ADVERTISEMENT

മലയാള കഥയുടെ ഒന്നേകാൽ നൂറ്റാണ്ടിലൂടെ ഒരു സഞ്ചാരം... ലിജീഷ് കുമാർ എഴുതുന്ന പംക്തി - 'കഥകൾ /കഥ പറഞ്ഞ മനുഷ്യർ-ഭാഗം 3'.

നാൻസിയും ഹെലനും കാപ്പി കുടിക്കുകയാണ്. നാൻസി ചോദിച്ചു: ''നിന്റെ ഭർത്താവ് നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കെങ്ങനെ അറിയാം?'' 

''അദ്ദേഹം നിത്യവും രാവിലെ ചപ്പുചവറുകൾ കൊണ്ടു കളയാറുണ്ട്.'' ഹെലൻ പറഞ്ഞു. 

''അത് സ്നേഹമല്ല'' നാൻസി പറഞ്ഞു, ''നല്ല ഗാർഹസ്ഥ്യമാണ്.''

''എനിക്കു വേണ്ടി എത്ര പണം ചെലവു ചെയ്യാനും എന്റെ ഭർത്താവിന് മടിയില്ല.''

''അത് ഉദാരമനസ്കതയാണ്. സ്നേഹമല്ല.''

''എന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുടെ നേരെ നോക്കുക പോലുമില്ല.''

''അത് കാഴ്ചയ്ക്കു കുഴപ്പമുള്ളതു കൊണ്ടാണ്.''

''ജോൺ എപ്പോഴും എനിക്കായി വാതിൽ തുറക്കും.''

''അത് സ്നേഹമല്ല. മര്യാദയാണ്.''

''ഞാൻ വെളുത്തുള്ളി തിന്നുമ്പോഴും ജോൺ എന്നെ ചുംബിക്കും.''

''ഇപ്പറഞ്ഞത് ശരി. അത് തീർച്ചയായും സ്നേഹമാണ് !''

ഇക്കഥ പറഞ്ഞത് ഓഷോയാണ്. സ്നേഹം നിങ്ങളുടെ സ്വത്വം തന്നെയാണ് എന്നു പറയേണ്ട നേരങ്ങളിലെല്ലാം ഞാനീ കഥ ആവർത്തിക്കും. പ്രേമം സ്വത്വമാണെങ്കിൽ, പ്രേമത്തെക്കുറിച്ച് കഥകൾ എഴുതിയ മനുഷ്യർ സ്വത്വാന്വേഷികളാണ്. പ്രേമത്തെക്കുറിച്ചുള്ള കഥകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. യവനകഥകളിൽ പ്രേമമുണ്ട്. ഈജിപ്തിലെ മാന്ത്രിക കഥകളിലും, ബാബിലോണിയക്കാരുടെ കഥകളിലും, പ്രേമമുണ്ട്. ബൈബിൾ കഥകളിൽപ്പോലും അതുണ്ട്. കെട്ടുകഥകൾ, യക്ഷിക്കഥകൾ, ഐതിഹ്യകഥകൾ, അന്യാപദേശ കഥകൾ, ദൃഷ്ടാന്തകഥകൾ, മിത്തുകൾ! ആണും പെണ്ണും ഉള്ള കഥകളിലെല്ലാം പ്രേമമുണ്ടായിരുന്നു. മലയാള കഥ പ്രേമത്തെ ആഘോഷിക്കാൻ പക്ഷേ വർഷങ്ങളെടുത്തു.

മലയാളത്തിലെ ആദ്യത്തെ പ്രണയകഥയ്ക്ക് ഒരൊന്നേകാൽ നൂറ്റാണ്ടിന്റെ പഴക്കമേ കാണൂ. അപ്പഴേക്കും ലോകം ഒരു പുതിയ സദാചാരം നിർമ്മിച്ചു കഴിഞ്ഞിരുന്നു. കൃത്യമായിപ്പറഞ്ഞാൽ 1851 ലെ ഗ്രേറ്റ് എക്സിബിഷനിലാണ് ഒരു പുതിയ വാക്ക് ലോകത്ത് പിറക്കുന്നത്, 'വിക്ടോറിയൻ മൊറാലിറ്റി'! അന്നുമുതലിന്നോളം നമ്മുടെ സാഹിത്യത്തിലും സിനിമകളിലും ജീവിതത്തിലുമെല്ലാം അത് പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ മൂക്ക് ചെത്താനുള്ള ശ്രമങ്ങൾ, ഇന്നും വിജയിയിച്ചിട്ടില്ലെങ്കിലും പ്രാരംഭദശയിലേ ആരംഭിച്ചിരുന്നു. കൃത്യം അഞ്ച് വർഷങ്ങൾക്കിപ്പുറം 1856 ൽ ഫ്രഞ്ച് സാഹിത്യത്തിൽ നിന്ന് 'എമ്മ ബോവറി' യുടെ കഥ വന്നു. ഗുസ്താവ് ഫ്‌ലോബേര്‍ട്ടിറ്റിന്റെ 'മാഡം ബോവറി.'

പ്രശസ്തനായ ഒരു ഡോക്ടറുടെ അസംതൃപ്തയായ ഭാര്യ, എമ്മ. സ്വസ്ഥജീവിതത്തിന്റെ വിരസതയിൽ മുങ്ങി മടുത്ത് മടുത്താണ്, ''എനിക്ക് രക്ഷപ്പെടണം. എന്നോട് കാമം തോന്നുന്ന ആണുങ്ങളെ എനിക്കു വേണം'' എന്ന് എമ്മ പറയുന്നത്. പിന്നെയും 13 വർഷങ്ങൾ കഴിഞ്ഞ് 1869 ലാണ് ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ ജനനം. കഥയെഴുത്തുകാരനായ ഒടുവിലിനെക്കാൾ എനിക്ക് പരിചയം സിനിമാ നടനായ ഒടുവിലിനെയാണ്. രണ്ടും രണ്ടാളാണ്, അമ്മാവനും മരുമകനും. ബുദ്ധകഥയിലെ സന്യാസിയെപ്പോലെ എല്ലാ ആഗ്രഹങ്ങളും കടവില്‍ ഉപേക്ഷിച്ചുപോകുന്ന ശുദ്ധ ഗ്രാമീണനെന്ന് സത്യന്‍ അന്തിക്കാട് ഒടുവില്‍ ഉണ്ണികൃഷ്ണനെപ്പറ്റി എഴുതിയത് എനിക്കിപ്പോഴോർമ വരുന്നുണ്ട്. എല്ലാ ആഗ്രഹങ്ങളും കടവില്‍ ഉപേക്ഷിച്ചുപോകുന്ന ശുദ്ധ ഗ്രാമീണരായിരുന്നു ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ കഥയിലെ കഥാപാത്രങ്ങളും. 

കല്യാണിക്കുട്ടി, ജാനു, നാരായണിക്കുട്ടി, കേളുണ്ണി മൂപ്പിൽ നായർ! ഇവർ നാലു പേരും നാല് കഥകളാണ്. തൃശൂരിലെ മംഗളോദയം പ്രസ്സിൽ നിന്ന് നാലു കഥകൾ എന്ന പേരിൽ അച്ചടിച്ചു വന്ന പുസ്തകത്തിലെ, കഥകളുടെ പേരുകളാണ് മേപ്പറഞ്ഞത്. അതിലെ കല്യാണിക്കുട്ടിയുടെ കഥയാണ് മലയാളത്തിലെ ആദ്യത്തെ പ്രണയകഥ. ആദിഖണ്ഡം, മദ്ധ്യഖണ്ഡം, പൂർവഖണ്ഡം, ഉത്തരഖണ്ഡം, അന്ത്യഖണ്ഡം ഇങ്ങനെ വേർതിരിച്ചെഴുതപ്പെട്ട നീണ്ട നീണ്ട കഥകളാണ് നാലും. 260 പേജുകളിൽ 4 കഥകൾ. 

ശുദ്ധ ഗ്രാമീണരാൽ സമ്പന്നമാണ് ഇക്കഥകളെല്ലാം. തറവാടിത്തമുള്ള മനുഷ്യർ, അവരുടെ വേഴ്ചപ്പുരകളിലെ പെണ്ണുങ്ങൾ ! റിച്ചാണ് ഇതിലെ കഥാപ്രപഞ്ചം. നമുക്ക് കല്യാണിക്കുട്ടിയിലേക്ക് ചുരുങ്ങാം. ഒടുവിൽ കല്യാണിക്കുട്ടി കൊച്ചുകൃഷ്ണമേനോനെ കെട്ടുന്നിടത്താണ് കഥ തീരുന്നത്. സംബന്ധം തുടങ്ങിയ ഉടനെ കല്യാണിക്കുട്ടിയ്ക്ക് ഗർഭമുണ്ടായി എന്ന കുഞ്ഞികൃഷ്ണമേനോന്റെ പ്രഖ്യാപനത്തോടെ കഥ അവസാനിക്കുകയാണ്. അവൾ അനേക സന്താനങ്ങളെപ്പെറ്റ് ഭൂമിയെ അലങ്കരിക്കട്ടെ എന്ന ആശംസയും ഫ്രീയായി കഥാകൃത്തിന്റെ വകയായുണ്ട്. മലയാളത്തിലെ ആദ്യത്തെ പ്രണയകഥയെ ഒരുപദേശകഥയായി വായിക്കാനാണ് എനിക്കിഷ്ടം. കല്യാണിക്കുട്ടി മലയാളത്തിലെ ആദ്യത്തെ സദാചാര സ്നോഹോപദേശകഥയാണ്. 

കാലം കൂടെ പരിഗണിച്ചേ കഥ വായിക്കാവൂ എന്ന വിമർശനം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ക്ലിയോപാട്രയെയും റോമിയോയെയും ജൂലിയറ്റിനെയുമെല്ലാം ഷേക്സ്പിയർ ലോകത്തിന് പരിചയപ്പെടുത്തിയ പതിനാറാം നൂറ്റാണ്ട് കഴിഞ്ഞ് മൂന്ന് നൂറ്റാണ്ടിപ്പുറത്തുള്ള കാലത്തെ പരിഗണിച്ചേ വായിക്കൂ എന്നാണ് എന്റെ ഉറപ്പ്. ക്ലിയോപാട്രയെക്കുറിച്ച് ഓഷോ പറഞ്ഞ ഒരു കഥയുണ്ട്. അവൾ മരിച്ച ശേഷം പ്രാചീന ഈജിപ്ഷ്യൻ ആചാര പ്രകാരം അവളുടെ ശരീരം മൂന്ന് ദിവസത്തേക്ക് മറവ് ചെയ്യുകയുണ്ടായില്ല. ആ നാളുകളിൽ മുഴുവൻ അത് നിരന്തരം ഭോഗിക്കപ്പെട്ടു. ഓഷോ എഴുതി, ''ആദ്യമറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. എന്തുതരം മനുഷ്യരായിരിക്കും ശവത്തെ ഭോഗിച്ചിരിക്കുക! പിന്നീടെനിക്ക് തോന്നി, അതത്ര വിചിത്രമായ കാര്യമൊന്നുമല്ല! എല്ലാ പുരുഷന്മാരും അതുതന്നെയാണ് ചെയ്യുന്നത്.''

പ്രേമത്തിന്റെ കഥയാണോ കാമത്തിന്റെ കഥയാണോ ആദ്യം എഴുതപ്പെട്ടത് എന്ന് എനിക്കറിയില്ല. ഒന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലായിരിക്കണം വാത്സ്യായനൻ ജീവിച്ചിരുന്നത്. കാമസൂത്രത്തിൽ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശാതകർണി എന്ന കുണ്ടല രാജാവിനെക്കുറിച്ച് പറയുന്നുണ്ട്. വരാഹമിഹിരൻ ബൃഹദ്സംഹിതത്തിൽ വാത്സ്യായനന്റെ കാമസൂത്രത്തെ ആവർത്തിക്കുന്നുണ്ട്. ആറാം നൂറ്റാണ്ടാണ് അതിന്റെ കാലം. ഒന്നും ആറും നൂറ്റാണ്ടുകളുടെ മദ്ധ്യകാലഘട്ടത്തിലാണ് വാത്സ്യായന്റെ കാലം എന്ന ഊഹത്തിന്റെ തെളിവ് അതാണ്. 

കാമത്തിൽ പോലും പ്രവർത്തിക്കുന്നത് അധികാരമാണെന്ന് നൂറ്റാണ്ടുകൾക്കു മുമ്പ് വാത്സ്യായനൻ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീ വളരെ ലോലയായിരുന്നിട്ടും അവൾക്ക് മുകളിലേക്ക് പുരുഷൻ പടർന്നു കയറുന്നത് അവളെ നിയന്ത്രണത്തിൽ നിർത്താനാണെന്ന്, അവൾ കണ്ണുതുറക്കാതിരിക്കാനാണെന്ന്, ശവത്തിനു മേൽ ചലന സ്വാതന്ത്രമുള്ള ആണാവാനാണ് അവനിഷ്ടമെന്ന്! ആയിരത്താണ്ടുകൾക്കിപ്പുറത്തും കഥയിൽ പ്രേമവും കാമവുമെല്ലാമുണ്ട്. പക്ഷേ വാത്സ്യായനനെവിടെ? എൺപത്തിനാല് കാമകലകളെവിടെ? ക്ലിയോപാട്രയെയും അവളുടെ ഉടലിന് മേൽ പത്തി വിരിക്കുന്ന പുരുഷനെയും നാമെന്നാണ് മറികടക്കുക?  സംബന്ധം തുടങ്ങിയ ഉടനെ ഗർഭമുണ്ടാവാത്ത നായികമാരെയാണ് എനിക്കിഷ്ടം, ഒടുവിൽ കുഞ്ഞികൃഷ്ണമേനോനിൽ നിന്ന് നാമൽപം പിന്നോട്ട് നടക്കേണ്ടിയിരിക്കുന്നു. വിരസതയുടെ മൂർദ്ധന്യത്തിൽ നിന്ന് കിടപ്പറ പൊളിക്കുന്ന ഫ്‌ലോബേര്‍ട്ടിറ്റിന്റെ എമ്മ ബോവറിയിലേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com