കവിതയുടെ നഷ്ടസ്വര്‍ഗ്ഗം ഇതാ ഇവിടെയുണ്ട്; ഈ വെര്‍ജീനിയന്‍ വെയില്‍ക്കാലത്തില്‍
നാഷണല്‍ ബുക്ക് സ്റ്റാള്‍
വില 140
Mail This Article
ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കഥ പോലും കവിതയാകുമെന്നെഴുതിയത് എംടിയാണ്. അതേ എംടിയുടെ വാക്കുകളെ സ്പര്‍ശിച്ചും സ്മരിച്ചും എംടിയുടെ ഭാവനയ്ക്ക് നമോവാകം ചൊല്ലിയും തുടങ്ങുന്ന ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം’ മലയാളത്തിനു സമ്മാനിക്കുന്നതു കവിതയുടെ പകല്‍പ്പൂരം. ഏതു കാലത്തിലും ഏതു ലോകത്തിലും എത്ര നിരാസ-പരിഹാസമേല്‍ക്കിലും പ്രണന്റെ ഭാഷ മന്ത്രിക്കുന്ന കവിതയുടെ വെയില്‍ക്കാലം. പ്രണയസംത്രാസങ്ങള്‍ വിരിയിച്ച സോളമന്റെ വിരലുകള്‍ താണുചുംബിക്കും പോലെ കവിതയുടെ ശരല്‍ക്കാലം. പേരു തിരിയാത്ത വിചിത്രാനുഭൂതികള്‍ സാധകം ചെയ്യുന്ന രതിനൊമ്പരങ്ങളെ പരിചയപ്പെടുത്തുന്ന പ്രകൃതിയുടെ സര്‍ഗ്ഗവരദാനം. പഴയനിയമത്തിലെ പ്രണയഗീതം പോലെയും, ഉല്‍പത്തി പുസ്തകം നെഞ്ചോടു ചേര്‍ത്തു ജപിക്കുന്ന സല്‍പ്പുത്രമന്ത്രം പോലെയും മുടിയിഴകളില്‍ നിന്നുതിരുന്ന രജതജലബിന്ദുക്കള്‍ പോലെയും സ്നാന വിശുദ്ധമായ വിസ്മയം. മലയാളം ഒരിക്കല്‍ വാരിപ്പുണരുകയും ആധുനികതയുടെയും ഉത്തരാധുനികതയുടെയും അന്ധവാതത്തില്‍ നഷ്ടപ്പെടുകയും ചെയ്ത വാക്കുകളുടെ ലയം. വരികളുടെ താളം. വാക്കുകളെയും വരികളെയും പരസ്പരം ബന്ധിപ്പിക്കുന്ന അര്‍ഥസമ്പന്നമായ ശ്രുതിയുടെ ആന്ദോളനം. പതിറ്റാണ്ടുകള്‍ നീണ്ട മരുഭൂ യാത്രയ്ക്കുശേഷം മരുപ്പച്ചയിലെ ഇളനീര്‍ തടാകത്തില്‍ മുങ്ങിനിവരുന്നതുപോലെ കവിതയുടെ ആഴക്കുളിരിലേക്കു കൈ നീട്ടിക്ഷണിക്കുന്ന ആദിപ്രണയ സന്ദേശം. കവിതയുടെ തിരു ബാധയേറ്റ് കവിക്കൊപ്പം സഹൃദയനും സമാനമനസ്കനും പാടുന്നു:
വെര്‍ജീനിയന്‍ വെയില്‍ക്കാലമേ നീയെന്റെ
സ്വപ്നാടനങ്ങള്‍ക്കിളംചൂടു നല്‍കുവാ-
നിത്രനാളെങ്ങായിരുന്നു; വിരിയാത്ത
കരിമൊട്ടുകള്‍ക്കുമീക്കിളിമുട്ടകള്‍ക്കുമാ-
ണനുരാഗപൂര്‍വ്വമീ ഗാനം; വെയിലേറ്റു
കവിളുകള്‍ താനേ തുടുക്കുമപദാനം.
അമേരിക്കയിലെ വെര്‍ജീനിയയിലെ റിച്ച്മോണ്ടില്‍ അന്തോണീസ് പുണ്യവാളന്റെ ലെബനോണ്‍കാര്‍ പണിത പള്ളി പെരുന്നാളില്‍, ലാവണ്യങ്ങളുടെ കുത്തൊഴുക്കില്‍, മുന്തിരി സാന്നിധ്യമുള്ള മധുരം കഴിക്കുമ്പോഴും കവിയുടെ ഹൃദയനീഡത്തിലെ പക്ഷി പാടുന്നത്
എവിടെയാണെങ്കിലും നാമൊരേ വീടെന്ന മന്ത്രം.
നമുക്കീ മരുഭൂമിയില്‍ ഒരു
മഘമല്ലാര്‍ മരം നിറയെ
കിളിപ്പാട്ടുകള്‍ വന്നു പാര്‍ക്കും
ഞാറ്റുവേല നാടാം.
അടക്കത്തില്‍ നമ്മളാദ്യം
കണ്ടുമുട്ടിയ ചെമ്പകത്തിന്‍
കവിള്‍ക്കൂമ്പിലെ നീലമറുകിന്‍
ചരിത്രം തിരയാം.
ചിത്രനക്ഷത്രച്ചുവട്ടില്‍ നഷ്ടസ്വര്‍ഗ്ഗം വീണ്ടെടുക്കാം നാഗപഞ്ചമിയില്‍,
കലക്കത്തെത്തിരുമിഴാവില്‍ മഴനിലാവിനു താളമാകാം,
ചിനക്കത്തൂര്‍പൂരമാകാം,
ചിന്നവീടാകാം.
വെര്‍ജീനിയന്‍ വെയില്‍ക്കാലത്തിനൊപ്പം, വാഷിങ്ടണിലെ മരങ്ങള്‍ക്കു നാവുണ്ടായിരുന്നെങ്കില്‍ പാടുന്ന പാട്ട് പാടുന്ന സാക്ഷിമരങ്ങള്‍, ന്യൂയോര്‍ക്കില്‍ നിന്ന് ഉഴവൂരിലേക്കൊരു മേഘസന്ദേശം എന്നീ കവിതകളിലും പശ്ചാത്തലം അമേരിക്കയാണെങ്കിലും മലയാളത്തിന്റെ മണ്ണില്‍ത്തന്നെയാണ് ഏഴാച്ചേരിയുടെ കവിതകള്‍ തൊട്ടുനില്‍ക്കുന്നത്. ലോകത്ത് എങ്ങും നിറയുന്ന വെയില്‍പ്പൂക്കളുടെ ഗ്രീഷ്മഭംഗിയിലും.
വെയിലിന്‍ തോളില്‍ കൈവച്ചെത്തുന്ന ഗ്രീഷ്മത്തിന്റെ മകളാം നട്ടുച്ചയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചാണ് ഏഴാച്ചേരി എഴുതുന്നത്. സൂര്യനെ, സ്ഥിരോത്സാഹിയായ സുതാര്യനാം ആര്യനെ പൂജിക്കുന്ന വേനല്‍ച്ചെക്കന്‍ ആകുകയാണ് കവി. ജീവിതം നിത്യഗ്രീഷ്മ രമ്യമായിരുന്നെങ്കില്‍ എന്നു കവി പ്രാര്‍ഥിക്കുന്നു. ജീവനില്‍ നിന്ന് ഈ വെയില്‍ കൊഴിയാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.
മുറിവേറ്റ മനുഷ്യത്വത്തിന്റെ നിലവിളിക്ക് ഏഴാച്ചേരി ഒന്നിലധികം കവിതകളില്‍ ശബ്ദം കൊടുക്കുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ രക്തസാക്ഷിയായ ഗൗരിലങ്കേഷ് ഒന്നിലധികം കവിതകളില്‍ ഉണര്‍പ്പാട്ടായും ഉയിര്‍ത്തുപാട്ടായും താളം കണ്ടെത്തുന്നു.
ചോരകൊണ്ടൊരുദാരമാം നേരിനെ
കാലശൂലത്തിനാവില്ല മൂടുവാന്‍
തോക്കുകൊണ്ടൊരശാന്ത സമസ്യയെ
നേര്‍ക്കുവാന്‍ വിഷക്കാറ്റിനാവില്ല
ആകയാല്‍ വെയില്‍ കത്തും കനല്‍ച്ചൂ-
രാണു ഗൗരിക്കിണങ്ങും വികാരം എന്നു കവി തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെയാണ് വെയിലിനെ, ഗ്രീഷ്മത്തെ കവി അകമഴിഞ്ഞ് ആരാധിക്കുന്നതും ഉള്‍ക്കൊള്ളുന്നതും വെയില്‍പ്പൂക്കള്‍ക്കൊപ്പം ഉണരുന്നതും ഉയരുന്നതും.
വെയിര്‍ജീനിയന്‍ വെയില്‍ക്കാലത്തില്‍ മുഴുകുമ്പോഴും പലസ്തീന്‍ പക്ഷികള്‍ കവിയിലൂടെ പാടുന്നുണ്ട്. വാതിലില്‍ വന്നു മുട്ടുന്നുണ്ട് രോഹിംഗ്യകള്‍. ഒടുവില്‍ ഇന്ത്യ 2018- ല്‍ എത്തുമ്പോള്‍ ചിറകറ്റ സ്വപ്നം തുടല്‍കിലുക്കുന്ന ശബ്ദമാണു കവി കേള്‍ക്കുന്നത്. ചതിയുടെ തോളത്തു ചായുന്ന നീതിയുടെ രതിദേവത ചിരിക്കുന്നതാണു കാണുന്നത്. വിരലറ്റ കൈ നീട്ടുന്ന തെരുവുകള്‍. വിശപ്പിന്റെ വിഷമവൃത്തങ്ങള്‍. കണ്ണുനീരാഴിച്ചുഴികളില്‍ താഴുന്ന ശരണാര്‍ഥികള്‍. ഒക്കെയും നോക്കി വടി കുത്തി കിതയ്ക്കുന്ന നിരാലംബനായ വൃദ്ധപിതാവിന്റെ നഗ്നപാദങ്ങള്‍. അഴകറ്റ്, ബധിരയും അന്ധയും മൂകയുമായിത്തീര്‍ന്ന അമ്മ. കാലം കണക്കുചോദിക്കുമെന്ന് മുന്നറിയിപ്പു നല്‍കുന്ന കവി വിളിക്കുന്നു:
നിഷാദനാമുണ്ണീ വരിക, നീയെന്‍ തല പൊന്തിച്ചു
തണ്ണീര്‍ പകര്‍ന്നു തന്നാലും; മലിനകള്‍
പുണ്യനദികളാം ദാസികുലം പെറ്റൊ-
രെണ്ണക്കറുമ്പരാം മക്കള്‍, നായാടികള്‍...
ആര്‍ദ്രത വറ്റിയ കാലത്തിന്റെ ഏക ആര്‍ദ്രതയാണു കവിതയെന്നു പറയുകയും പാടുകയും ചൊല്ലുകയും ഏറ്റുചൊല്ലാന്‍ കൂടെവിളിക്കുകയും ചെയ്യുന്ന ഏഴാച്ചേരി കവിതകളുടെ സ്നേഹ നാനാര്‍ഥങ്ങളാണ് ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം. ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത കവിതയുടെ ഈ തിരുമിഴി ഒരിക്കലും അടയാതിരിക്കട്ടെ. നീര്‍ച്ചാലായെങ്കിലും ഇന്നും ഒഴുക്കു തിരയുന്ന ഈ സ്നേഹനദി എന്നും വറ്റാതൊഴുകട്ടെ മലയാളത്തിന്റെ മണ്ണിലൂടെ, മനസ്സിലൂടെ, മനസാക്ഷിയിലൂടെ...
ഒന്നിച്ചു മെല്ലെ നടക്കാം; പുലിമട
പിന്നീടുവോളമീ മര്‍ത്ത്യസുഗന്ധങ്ങ-
ളെല്ലാമൊളിക്കാം, മണം പിടിച്ചല്ലയോ
പെണ്ണേ വരുന്നതൊളിയമ്പുകള്‍, വനം
നമ്മെത്തിരിച്ചറിഞ്ഞാലോ ?
English Summary: ‘Oru Virginian Veyilkalam’ poems by Ezhacherry Ramachandran