രതിഹാസം; വീണ്ടും പൂത്തുലഞ്ഞ് ഖസാക്കിലെ കഥകളുടെ ചെമ്പകം
മനോരമ ബുക്സ്
വില 190
Mail This Article
ഖസാക്ക് ചിലർക്ക് വീടാണ്. ചിലർക്ക് തടവ്. വീടും തടവുമായ പുസ്തകങ്ങൾ മലയാളത്തിൽ കുറച്ചേയുള്ളൂ. അവയിൽ ഒന്നാമതാണ് ഒ.വി.വിജയന്റെ ഇതിഹാസം. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനെയും പ്രിയപ്പെട്ട പുസ്തകത്തെയും തിരഞ്ഞുപോകുമ്പോൾ ഖസാക്കിൽ എത്തുക സ്വാഭാവികം. ഒന്നിലധികം പുസ്തകങ്ങളല്ല. ഒരൊറ്റ പുസ്തകമാണു ചൂണ്ടിക്കാട്ടേണ്ടത്. അതു ഖസാക്ക് തന്നയെന്ന് ഉറപ്പിക്കുന്നു. കൂടെയുള്ളതു ബംഗാളി സുഹൃത്തുക്കളാണ്. അവർക്ക് വിജയനെ അറിഞ്ഞുകൂടാ. കേട്ടിട്ടുപോലുമില്ല. പറഞ്ഞുകൊടുത്താലും പൂർണമായി വഴങ്ങുമോ എന്നും സംശയം. ഒന്നോ രണ്ടോ വരികളിലോ ഖണ്ഡികയിലോ പറഞ്ഞുകൊടുക്കാവുന്നതുമല്ലല്ലോ. അല്ലെങ്കിൽത്തന്നെ ഖസാക്ക് പുസ്തകം മാത്രമല്ല, നോവൽ മാത്രമല്ല. ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം എന്നുപോലും ഒതുക്കാവുന്നതുമല്ല. അനുഭവം തന്നെയാണ്. ജീവിതവും. ജീവിതത്തിന്റെ പല ഘട്ടങ്ങളുമായി ചേർന്നുകിടക്കുന്ന, അവിഭാജ്യവും അനിവാര്യവുമായ അനുഭവം. മറക്കാനാകാത്ത വ്യക്തികൾ. സ്ഥലങ്ങൾ. പരിസരങ്ങൾ. ഭൂതകാലക്കുളിർ. ഖസാക്ക് എന്ന അനുഭവത്തിൽ നിന്ന് ഒരു പുസ്തകം കൂടി എത്തുന്നു. പഠനവും ആസ്വാദനവുമല്ല. നോവൽ. സുസ്‌മേഷ് ചന്ത്രോത്തിന്റെ ദേശത്തിന്റെ രതിഹാസം. കാലത്തിന്റെ ഇരുട്ട് വീണുകിടക്കുന്ന അറബിക്കുളത്തിലെ നീലത്താമര പോലെ തുടിച്ചുകുളിക്കാൻ എത്തുന്ന പുതിയ കഥാപാത്രങ്ങൾ. നവീനവും വ്യത്യസ്തവുമായ ജീവിത പരിസരങ്ങൾ. പാലക്കാടുമായി സാമ്യങ്ങളുമുള്ള ബംഗാളിന്റെ പശ്ചാത്തലത്തിൽ നോവലിൽ നിന്ന് ജനിക്കുന്ന മറ്റൊരു നോവൽ.
മലയാളത്തിൽ ഉൾപ്പെടെ പ്രശസ്ത നോവലുകൾ കാലങ്ങൾക്കു ശേഷം പുതിയ നോവലുകൾക്കു കാരണമായിട്ടുണ്ട്. എം. സുകുമാരന്റെ ശേഷക്രിയയുടെ പുതിയ കാലത്തെ തുടർച്ചയായിട്ടാണ് ടി.പി.രാജീവൻ ക്രിയാശേഷം എന്ന നോവൽ എഴുതിയത്. എം.സുകുമാരന്റെ കഥാപാത്രമായ കുഞ്ഞയ്യപ്പന്റെ മകൻ കൊച്ചുനാണുവിന്റെ ജീവിതമാണ് രാജീവൻ ശേഷക്രിയയിൽ എഴുതിയത്. രക്തസാക്ഷികൾ സൃഷ്ടിക്കപ്പെടുന്നതിന്റെ പുതിയകാല ഉദാഹരണം. എന്നാൽ ദേശത്തിന്റെ രതിഹാസം ഖസാക്കിന്റെ തുടർച്ചയോ പുതിയ കാലത്തെ പൂർത്തീകരണമോ അല്ല; ഖസാക്കിൽ നിന്നുള്ള കഥാപാത്രങ്ങളിൽ ചിലർ സുസ്‌മേഷിന്റെ നോവലിൽ എത്തുന്നുണ്ടെങ്കിലും. പത്മയും ഖാലിയാരും ഉൾപ്പെടെയുള്ളവർ വരുന്നത് കഥയുടെ തുടർച്ചയ്‌ക്കോ മറ്റൊരു ജീവിതത്തിന്റെ തുടക്കത്തിനോ അല്ല. ഖസാക്കിനെ ഇഷ്ടപ്പെടുന്ന എഴുത്തുകാരന്റെ സുഹൃത്തക്കളാണവർ. അവരെ മാറ്റിനിർത്തിയാൽ രതിഹാസം മറ്റൊരു നോവലാണ്. മറ്റൊരു നായകനും പല നായികമാരുമുള്ള വ്യത്യസ്തമായ ജീവിതം. എന്നാൽ ഖസാക്കിനെ മാറ്റനിർത്തിക്കൊണ്ട് രതിഹാസം പൂർത്തിയാക്കാനുമാവില്ല.
പാലക്കാട് എന്ന പ്രത്യേകതകളുള്ള ഭൂമിക രതിഹാസത്തിന്റെ നായകന്റെ ജീവിതവുമായി ചേർന്നുകിടക്കുന്നു. കമ്മ്യൂണിസ്റ്റ് പാരമ്പര്യവും കാർഷികവൃത്തിയടക്കമുള്ള പശ്ചാത്തലവും. പാലക്കാട്ടു നിന്ന് ജൂൺ മാസത്തിലെ മഴയിൽ അയാൾ ബംഗാളിലെത്തുന്നു. പാലക്കാടിനെ ഉള്ളിൽ വഹിക്കുന്ന കൊൽക്കത്തയിൽ. പാലക്കാട്ടെപ്പോലെ ഒരിക്കൽ ചെങ്കൊടികൾ നിരനിരയായി പാറിയ നഗരത്തിൽ. എന്നാൽ പഴയ നഗരമല്ല ഇപ്പോൾ കൊൽക്കത്ത. കഴിഞ്ഞ കാലങ്ങളുടെ ഛായ മാറുകയാണ്. ഇതുവരെ ജീവിച്ച ജീവിതം തന്നെ പൂർണമായും മാറുകയാണ്. എത്താൻ വൈകിയ അതിഥിയായി ജനലോരത്തുനിന്ന് ഖസാക്കിനെ ഉള്ളിൽക്കൊണ്ടുനടക്കുന്ന ചെറുപ്പക്കാരൻ പുതിയ കൊൽക്കത്തയെ കാണുന്നു. പുതിയ മുദ്രവാക്യങ്ങൾ കേൾക്കുന്നു. കൊഴിഞ്ഞുപോയ കാലം എന്നെങ്കിലും തിരിച്ചുവരും എന്നു പ്രതീക്ഷിക്കുന്ന കഥാപാത്രങ്ങളെ അറിയുന്നു. ഒപ്പം സുഹൃത്തുക്കളിലൂടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നു.
വിജയനെ വായിച്ചിട്ടുള്ള എല്ലാവരിലും ഖസാക്ക് ഉണ്ട്. അതൊരു വിധിയോ നിയോഗമോ പോലുമാണ്. ജൻമാന്തരങ്ങളുടെ സ്‌നേഹരഹിതമായ കഥ ഇന്നും പുതിയ തലമുറയെപ്പോലും സ്വാധീനിക്കുന്നു. എന്നാൽ നോവൽ പ്രസിദ്ധീകരിച്ച കാലത്ത് പ്രിയകൃതിയെക്കുറിച്ച് സദാ ഉത്കണ്ഠപ്പെട്ടിരുന്നു വിജയൻ. അദ്ദേഹമെഴുതിയ കത്തിൽ നിറയെ പരാമർശങ്ങളുണ്ട്. പുതിയ പതിപ്പ് ഇറക്കാനുള്ള ശ്രമങ്ങൾ എവിടെവരെയായി എന്ന അന്വേഷണം. വിറ്റുപോയ കോപ്പികളുടെ പണം ഇനിയും കിട്ടിയിട്ടില്ലെന്ന ആശങ്ക. അച്ചടിയിൽ ശ്രദ്ധിക്കേണ്ട ഒട്ടേറെക്കാര്യങ്ങളെക്കുറിച്ചുള്ള സ്‌നേഹപൂർണായ ആകാംക്ഷകളും അന്വേഷണങ്ങളും. നോവൽ ചരിത്രം സൃഷ്ടിക്കുമ്പോഴും സന്ദേഹിയായി ജീവിക്കാനായിരുന്നു എഴുത്തുകാരന്റെ വിധി. പിൽക്കാലത്തെഴുതിയ കൃതികളുടെ പേരിലാണ് അദ്ദേഹം കൊണ്ടാടപ്പെട്ടതും പുരസ്‌കാര സമൃദ്ധിയിൽ നീന്തിത്തുടിച്ചതും. എന്നാൽ, എല്ലാറ്റിനും ആധാരം ഖസാക്ക് ആയിരുന്നു. പുതിയ ഭാഷയും ഭാവുകത്വവുമായി എത്തി മലയാളത്തെയും നോവൽ സങ്കൽപങ്ങളെയും തകിടം മറിച്ച ഇതിഹാസം.
രതിഹാസം വിമർശിക്കപ്പെടേണ്ട കൃതിയല്ല. പരീക്ഷണ കൃതിയെന്ന നിലയിൽ വിലയിരുത്തേണ്ടതുമുണ്ട്. കാലങ്ങളിലൂടെ തുടരുന്ന ഖസാക്കിന്റെ പുനർവായനയും ജീവിതത്തിന്റെ തുടർച്ചയുമാണ് സുസ്‌മേഷിന്റെ കൃതി. ഖസാക്കിൽ നിന്നു മാറി മറ്റൊരു അസ്തിത്വമുള്ള കൃതിയും. വിജയനുമായി സാധാരണ മലയാളികൾക്കുള്ളതിനേക്കാൾ ബന്ധമുണ്ട് സുസ്‌മേഷിന്. പാലക്കാടുമായും. അതുതന്നെയാണ് ഇങ്ങനെയൊരു കൃതിയുടെ സാംഗത്യവും. ആവർത്തിക്കുന്ന സ്‌നേഹരഹിതമായ കഥകളിൽ നിന്നാണ് രതിഹാസം പിറവിയെടുക്കുന്നത്. തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിൽ നിന്ന്. എന്നാൽ വഴിയിൽ പലപ്പോഴും ഖസാക്ക് ചിഹ്നങ്ങളും പ്രതീകങ്ങളുമായി പ്രത്യക്ഷപ്പെടുന്നു. സത്യത്തിന്റെ പലവിധ രൂപങ്ങൾ പോലെ.
എല്ലാ നല്ല കൃതികളും അപൂർണമായാണ് അവസാനിക്കുന്നത്. അവയുടെ പൂർണത വായനക്കാരിലാണ്. ഖസാക്കും ഇതിന് അപവാദമല്ല. ഖസാക്കിലെ പല കഥാപാത്രങ്ങളുടെയും ശിഷ്ടകാലം രതിഹാസത്തിൽ സുസ്‌മേഷ് പുനഃസൃഷ്ടിക്കുന്നുണ്ട്. അവരുടെ മാറിയ കാലത്തെ ആശകളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും ആലോചിക്കുന്നുമുണ്ട്.
കാത്തിരിപ്പിന്റെ വ്യർഥതയാണ് ഒരർഥത്തിൽ ഖസാക്ക്. കർമബന്ധങ്ങളുടെ അർഥരാഹിത്യവും. ആരും കൂട് പറ്റാറില്ല എന്ന് വാത്സല്യത്തോടെയാണ്, സ്‌നേഹപൂർണമായാണു ഖസാക്ക് പറഞ്ഞതും. അവസാനത്തെ തിര വരാൻ കാത്തുനിൽക്കുമ്പോൾ ഓർമകൾ അരുത് എന്നും. വ്യർഥതയുടെ ജീവിതേതിഹാസങ്ങൾ തന്നെയാണു മറ്റു മികച്ച കൃതികളും എഴുതിയതെങ്കിലും ഖസാക്കിനോളം തീവ്രതയും തീക്ഷ്ണതയും അവയ്ക്ക് അവകാശപ്പെടാനാവില്ല. കാലത്തിന്റെ പ്രയാണത്തിൽ മറ്റു പല കൃതികളും അർഥം നഷ്ടപ്പെട്ട് അപ്രസക്തമായാലും ഖസാക്ക് തലയുയർത്തിനിൽക്കും. പുതിയ തലമുറ, ജീവിതത്തിന്റെ അർഥങ്ങൾ തേടി ഖസാക്ക് വായിക്കുമ്പോൾ അവർക്കു വിളക്കുമരമായി ഇനി രതിഹാസവും കാണും. സുസ്‌മേഷ് എന്ന എഴുത്തുകാരനും.
ആഭിചാര ക്രിയ പോലെയാണ് വായനക്കാരെ ഖസാക്ക് ആവേശിച്ചത്. ഇപ്പോഴിതാ രതിഹാസവും പറയുന്നു, ജീവിതവും സാഹിത്യവും തമ്മിൽ എന്തൊരു ബാന്ധവം എന്ന്. അക്ഷരങ്ങൾ ആത്മാവിന്റെ ഭാഗമെന്ന്. ഇതിഹാസം ജീവിതം തന്നെയെന്ന്.
പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Content Summary: Deshathinte Rathihaasam book written by Susmesh Chandroth