ഒറ്റ രാത്രിക്ക് 15 ലക്ഷം രൂപ ; പറക്കുന്ന കൊട്ടാരങ്ങളിലെ പിന്നാമ്പുറ കഥകൾ പുസ്തക രൂപത്തിൽ

Mail This Article
പറക്കുന്ന കൊട്ടാരങ്ങൾ. പണവും പാനീയങ്ങളും മണക്കുന്ന സ്വകാര്യ ആഡംബര വിമാനങ്ങളെ അങ്ങനെയും വിളിക്കാം. പുറംലോകമറിയാത്ത രഹസ്യങ്ങളുടെ ആകാശ താവളം. പ്രൈവറ്റ് ജെറ്റുകളിൽ നടക്കുന്ന നിഗൂഡമായ വ്യവഹാരങ്ങളുടെ പിന്നാമ്പുറക്കഥകൾ പരസ്യമാക്കുകയാണ് ഒരു എയർഹോസ്റ്റസ്. രഹസ്യങ്ങളുടെ വെളിപ്പെടുത്തൽ പുസ്തക രൂപത്തിലാണ്. എബവ് ആൻഡ് ബിയോണ്ട് : സീക്രട്സ് ഓഫ് എ പ്രൈവറ്റ് ഫ്ലൈറ്റ് അറ്റൻഡന്റ്.
എയർ ഹോസ്റ്റസ്സായ സസ്‌കിയ സ്വാനും മാധ്യമപ്രവർത്തകരായ നിക്കോള സ്റ്റോവും ചേർന്നാണ് എബവ് ആൻഡ് ബിയോണ്ടിന്റെ രചന. അനുഭവങ്ങൾ ലണ്ടൻ സ്വദേശിയായ 49 വയസ്സുകാരി സസ്‌കിയയുടേത്. എന്നാൽ ശരിക്കുമുള്ള പേര് അതല്ല. വെളിപ്പെടുത്താനുമാവില്ല. കോടീശ്വരന്മാരും സെലിബ്രിറ്റികളുമായ പ്രമുഖരാണ് ചൂടൻ കഥകളിലെ നായകന്മാർ. മുഖവും വ്യക്തിത്വവും പരസ്യപ്പെടുത്തി സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ ജീവനു ഭീഷണിയാകുമെന്ന ഭയം.
വാണിജ്യ വിമാനത്തിലായിരുന്നു സസ്കിയയുടെ ആദ്യത്തെ ജോലി. അവിചാരിതമായി പരിചയപ്പെട്ട വ്യക്തി വഴി സ്വകാര്യവിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റാകാനുള്ള അവസരം കിട്ടുന്നത് 2003 ൽ. അന്ന് പ്രായം 29. പ്രൈവറ്റ് ജെറ്റുകളിലെ ജോലിയുടെ രീതികളെപ്പറ്റി ഒന്നുമറിയില്ല. പ്രലോഭിപ്പിച്ചത് പണം. അരക്കോടിയിലധികം രൂപ വാർഷിക വരുമാനം!. ജീവിതത്തിന്റെ രണ്ടറ്റം തമ്മിൽ കൂട്ടിമുട്ടിക്കണം. വാങ്ങിക്കൂട്ടിയ കടങ്ങൾ കൊടുത്തു തീർക്കണം. മുന്നിൽ തെളിഞ്ഞ സുവർണ്ണാവസരം സസ്കിയ കൈവിട്ടു കളഞ്ഞില്ല.
പ്രതിമാസം നാലു ലക്ഷം രൂപ ശമ്പളത്തിൽ ആദ്യത്തെ ജോലി ഒരു റഷ്യൻ പ്രഭുവിന്റെ എയർബസിൽ. ഡിസൈനർ യൂണിഫോം, ബ്രാൻഡഡ് വസ്ത്രങ്ങൾ, കമ്പനി ക്രെഡിറ്റ് കാർഡ്, 10,000 രൂപ ദിവസവും പോക്കറ്റ് മണി, ഫൈവ് സ്റ്റാർ ഹോട്ടലിലെ താമസം, ഏഴു കോഴ്സ് ഭക്ഷണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഇടത്താവളങ്ങൾ, പാട്ടും നൃത്തവും പതഞ്ഞു കയറുന്ന നിശാപാർട്ടികൾ, ബോഡിഗാർഡുകളുടെ സംരക്ഷണം... അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങൾ.
പുതിയ ജോലിയിലെ ആദ്യത്തെ യാത്ര. കാത്തിരുന്നതു കണ്ണു മഞ്ഞളിക്കുന്ന കാഴ്ചകൾ. പുഷ്പാലംകൃതമായ ഇടനാഴികൾ. ഫൈബർ ഒപ്റ്റിക്സ് സീലിംഗുള്ള കിടപ്പുമുറി. വിശാലമായ പട്ടുമെത്ത. മുന്തിയ തരം കുഷ്യനുകൾ. ഷാമ്പെയ്‌ൻ ബോട്ടിലുകൾ നിരത്തി വച്ച പെട്ടികൾ. രാജകീയമായ ബാത്റൂം. സ്വർണ്ണ ടാപ്പുള്ള ബാത്ത് ടബ്. സർവ്വാലങ്കാര വിഭൂഷിതം !
ഞെട്ടിയത് അപ്പോഴല്ല. ബോസിന്റെ രഹസ്യ താൽപര്യങ്ങൾ സഹപ്രവർത്തകർ വെളിപ്പെടുത്തിയപ്പോൾ. പിൻമാറിയില്ല. ആറാം മാസം മുതൽ സസ്കിയ റഷ്യക്കാരൻ കോടീശ്വരന്റെ രഹസ്യ കാമുകിയായി. അൽപവസ്ത്രങ്ങളിൽ നൃത്തം ഉൾപ്പെടെ അസാധാരണവും വിചിത്രവുമായ അനുഭവങ്ങൾ. ഇട്ടു മൂടാൻ പോന്നത്ര ആഭരണങ്ങൾ ഓരോ യാത്രയിലും പ്രതിഫലം. ഓരോ രാത്രിക്കും 15 ലക്ഷം രൂപയും.!
പിന്നീടുണ്ടായതു സസ്കിയ ആഗ്രഹിച്ചിരുന്നതല്ല. ബോസിൽ നിന്നു ഗർഭം. ഗർഭചിദ്രം നടത്തി. ശാരീരികമായും മാനസികമായും തളർന്നു. ആദ്യത്തെ പ്രൈവറ്റ് ജെറ്റ് ജോലി മൂന്നാം വർഷം ഉപേക്ഷിക്കേണ്ടി വന്നു. വീട്ടാക്കടങ്ങൾ അപ്പോഴും ബാക്കി. ചെറിയ ഇടവേളയെടുത്തു. ഫ്രീലാൻസറായി വീണ്ടും സ്വകാര്യവിമാനങ്ങളിൽ. പണം, ആഡംബരം, പല രാജ്യങ്ങളിലായി കാമുകന്മാർ. ഒന്നരപ്പതിറ്റാണ്ടായി ഇന്നും തുടരുന്ന ജോലിയുടെ പ്രതിഫലം. ശരീരം സ്വതന്ത്രജീവിതം, ആത്മാഭിമാനം ; നഷ്ടങ്ങളും കുറവല്ല. ആഡംബര വിമാനങ്ങളിലെ ഞെട്ടിക്കുന്ന അണിയറ ജീവിതം തുറന്നു കാട്ടി പുസ്തകമെഴുതുമ്പോഴും ഫ്ലൈറ്റ് അറ്റൻഡഡ് എന്ന ജോലിയുപേക്ഷിക്കാൻ സസ്കിയ ഒരുക്കമല്ല. കടപ്പാടുണ്ട് ; വഴി മുട്ടിയ ജീവിതം നീട്ടിത്തന്നത് ആ ലോകമാണല്ലോ !
Content Summary : Above and Beyond: Secrets of a Private Flight Attendant - Book by Saskia Swann and Nicola Stow