ADVERTISEMENT

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വേട്ടയ്ക്കിടെ രക്തസാക്ഷികളായ സൈനികരെ അപമാനിച്ചതിന്റെ പേരില്‍ ആസ്സാമില്‍ നിന്നുള്ള എഴുത്തുകാരി അറസ്റ്റില്‍. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ പരാമര്‍ശങ്ങളുടെ പേരിലാണ് രാജ്യദ്രോഹകുറ്റത്തിന്റെ പേരില്‍ ശിഖ ശര്‍മ എന്ന 48 വയസ്സുള്ള എഴുത്തുകാരി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടന്ന മാവോയിസ്റ്റ് വേട്ടയ്ക്കിടെ 22 സൈനികരാണ് രക്തസാക്ഷികളായത്. ദക്ഷിണ ബസ്തര്‍ വനമേഖലയില്‍ കാണാതായ ഒരു സിആര്‍പിഎഫ് കോണ്‍സ്റ്റബിളിനെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. 

 

ഐപിസി 124 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ശിഖ ശര്‍മയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് കമ്മിഷണര്‍ അറിയിച്ചു. 

 

സമൂഹ മാധ്യമങ്ങളിലൂടെ മുന്‍പും വിവാദ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ള ശിഖ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ പോസ്റ്റ് ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്. ഔദ്യോഗിക ജോലിയുടെ ഭാഗമായി സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ മരിച്ചാല്‍ അവരെ രക്തസാക്ഷികളായി കാണാനാവില്ല. അങ്ങനെയാണെങ്കില്‍ ജോലിക്കിടെ മരിക്കുന്ന വൈദ്യുതി വകുപ്പ് ജീവനക്കാരെയും രക്തസാക്ഷികളായി പരിഗണിക്കണമല്ലോ എന്നായിരുന്നു ശിഖയുടെ വിവാദ കുറിപ്പ്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

 

വിവാദ പോസ്റ്റ് പ്രചരിച്ച ഉടന്‍തന്നെ ആസ്സാമില്‍ നിന്നുള്ള രണ്ട് അഭിഭാഷകര്‍ ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഴുത്തുകാരിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ശിഖയ്ക്ക് വ്യാപകമായി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പീഡിപ്പിക്കും എന്നതുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ ശിഖയ്ക്കു ലഭിച്ചതു ചര്‍ച്ചയാവുകയും ചെയ്തിരുന്നു. 

ഇതിനെത്തുടര്‍ന്ന് അവര്‍ ഒരു വിശദീകരണവും പോസ്റ്റ് ചെയ്തിരുന്നു. 

 

എന്റെ പോസ്റ്റുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും മാനസിക പീഡനത്തിന്റെ പരിധിയില്‍ വരില്ലേ. എനിക്കെതിരെയുള്ള ആക്രമണങ്ങള്‍ എന്താണ് നിയമത്തിന്റെ കണ്ണില്‍ കുറ്റകരമായി മാറാത്തത്. വധ ഭീഷണി ലഭിച്ചിട്ടുണ്ട് എനിക്ക്. പീഡന സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവയ്ക്കെതിരെ നിയമ പാലകള്‍ കയ്യും കെട്ടി നോക്കിയിരിക്കുന്നു എന്നായിരുന്നു ശിഖയുടെ പരാതി.

 

English Summary: Assam writer held for sedition for questioning martyrs on facebook 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com