ADVERTISEMENT

ഓർമകൾ ആരുടെയും അനുവാദത്തിനു കാത്തുനിൽക്കാറില്ല. വരാനും പോകാനും വീണ്ടും വരാനും. ഇഷ്ടമുള്ളമുള്ളപ്പോൾ വിളിച്ചുവരുത്തുന്നത് ഓർമകളല്ല, ആഗ്രഹങ്ങൾക്ക് സ്വപ്‌നത്തിന്റെ ചിറകു നൽകുകയാണ്. ഓർമകളെ വിളിച്ചുവരുത്താനാവില്ല. അട്ടിയോടിക്കാനും നിരോധിക്കാനും പ്രവേശന മാർഗം കെട്ടിയടച്ചു തഴുതിട്ടിരിക്കാനുമാവില്ല. ആട്ടിയോടിക്കാൻ ശ്രമിച്ചാൽ ഇരട്ടിശക്തിയോടെ ആക്രമിക്കാം. ആഗ്രഹിക്കാതിരിക്കുന്ന സമയത്ത് എത്തി എല്ലാം കുളമാക്കാനും സാധ്യതയുണ്ട്. ആകെ അവശേഷിക്കുന്നത് അവയ്ക്കു കീഴടങ്ങുക എന്നതു മാത്രമാണ്. ഒളിച്ചോടാനുള്ള എല്ലാ ശ്രമങ്ങൾക്കും അവധി പറയുക. അതല്ലാതെ മറ്റന്താണ് മനുഷ്യനു ചെയ്യാനാവുന്നത്.

 

ഓർമകളുടെ സംഹാരാത്മക ശക്തിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ജിദ്ദു കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ള ചിന്തകർ. അനുഭവങ്ങളിലേക്കു വലിച്ചിഴച്ചും ഒന്നിലും പൂർണമായി മുഴുകാൻ അനുവദിക്കാതെയും ആവർത്തനത്തിനു വേണ്ടി വൃഥാ വ്യാമോഹിപ്പിച്ചും അവ എങ്ങനെയൊക്കെ ജീവിതം തകർക്കുന്നു എന്ന് ഒട്ടേറെ വാക്കുകൾ ഉപയോഗിച്ച് ഉദാഹരിച്ചിട്ടുമുണ്ട്. എന്നാൽ, ചിന്തകർക്കു പോലും ഓർമകൾക്കു മേൽ നിയന്ത്രണം സ്ഥാപിക്കാനായിട്ടുണ്ടോ എന്ന ചോദ്യത്തിന് വിശ്വസനീയമായ കുറ്റസമ്മതം പോലും നിലവിലില്ല.

 

ഓർമകളെക്കുറിച്ചു പറഞ്ഞിട്ടുണ്ട് അയ്മനം ജോൺ എന്ന കഥാകാരനും. എങ്ങോട്ടു നടന്നാലും മീനച്ചിലാറിന്റെ ഒരു കൈവഴിയെങ്കിലും കണ്ടുമുട്ടാതെ നടക്കാനാവാത്ത അയ്മനത്തിന്റെ സ്വന്തം കഥാകാരൻ. മീനച്ചിലാറിന്റെ സന്തത സഹചാരി. കാടും മേടും മലയും പുഴയും മാവും പ്ലാവും ഉൾപ്പെടെ ഭൂമിയുടെ എല്ലാ അവകാശികളുടെയും ജീവിതം കഥയുടെ പുൽക്കൂട്ടിൽ നക്ഷത്രങ്ങളെപ്പോലെ മിന്നിക്കത്തിച്ചു കാണിച്ച എഴുത്തുകാരൻ. ഏറ്റവും പുതിയ കഥാസമാഹാരമായ മീനച്ചിലാറ്റിലെ രാത്രിയിലും നിറഞ്ഞുനിൽക്കുന്നുണ്ട് ഇതര ചരാചരങ്ങളുടെ വിസ്മയ ജീവിതം. പ്രകൃതിയുടെ നിറഭേദങ്ങൾ. ജീവിതത്തിന്റെ വിചിത്രവും വ്യത്യസ്തവുമായ മുഖങ്ങളും കഥകളും കഥകളുടെ കഥകളും.

 

അറുപതുകളുടെ ആദ്യപാതിയിൽ നടന്ന ഒരു കുട്ടിക്കാല അനുഭവത്തിന്റെ ഓർമയെ വീണ്ടെടുക്കുന്ന കഥയാണ് മീനച്ചിലാറ്റിലെ രാത്രി. ആനുകാലികത്തി ൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഒട്ടേറെ വായനക്കാരുടെ ഇഷ്ടം നേടിയ കഥ. കഥയിലൂടെ വീണ്ടും കടന്നുപോകുമ്പോൾ ആ രാത്രി വീണ്ടും തിടംവച്ചു മുന്നിൽ നിൽക്കുന്നതുപോലെ തോന്നും. അന്നത്തെ ആ തോണിയാത്രയും. ഏഴിൽ നിന്ന് എട്ടിലേക്കു കയറാൻ കാത്തുനിൽക്കുന്ന ഒരു ആൺകുട്ടിയുടെ വേനൽക്കാല അവധിക്കാലത്തെ അപ്രതീക്ഷിതമായ ബന്ധുവീട്ടിലേക്കുള്ള യാത്രയും തിരിച്ചുള്ള തോണിയാത്രയുമാണ് കഥയുടെ പ്രമേയം. എന്നാൽ, ആദ്യാവസാനം കഥയിൽ വലിയൊരു ലോകം നിറഞ്ഞുനിൽക്കുന്നു. എത്രയോ ജീവിതങ്ങളും. പശ്ചാത്തലങ്ങളും രസകരമായ കഥാപരിസരവും.

 

ലളിതമായി തുടങ്ങുന്ന കഥ ലാളിത്യത്തിൽ തന്നെ അവസാനിക്കുന്നു. എന്നാൽ മീനച്ചിലാറ്റിലെ രാത്രി മുന്നോട്ടുവയ്ക്കുന്ന ഓർമകളുടെ വീണ്ടെടുപ്പ് ജീവിതത്തെ വേട്ടയാടുക തന്നെ ചെയ്യും . അവയ്ക്കു കീഴടങ്ങുകയല്ലാതെ വായനക്കാരനു മറ്റൊന്നും ചെയ്യാനില്ല. അഥവാ, ആ കീഴടങ്ങൽ എത്രയോ മനോഹരമായ  അനുഭവമാണെന്നു കഥ ബോധ്യപ്പെടുത്തുന്നു. മഞ്ഞണിഞ്ഞ പുുലർകാലത്ത് പുഴയിൽ മുങ്ങിനിവരരുന്നതുപോലെ. നക്ഷത്ര മേലാപ്പിനു താഴെ ആകാശം നോക്കി മണൽപ്പുറത്തു കിടക്കുന്നതുപോലെ. രാത്രിക്കു വഴിമാറുന്ന സന്ധ്യയിലെ ഇരുണ്ട വെളിച്ചത്തെ നിസ്സഹായനായി യാത്രയ്ക്കുന്നതുപോലെ.

തലേന്നു കണ്ട മൊട്ട് പൂവായി വിരിഞ്ഞു വിസ്മയം വിടർത്തുമ്പോൾ നിറഞ്ഞ കണ്ണുകളോടെ കണ്ടുനിൽക്കുന്നതുപോലെ. കാഴ്ചയുടെ ആനന്ദം. അനുഭൂതിയുടെ അത്യാനന്ദം.

നിഷകളങ്കതയുടെ കണ്ണിലൂടെയാണ് അയ്മനം ജോൺ കഥ പറയുന്നത്. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഏതു കഥയ്ക്കാണ് നിഷ്‌കളങ്കതയുടെ സുതാര്യമായ മേലാപ്പ് ഇല്ലാത്തത് എന്നും തോന്നാം. എന്നാൽ, ജീവിതത്തെത്തന്നെ തകിടം മറിച്ച അനുഭവങ്ങളാണ് അദ്ദേഹം പറയുന്നത്. അവയെക്കുറിച്ചു വിവരിക്കാൻ ആവില്ല, കഴിവുറ്റ നിരൂപകനു പോലും. ഇനിയും വായിച്ചിട്ടി ല്ലവർക്കു വേണ്ടി നിർദേശിക്കാൻ മാത്രമേ കഴിയൂ. അതും ഒരു നിയോഗം തന്നെയാണല്ലോ.

 

സത്യവും കള്ളവും ചിലപ്പോൾ നേരിട്ടു കാണേണ്ടുന്ന അനുഭവങ്ങൾ ജീവിതത്തിലുണ്ടാകാം. കള്ളം കാണിക്കുന്നവനെ ചൂണ്ടിക്കാണിക്കാനം വിധിക്കാനും എളുപ്പവുമാണ്. ചിലപ്പോൾ അത് ജീവിതം അപ്പാടെ മാറ്റിമറിച്ചേക്കാം. ചിലർ പിന്നീടു തിരിഞ്ഞുനോക്കി വിഷാദിച്ചേക്കാം. അപൂർവം ചിലരെങ്കിലും ആഹ്ലാദിച്ചേക്കാം. അതേ, വിധിക്കാൻ, ഒരു പക്ഷത്തേക്ക് ആണിയടിച്ച് ഉറപ്പിക്കാൻ, സ്വയം സത്യസന്ധന്റെ കുപ്പായം ഇട്ട് ഞെളിഞ്ഞിരിക്കാൻ ആർക്കാണ് അവകാശവും അധികാരവും. അവകാശം ഉണ്ടെന്നു കരുതുമ്പോഴും അധികാരം പ്രയോഗിക്കാൻ തീരുമാനിക്കുമ്പോഴുമാണല്ലോ ലോകത്ത് പല പ്രശ്‌നങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കപ്പെടുന്നതും. അധികാരത്തെക്കുറിച്ചു ചിന്തിക്കാത്തവർ, ലഭിച്ചാലും പ്രയോഗിക്കാത്തവർ ഭാഗ്യവാൻമാർ. അവകാശങ്ങളെക്കുറിച്ചുള്ള ബോധം തൊട്ടുതീണ്ടിയിട്ടുപോലുമില്ലെങ്കിൽ ലഭിക്കുന്ന മനസാധാനത്തെക്കുറിച്ചുമാത്രം ഒരു പുസ്തകം തന്നെ എഴുതാവുന്നതുമാണ്.

 

നിലാവുള്ള ഒരു രാത്രി ബന്ധു വീട്ടിൽ നിന്ന് തോണിയിൽ കൊണ്ടുവന്നാക്കിയ മനുഷ്യനെ എന്നെങ്കിലും കണ്ടുപിടിക്കണമെന്ന് കഥയിലെ കുട്ടി ആഗ്രഹിക്കുന്നുണ്ട്. കുട്ടിക്കാലത്തുതന്നെ ആരംഭമിട്ട അന്വേഷണം കുട്ടി കുറേക്കാലത്തേക്കു തുടരുകയും ചെയ്യുന്നുണ്ട്. എന്നാൽ, പ്രായം മുന്നോട്ടുപോകുംന്തോറും അയാൾക്കിണങ്ങിയ കൂടുതൽ കൂടുതൽ മുഖങ്ങൾ നാട്ടുകാർക്കിടിയിൽനിന്ന് കണ്ടെത്താനാവുമെന്ന് വന്നപ്പോൾ, മനസ്സു മടുത്ത് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ആ രാത്രി യഥാർഥത്തിൽ അങ്ങനെതന്നെ ഉണ്ടാിയിരുന്നില്ലെന്നു വരുമോ. അഥവാ അതൊരു സ്വപ്‌നം മാത്രമായിരുന്നോ. അതോ ക്ഷണിക്കാതെ വിരുന്നെത്തിയ ഓർമയോ.

എന്തായാലും പച്ചപിടിച്ചുനിൽക്കുന്നുണ്ട് കാഴ്ചകൾ. ചേർത്തുവച്ചാൽ ചലച്ചിത്രമാകുന്ന ഒരുപാടു കാഴ്ചകൾ.

അങ്ങു ദൂരെയായി രാത്രി പുതച്ചുകിടന്ന മഞ്ഞിന്റെ പഞ്ഞിപ്പുതപ്പ് ചവിട്ടി താഴേക്കിട്ട് ഉറക്കം വിട്ടെഴുന്നേറ്റ ഒരു മലനിര. അതിനു താഴെ ഏതോ മൗനപ്രാർഥനയിൽ മുഴുകിയെന്നപോലെ നിരനിരയായി നിൽക്കുന്ന നീലക്കുന്നുകൾ. കുന്നുകൾക്കിടയിലെ താഴന്ന ഇടങ്ങളിലെല്ലാം ഇളംപച്ച നെൽപ്പാടങ്ങൾ. നെല്ലിൻ നാമ്പുകളിലത്രയും മഞ്ഞുതുള്ളികളുടെ ശുഭ്രവെൺമ. മലകളിൽ നിന്ന് കുന്നുകൾക്കിടയിലൂടെ തുള്ളിക്കളിച്ച് ഒഴുകിവരുന്ന മെലിഞ്ഞ വെള്ളച്ചാട്ടം നെൽപ്പാടത്തിനു നടുവിലെത്തുന്നതോടെ തിടം വച്ച ഒരു കൈത്തോടായി അടങ്ങിയൊതുങ്ങി പടിഞ്ഞാറേക്കൊഴുകുന്നു. വീട്ടുമുറ്റത്തു നിന്നു നോക്കുമ്പോൾ കാഴ്ചവട്ടത്തിലുള്ള കുന്നിൻചെരിവുകളിൽ കൃഷിയിടങ്ങളുടെ മണ്ണിൽ വരച്ച ചെങ്കൽനിറമുള്ള ചതുരക്കളങ്ങൾ. അതിനിടയിൽ അവിടവിടെയായി കൊച്ചുവീടുകൾ. രസികത്തം തോന്നിക്കുന്ന ജീവിതക്കാഴ്ചകൾ....

 

Content Summary: Meenachilattile Rathri, book written by Aymanam John

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com