം തുടങ്ങിക്കഴിഞ്ഞു. അതുപോലെ പാലാ, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട പോലുള്ള സ്ഥലങ്ങളിലും ഒട്ടറെ പേർ കുരുമുളകിലേക്കു തിരിഞ്ഞിട്ടുണ്ട്. കണ്ണൂർ പിണറായി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ കെഎസ്ഇബിക്കുള്ള സിമന്റ് പോസ്റ്റുകൾക്കു പുറമേ കുരുമുളകു കൃഷിക്കുള്ള കാലുകളും ഉൽപാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഒരുപാട് ആളുകൾ അത് വാങ്ങുന്നുമുണ്ടെന്ന് പീറ്റർ പറഞ്ഞു. പരമ്പരാഗത കൃഷിക്കാരെ കൂടാതെ യുവാക്കളും കുരുമുളകു കൃഷി ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. പല തോട്ടങ്ങളും കാടുപിടിച്ചു കിടക്കുന്നതിനാൽ അതിനൊരു മാറ്റമുണ്ടാക്കാനാണ് പലരുടെയും ശ്രമം.
രണ്ടു തിരുത്തലുകൾ അനിവാര്യം
ഇതൊരു പരീക്ഷണക്കൃഷിയായിരുന്നു. അതുകൊണ്ടുതന്നെ ചില പോരായ്മകൾ ഉണ്ട്. കാലുകൾ തമ്മിലുള്ള അകലമാണ് പ്രധാന കുറവ്. ഇപ്പോൾ നട്ടിരിക്കുന്നത് 6.5 അടി അകലത്തിലാണ്. എന്നാൽ കുരുമുളകു ചെടിയുടെ അടിഭാഗത്ത് തിരിപിടിത്തം കുറയ്ക്കുന്നുണ്ട്. അതിനാൽ കഴിഞ്ഞ വിഡിയോകളിൽ സൂചിപ്പിച്ചതു പോലെ അകലം 8–10 അടിയിലേക്ക് മാറ്റും. ഒപ്പം സിമന്റ് പോസ്റ്റിന്റെ ഉയരം 12 മീറ്റർ ആക്കുകയും ചെയ്യും. ഇവിടെ കാണാൻ വരുന്നവരോട് ഇക്കാര്യം പ്രത്യേകം പറയാറുണ്ട്.
അതുപോലെ, ഗ്രാഫ്റ്റ് ചെയ്യാത്തതും തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്തതുമായ കുരുമുളകു തൈകൾ ഒരുമിച്ച് നട്ടതും ഒരു പോരായ്മയാണ്. രണ്ടിനും രണ്ടു സാഹചര്യമാണ് ആവശ്യം. അതായത് തിപ്പിലിയിൽ ഗ്രാഫ്റ്റ് ചെയ്തതിന് വേനൽക്കാലത്ത് നല്ല രീതിയിൽ വെള്ളം വേണം. എന്നാൽ, ഗ്രാഫ്റ്റ് ചെയ്യാത്തതിന് അധികം വെള്ളം ആവശ്യമില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഇനി നടില്ല. രണ്ട് ഏക്കർ വീതമുള്ള രണ്ടു തോട്ടങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണ്. കർഷകശ്രീയിൽ വന്ന ആദ്യ വിഡിയോയിൽ കണ്ണൂരിൽ തോട്ടം ആരംഭിക്കുമെന്നു പറഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തെ വലിയ വേനൽ മൂലം തോട്ടമുണ്ടാക്കാൻ സാധിച്ചില്ല. എന്നാൽ, ഈ വർഷം ഉറപ്പായും കണ്ണൂരിൽ രണ്ട് ഏക്കറിൽ തോട്ടമുണ്ടാക്കും. സിമന്റ് കാൽ തന്നെയാണ് അവിടെയും ഉപയോഗിക്കുക. അതുപോലെ എറണാകുളത്തും മറ്റൊരു രണ്ടേക്കറിൽ തോട്ടമുണ്ടാകും.
പെപ്പർ തെക്കൻ മാത്രമല്ല
ഇടുക്കി കാഞ്ചിയാർ സ്വദേശിയായ ടി.ടി.തോമസ് എന്ന കർഷകനു പേറ്റന്റ് ഉള്ള ഇനമാണ് പെപ്പർ തെക്കൻ. അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിച്ചായിരുന്നു കിഴക്കമ്പലത്തെ ആദ്യ തോട്ടം ഒരുക്കിയത്. അദ്ദേഹംതന്നെ പുറത്തിറക്കിയ പെപ്പർ തെക്കൻ–2ലാണ് തന്റെ അടുത്ത ശ്രദ്ധയെന്ന് പീറ്റർ. ഈ ഇനം പരീക്ഷണാടിസ്ഥാനത്തിൽ വളർത്തിയിരുന്നു. അതിൽ ഒരടിയോളം നീളമുള്ള തിരികളാണ് ഉണ്ടായത്. തിരിയുടെ നീളത്തിനൊപ്പം വലുപ്പമേറിയ മണികളാണ് ഈ ഇനത്തിന്റെ പ്രത്യേക. ബുഷ് പെപ്പർ രീതിയിൽ വളർത്തിയും അതിന്റെ വളർച്ചയും ഉൽപാദനവും ബോധ്യപ്പെട്ടിട്ടുണ്ടെന്നും പീറ്റർ പറയുന്നു. ഉണക്കുവാശിയും ഒപ്പം ഓയിൽ കണ്ടെന്റും ഇതിൽ കൂടുതലുണ്ട്. അടുത്ത തോട്ടത്തിൽ ഈ ഇനവും ഉണ്ടാകും. എന്നാൽ, പെപ്പർ തെക്കൻ–1നെ ഒഴിവാക്കുകയുമില്ല.
കോൺക്രീറ്റ് മാത്രമല്ല ജിഐ പൈപ്പിലും
ഇത്തവണ മറ്റൊരു പരീക്ഷണത്തിനുംകൂടി പീറ്റർ തുടക്കം കുറിച്ചിട്ടുണ്ട്. സിമന്റ് കാലുകൾക്കു പുറമേ ജിഐ പൈപ്പുകളിലും കൃഷി ആരംഭിക്കുന്നുണ്ട്. 9 മീറ്റർ നീളമുള്ള, 4 ഇഞ്ച് വ്യാസമുള്ള ജിഐ പൈപ്പാണ് ഇതിന് ഉപയോഗിക്കുക. ഇതിൽ ഒരു മീറ്റർ മണ്ണിനടിയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കും. അതുകൊണ്ടുതന്നെ മറിഞ്ഞുപോകുമെന്ന പേടി വേണ്ട. മാത്രമല്ല, ഇതിൽ ഏണി ചാരി വിളവെടുക്കാനും കഴിയും. പെയിന്റ് പൂശിയ ജിഐ പൈപ്പിനു പുറമേ ഷേഡ് നെറ്റ് ചുറ്റുകയും ചെയ്യുന്നുണ്ട്. പെപ്പർ തെക്കൻ–2 ഇതിൽ നട്ടു തുടങ്ങിയിട്ടുണ്ട്. ഇനി അടുത്ത വിപ്ലവ കാഴ്ചയ്ക്കായി കാത്തിരിക്കാം...
ഫോൺ: 94470 80722