ഓര്‍ക്കാപ്പുറത്ത് ഓര്മപ്പെടുത്തലുകളാകുന്ന കല്ലേറുകള്‍
ഡിസി ബുക്സ്
വില 199
Mail This Article
‘എത്രയൊക്കെ സുരക്ഷിതരാണ് നാം എന്നു കരുതിയാലും കെട്ടിയുണ്ടാക്കിയ എല്ലാ മേല്‍ക്കൂരയ്ക്കും മതിലിനും മൂടുപടത്തിനുമെല്ലാം തുളയിടാന്‍ തക്കവിധമൊരു ഏറ് ഏവരുടേയും ഉള്ളിലൊരു ആധിയായി ബാക്കിയുണ്ടാകും’. ആമുഖത്തില്‍ എഴുത്തുകാരന്‍ ഇങ്ങനെ പറഞ്ഞുവച്ച ശേഷമാണ് കഥയിലേക്ക് കടക്കുന്നത്. ശ്രീധരന്റെ ജീവിതത്തിലേക്ക് ഏറ് തുടങ്ങിയത് പൊലീസ് ഉദ്യോഗം അവസാനിപ്പിച്ച ശേഷമാണ്. ഇരുട്ടിന്റെ മറവില്‍ ഒറ്റയേറില്‍ ഒരു ഓടു മാത്രം പൊട്ടിച്ചാണ് തുടങ്ങിയതെങ്കില്‍ ഒടുവിലെത്തുമ്പോഴേക്കും സങ്കല്‍പിക്കാന്‍ കഴിയാത്ത വിധം ഏറോട് ഏറ് ആണ്. മകളുടെ പ്രസവശുശ്രൂഷയ്ക്ക് വേണ്ടിയാണ് ശ്രീധരന്റെ ഭാര്യ വിദേശത്തേക്ക് പോയത്. അതോടെ പഴയ വീട്ടില്‍ അയാള്‍ ഒറ്റയ്ക്കായി. ഒരു രാത്രി ഒരേറില്‍ ഒരു ഓട് പൊട്ടുന്നു. അവിടം കൊണ്ട് തീര്‍ന്നില്ല. എല്ലാ രാത്രിയിലും ഏറ് തുടര്‍ന്നു. എവിടെ നിന്നാണ് ഏറു വരുന്നതെന്ന് അറിയാന്‍ ശ്രീധരന്‍ സര്‍വീസ് ഹിസ്റ്ററി മുഴുവന്‍ തപ്പി പിന്നോട്ടു സഞ്ചരിക്കുന്നു. ആ സഞ്ചാരം കടന്നു ചെല്ലുന്നത് ചരിത്രത്തിന്റെ പല ഏടുകളിലേക്കുമാണ്.
നോവലിന്റെ ഓരോ താളിലും വായനയുടെ രസച്ചരട് പൊട്ടാതിരിക്കാനുള്ള സൂത്രവിദ്യ എഴുത്തുകാരൻ ദേവദാസ് വി.എം. ഒളിപ്പിച്ചുവച്ചിരിക്കുന്നു. ഉറവപൊട്ടി പതിയെ ഒഴുകിത്തുടങ്ങുന്ന നോവലാണ് ഏറ്. വീണ്ടും പലയിടത്തും ഉറവപൊട്ടുകയോ കൈവഴികള്‍ ഒഴുകിയെത്തുകയോ ചെയ്യുന്നു. പിന്നീട് ഒഴുക്കിന്റെ വേഗം കൂടുന്നു. ഒടുക്കം കുത്തിയൊലിച്ച് മലവെള്ളപ്പാച്ചിലായി മാറുകയാണ് നോവല്‍. സ്വസ്ഥമായി എന്നു കരുതുന്ന സമയത്തായിരിക്കും ആരോ നാളുകളായി ഓങ്ങി വച്ച ഏറ് ഓര്‍ക്കാപ്പുറത്ത് വന്നുപതിക്കുന്നത്. ഔദ്യോഗിക ജീവിതത്തിലുടനീളം ശത്രുക്കളെ സമ്പാദിച്ചുവച്ച, കാലന്‍ ശ്രീധരന്‍ എന്നു വിളിപ്പേരുള്ള പൊലീസുകാരനാകുമ്പോള്‍ ഏറിന്റെ എണ്ണവും ഊക്കും കൂടും. ഏറിനെ ആദ്യം ഗൗനിക്കാതെ വിടും. എന്നാല്‍ ഇതു തുടരുമ്പോള്‍ സ്വസ്ഥത ഇല്ലാതാകും. ഏറുകൊണ്ട് കാലന്‍ ശ്രീധരന്റെ വീടിന്റെ ഓടാണ് പൊട്ടിയതെങ്കിലും സ്വസ്ഥത നഷ്ടപ്പെടുന്നത് വായനക്കാരനു കൂടിയാണ്. ഏറില്‍ വലിയ കാര്യമില്ലെന്ന് ശ്രീധരനൊപ്പം വായനക്കാരനും തുടക്കത്തില്‍ കരുതിയേക്കാം. എന്നാല്‍ വലിയ കാര്യം ഉണ്ട് എന്ന് വ്യക്തമാക്കിക്കൊണ്ട് ഏറ് നിര്‍ബാധം തുടരുന്നു. ആരാണ് എറിഞ്ഞതെന്നറിയാന്‍ ശ്രീധരനൊപ്പം വായനക്കാരനും ഇറങ്ങിത്തിരിക്കുകയാണ്.
എറിയുന്നത് മനുഷ്യനാകാം ചാത്തനാകാം. അതിനാല്‍ എറിയുന്നത് ആരാണെന്നറിയാന്‍ ശാസ്ത്രീയമായി മാത്രം അന്വേഷിച്ചാല്‍ പോര, വിശ്വാസപരമായും അന്വേഷിക്കണം. ശത്രുതയുള്ള ആരോ ആണ് എറിയുന്നത് എന്ന പ്രാഥമിക നിഗമനത്തില്‍ അന്വേഷണം തുടങ്ങുന്നു. ജോലിസമയത്ത് കയ്യൂക്കിനും ധാർഷ്ട്യത്തിനും ഇരയായവരിലേക്ക് ശ്രീധരന്‍ ഇറങ്ങിച്ചെന്നു. കല്ലുകൊണ്ട് എറിയുക എന്നത് ഓര്‍മയുടെ മൂര്‍ച്ചയുള്ള ഒരു തുണ്ട് കൊണ്ട് എറിയുക എന്നതാണെന്ന് ദേവദാസ് പറയുന്നു. തന്റെ തന്നെ ഓര്‍മയുടെ തുണ്ടുകള്‍ ആരുടെയൊക്കെ കയ്യില്‍ എത്തിപ്പെട്ടു എന്നാണ് ശ്രീധരന്‍ അന്വേഷിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടേയും കേരളത്തിന്റെയും ചരിത്രത്തിന്റെ പരിധിയിലൂടെയാണ് അന്വേഷണം നീങ്ങുന്നത്. സ്വതന്ത്ര്യാനന്തര ചരിത്രം വിമത യുവാക്കളെ എന്തു ചെയ്തു ? സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങള്‍ എതിരാളികളെ എന്തു ചെയ്തു? ജാതിയില്‍ താണവരെ എന്തു ചെയ്തു ? ശ്രീധരന്‍ കല്ലെറിഞ്ഞവനെ തപ്പി നടക്കുമ്പോള്‍ ഈ അന്വേഷണങ്ങളും കടന്നുവരുന്നു. ശ്രീധരന്‍ ഒരു ഉപകരണം മാത്രമാണ്. ആരുടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നത് എളുപ്പവുമല്ല.
എറിയുന്നത് ചാത്തനാണോ എന്നറിയാനും സമാന്തരമായി ശ്രീധരന്‍ അന്വേഷണം നടത്തുന്നു. പൂജയും മന്ത്രവും വഴിപാടുമൊക്കെയാണ് പ്രതിവിധികള്‍ നിര്‍ദേശിക്കുന്നത്. ചിലത് അല്‍പം കടന്ന കയ്യാണ്. അനേകം ചോദ്യങ്ങള്‍ക്കും അനേകം പ്രതിവിധികള്‍ക്കുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണയാള്‍. എന്താണ് പ്രശ്‌നത്തിന്റെ മൂലകാരണമെന്ന് വ്യക്തമാകാതെ എന്തു പ്രതിവിധിയാണ് ചെയ്യുക എന്ന ചോദ്യമുയരുന്നു. ഒടുക്കം ഏറ് ശ്രീധരനെ മാത്രമല്ല, ഒരു നാടിനെത്തന്നെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നമായി മാറുകയാണ്.
മനുഷ്യചരിത്രത്തിനൊപ്പം ഏറുമുണ്ട്. വ്യഭിചാരികളെയും കുഷ്ഠരോഗികളെയും ഭ്രഷ്ട് കല്‍പിച്ചവരെയും മാറ്റിനിര്‍ത്താനും ഏറു നടക്കുന്നു. സ്വസ്ഥത നശിപ്പിക്കാനാണോ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്താനാണോ തനിക്കെതിരെ ഏറുവരുന്നതെന്ന് ശ്രീധരന് അറിയില്ല. എന്തിനാണ് കൊള്ളുന്നതെന്നറിയാതെ പലരും ഏറു കൊള്ളുന്നുണ്ട്. ഏതു വഴിയാണ് ഏറു വരിക എന്ന് ഒരിക്കലും പറയാനും സാധിക്കില്ല. മറ്റുള്ളവര്‍ ഏല്‍ക്കേണ്ട ഏറും ചിലര്‍ വാങ്ങിക്കൂട്ടാറുണ്ട്. ഏറിന്റെ രീതിശാസ്ത്രത്തെക്കുറിച്ച് മാത്രമല്ല, അതിന്റെ ചരിത്രത്തിലൂടെയും നോവല്‍ കടന്നു പോകുന്നു. കഥകളും ഉപകഥകളുമായി സമൂഹിക രാഷ്ട്രീയ ഉള്‍ക്കോണുകളിലേക്ക് നോവല്‍ നീണ്ടുപോകുമ്പോഴും വായനക്കാരനെ ഒരു വരിയില്‍പോലും ബോറടിപ്പിക്കുന്നില്ലെന്നതാണ് ദേവദാസിന്റെ എഴുത്തിന്റെ പ്രത്യേകത. തെളിനീര് പോലത്തെ ഭാഷയില്‍ ദേവദാസ് കഥ പറയുന്നു. നര്‍മത്തില്‍ പൊതിഞ്ഞ കല്ലേറുകളും വായനക്കാരനുനേരേ പലയിടത്തും നടക്കുന്നു. ബോണി തോമസിന്റെ ചിത്രങ്ങളാണ് കാലന്‍ ശ്രീധരന് രൂപം നല്‍കുന്നത്. പി.എന്‍. ഗോപീകൃഷ്ണന്റെ പഠനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. 'വായനയുടെ സുഖം' അന്വര്‍ഥമാക്കുകയാണ് ദേവദാസിന്റെ ഏറ്.
English Summary: Eru Book written by Devadas V M