രാജ്യത്തിന്റെ ഒന്നാം എൻജിൻ കൃഷി; കാർഷിക ജില്ലകളെ വളർത്താൻ പദ്ധതി; കിസാൻ ക്രെഡിറ്റ് കാർഡ് പരിധി ഇനി 5 ലക്ഷം

Mail This Article
രാജ്യത്തിന്റെ പ്രവർത്തനത്തിൽ ഒന്നാം എൻജിനായി കാർഷിക മേഖല വർത്തിക്കുന്നു എന്ന സൂചിപ്പിച്ചായിരുന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജന്റ് പ്രൊപ്പോസൽ ആരംഭിച്ചത്. പ്രൈം മിനിസ്റ്റർ ധൻ–ധാന്യ കൃഷി യോജനയായിരുന്നു പ്രഖ്യാപനത്തിൽ ആദ്യത്തേത്. കാർഷിക ജില്ലകളെ വളർത്തിയെടുക്കാനുള്ള ഈ പദ്ധതി സംസ്ഥാനങ്ങളുടെ പിന്തുണയോടെയാണ് നടപ്പിലാക്കുക. ഉൽപാദനത്തിൽ പിന്നോക്കമുള്ള, വിളസാന്ദ്രത കുറഞ്ഞ നൂറു ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ കാർഷികോൽപാദനം മെച്ചപ്പെടുത്തുക, വിളവൈവിധ്യവും സുസ്ഥിര കൃഷി രീതികളും, പഞ്ചായത്ത്–ബ്ലോക്ക് തലത്തിൽ വിളവ് സൂക്ഷിക്കാനുള്ള സംഭരണ സംവിധാനം, ജലസേചന സംവിധാനം മെച്ചപ്പെടുത്തൽ, ഹ്വസ്വകാല–ദീർഘകാല വായ്പാ സംവിധാനമൊരുക്കൽ എന്നിവയാണ് ലക്ഷ്യമിടുന്നത്. 1.7 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.
ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഗ്രാമീണ മേഖലയുടെ വികാസത്തിനും കാര്യമായ സ്ഥാനം നൽകിയിട്ടുണ്ട്. കാർഷിക മേഖലയിൽ നൈപുണ്യം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രാമീണ മേഖലയുടെ വളർച്ച എന്നിവയിലൂടെ കാർഷിക മേഖലയിൽ തൊഴിലുകൾ വർധിപ്പിക്കും. ഇത് ഗ്രാമീണ മേഖലകളിൽ വലിയ സാധ്യതകൾക്ക് വഴിയൊരുക്കും. ഈ പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് ഗ്രാമീണ സ്ത്രീകൾ, യുവ കർഷകർ, ഗ്രാമീണ യുവാക്കൾ, ചെറുകിട–ഇടത്തരം കർഷകർ, ഭൂരഹിതർ എന്നിവരെയാണ്.
പയർവർഗങ്ങളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ദേശീയ കർമ്മപദ്ധതിയാണ് ആവിഷ്കരിക്കുന്നത്. രാജ്യത്തെ കർഷകർക്ക് നമുക്ക് ആവശ്യമായ അളവിൽ ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നു പറഞ്ഞ ധനമന്ത്രി, പത്തു വർഷം മുൻപ് തുടക്കമിട്ട പദ്ധതിയിലൂടെയാണ് നാം സ്വയം പര്യാപ്തതയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതെന്നു വ്യക്തമാക്കി. കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി കർഷകർ 50 ശതമാനത്തോളം വർധിപ്പിച്ചു. ഉൽപന്നം സംഭരിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കിയതിനൊപ്പം മികച്ച വില നൽകുകയും ചെയ്തു. വരുമാനം ഉയർന്നതും വിലക്കുറവും നമ്മുടെ പയർ വർഗങ്ങളുടെ ഉപഭോഗം വർധിപ്പിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ സർക്കാർ പയർവർഗങ്ങൾക്കായി ആറു വർഷ പദ്ധതിയാണ് പുതുതായി ആവിഷ്കരിക്കുന്നത്. തുവരപ്പരിപ്പ്, ഉഴുന്ന്, ചുവന്ന പരിപ്പ് എന്നിവയിലാണ് പ്രധാന ശ്രദ്ധ. ഈ മൂന്ന് പരിപ്പിനങ്ങളും കേന്ദ്ര ഏജൻസികളായ നാഫെഡ്, എൻസിസിഎഫ് എന്നിവ സംഭരിക്കും. കർഷകർ ഈ ഏജൻസികളിൽ റജിസ്റ്റർ ചെയ്ത് കരാർ ഉണ്ടാക്കണം.
പോഷകസമ്പുഷ്ടമായ ഭക്ഷണത്തിന്റെ ആവശ്യകതയിൽ ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള സമൂഹത്തിന്റെ സൂചനയാണെന്നു പറഞ്ഞ ധനമന്ത്രി വരുമാനം വർധിക്കുന്നതിനൊപ്പം പഴം–പച്ചക്കറികൾ പോലുള്ളവയുടെ ഉപഭോഗം വർധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഉൽപാദനം ഉയർത്താനും വിതരണം മെച്ചപ്പെടുത്താനും സംസ്കരണം എന്നിവയ്ക്കുള്ള സമഗ്ര പദ്ധതി സംസ്ഥാനങ്ങളുടെ പിന്തുണയോടെ നടപ്പാക്കും.
ബിഹാറിനുവേണ്ടിയുള്ള പ്രത്യേക പ്രഖ്യാപനമാണ് മഖാന ബോർഡ്. മഖാന എന്ന പ്രത്യേക താമരയിനത്തിന്റെ ഉൽപാദനം, സംസ്കരണം, മൂല്യവർധന, മാർക്കറ്റിങ് എന്നിവയ്ക്കുവേണ്ടിയാണ് പ്രത്യേക ബോർഡ് രൂപീകരിക്കുന്നത്. ഈ മേഖലയിലുള്ളർക്കായി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ രൂപീകരിക്കും. സർക്കാർ പദ്ധതികൾ കർഷകരിൽ എത്തിക്കാനും പരിശീലനം നൽകാനും ബോർഡ് വഴിയൊരുക്കും.
അത്യുൽപാദനശേഷിയുള്ള വിത്തുകൾ വികസിപ്പിക്കുന്നതിനായി ദേശീയ പദ്ധതിയും ബജറ്റിലുണ്ട്. ഗവേഷണങ്ങൾ മെച്ചപ്പെടുത്താനും മികച്ച ഉൽപാദനമുള്ള, കീടരോഗപ്രതിരോധശേഷിയുള്ള, കാലാവസ്ഥയെ അതിജീവിക്കുന്ന ഇനങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. 2024 ജൂലൈയിൽ പുറത്തിറക്കിയ 100 ഇനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ലഭ്യതയും പദ്ധതിയിലുണ്ട്.
കിസാൻ ക്രെഡിറ്റ് കാർഡ് പരിധി മൂന്നിൽനിന്ന് അഞ്ചു ലക്ഷമാക്കി ഉയർത്തി എന്നതാണ് സുപ്രധാന തീരുമാനം. നിലവിൽ ഈടില്ലാതെ 1.6 ലക്ഷം രൂപ വരെയും ഈടിലൂടെ 3 ലക്ഷം രൂപ വരെയുമായിരുന്നു കിസാൻ ക്രെഡിറ്റ് കാർഡിലൂടെ വായ്പ ലഭിച്ചിരുന്നത്. ഇതിന്റെ പരിധി ഉയർത്തിയത് കർഷകർക്ക് പ്രയോജനപ്പെടും.