ADVERTISEMENT

എൻജിനീയർ, എഴുത്തുകാരൻ‍, ചലച്ചിത്രകാരൻ എന്നിങ്ങനെ മേൽവിലാസങ്ങൾ പലതുണ്ടെങ്കിലും നന്ദൻ എന്ന പയ്യന്നൂരുകാരനെ ഇപ്പോൾ മലയാളികൾക്കു പരിചയം മികച്ച വിദ്യാഭ്യാസ ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം നേടിയ യുവ ചലച്ചിത്രകാരൻ എന്ന നിലയിലാണ്. ചതുർഭാഷാ നിഘണ്ടു തയാറാക്കിയ തലശേരിക്കാരൻ ഞാറ്റ്യേല ശ്രീധരനെക്കുറിച്ചുള്ള 'ഡ്രീമിങ് ഓഫ് വേഡ്സ്' (Dreaming of words) എന്ന ഡോക്യുമെന്ററിയാണ് നന്ദനെ ദേശീയ പുരസ്കാരനേട്ടത്തിന് അർഹനാക്കിയത്. സിവിൽ എൻജിനീയർ എന്ന നിലയിൽ കെട്ടിടനിർമാണ രംഗത്ത് പ്രവർത്തിച്ചിരുന്ന സമയത്ത് പല ഭാഷകൾ സംസാരിക്കുന്ന തൊഴിലാളികളുമായി ഇടപെഴുകി ആ ഭാഷകൾ പഠിച്ചെടുത്ത നന്ദൻ പലപ്പോഴും തേടി നടന്നിരുന്നത് തെന്നിന്ത്യൻ ഭാഷകളെ ബന്ധിപ്പിക്കുന്ന ഒരു നിഘണ്ടുവായിരുന്നു. ആ അന്വേഷണമാണ് ഞാറ്റ്യേല ശ്രീധരനിൽ എത്തിച്ചതും അദ്ദേഹത്തിന്റെ അനിതര സാധാരണമായ ജീവിതം ലോകത്തെ അറിയിക്കാൻ നിമിത്തമായതും. ഞാറ്റ്യേല ശ്രീധരന്റെ ജീവിതം ഒരു സിനിമയ്ക്കോ നോവലിനോ പ്രമേയമാക്കുന്നതിനേക്കാൾ ഒരു ഡോക്യുമെന്ററിയായി ചിത്രീകരിക്കാനായിരുന്നു നന്ദൻ തീരുമാനിച്ചത്. ആ തീരുമാനത്തിനു പിന്നിലെ കാരണവും ഡോക്യുമെന്ററിക്കൊപ്പമുള്ള സ്വന്തം യാത്രയും പങ്കുവച്ച് നന്ദൻ മനോരമ ഓൺലൈനിൽ.  

 

എന്തുകൊണ്ട് ഡോക്യുമെന്ററി?

 

ഡോക്യുമെന്ററി റിയലാണ്. യാഥാർഥ്യം ഞെട്ടിക്കും. യഥാർഥ്യമാണ് ശരിക്കും നമ്മെ ഞെട്ടിക്കുക. അതു റിയൽ ആയി എടുക്കുക... ആ കാഴ്ചയ്ക്കും കാഴ്ചക്കാർക്കും ഇടയിൽ മറ്റു കൃത്രിമത്വങ്ങളില്ല. പാട്ടായാലും സിനിമ ആയാലും ഒരുപാട് തട്ടുകളിലൂടെ കടന്നു പോയിട്ടാണ് പ്രേക്ഷകരിലേക്കെത്തുന്നത്. അങ്ങനെയൊന്നും വളച്ചൊടിക്കാത്ത റിയൽ കാഴ്ചകളാണ് ഡോക്യുമെന്ററി കാണിക്കുന്നത്. ശ്രീധരേട്ടന്റെ (ഞാറ്റ്യേല ശ്രീധരൻ) സന്തോഷം, സങ്കടം, മോഹം, സ്വപ്നം, വാക്കുകൾ എല്ലാം റിയലാണ്. അതൊന്നും അഭിനയമല്ല. ഈ ഡോക്യുമെന്ററിയിൽ കാണിക്കുന്ന ആളുകളും റിയലാണ്. ആരും അഭിനേതാക്കളല്ല. അതിന്റെ ഒരു ശക്തിയുണ്ട്. അതുകൊണ്ടാണ് ശ്രീധരേട്ടന്റെ ജീവിതം ഡോക്യുമെന്ററിയിലൂടെ പറയാമെന്നു തീരുമാനിച്ചത്. സിനിമയ്ക്ക് സിനിമയുടേതായ കരുത്തുണ്ട്. ഡോക്യുമെന്ററിക്കുമുണ്ട് അതിന്റേതായ ശക്തിയും സ്വാധീനവും. 

 

നിമിത്തമായ പത്രവാർത്ത 

 

ഞാൻ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്നു. അങ്ങനെയാണ് കുറച്ചു ഭാഷകൾ ഞാൻ പഠിച്ചത്. ആ സമയത്ത് മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളുടെ ഒരു നിഘണ്ടു ഞാനും അന്വേഷിക്കുന്നുണ്ടായിരുന്നു. അപ്പോഴൊന്നും എനിക്ക് കിട്ടിയില്ല. അതു കുറെ മുമ്പായിരുന്നു. പിന്നീട് ഞാൻ മുംബൈയിലേക്ക് മാറി. ജോലിയും ജീവിതവുമൊക്കെ അവിടെയായി. പിന്നെ ഞാൻ നാട്ടിൽ വന്ന സമയത്താണ് പത്രത്തിൽ ശ്രീധരേട്ടനെ കുറിച്ച് വായിക്കുന്നതും അദ്ദേഹത്തെ തേടി പോകുന്നതും. അപ്പോഴാണ് ഞാൻ മനസിലാക്കിയത്, ശ്രീധരേട്ടൻ ഒരു ചതുർഭാഷാ നിഘണ്ടു തയാറാക്കിയിരുന്നുവെങ്കിലും അതു പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ കുറിച്ചുള്ള വാർത്ത വായിച്ചപ്പോഴെ ഡോക്യുമെന്ററി ചെയ്യാമെന്നൊരു തോന്നൽ ഉണ്ടായിരുന്നു. നേരിൽ കണ്ട് സംസാരിച്ചപ്പോൾ എന്തായാലും അതു ചെയ്യണമെന്നുറപ്പിച്ചു. 

 

വാക്കുകൾ തേടി ശ്രീധരേട്ടന്റെ യാത്രകൾ 

 

ശ്രീധരേട്ടന് ആകെയുള്ളത് നാലാം ക്ലാസ് വിദ്യാഭ്യാസമാണ്. ഹെർമൻ ഗുണ്ടർട്ട് സ്കൂളിൽ പോയി മലയാളം പഠിച്ചിട്ടല്ലല്ലോ മലയാളം നിഘണ്ടു തയാറാക്കിയത്. പല നാടുകളിൽ പോയും അവിടെയുള്ള ആളുകളുമായി സംസാരിച്ചുമാണ് നിഘണ്ടു തയാറാക്കിയെടുത്തത്. അതാണ് ശ്രീധരേട്ടനും പിന്തുടർന്നത്. 1994ലാണ് ശ്രീധരേട്ടൻ ഈ സ്വപ്നത്തിന്റെ പിന്നാലെ സഞ്ചരിച്ചു തുടങ്ങുന്നത്. അന്ന് ഇന്നത്തെ അത്രയും ടെക്നോളജി വികസിച്ചിട്ടില്ല. ഇങ്ങനെയൊരു പ്രോജക്ടിന് ഏതെങ്കിലും സർവകലാശാലയുടെയോ സ്ഥാപനങ്ങളുടെയോ ഫണ്ട് ഒന്നുമില്ല. ശ്രീധരേട്ടൻ സ്വന്തം കാശു മുടക്കിയാണ് ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിക്കുന്നത്. മലയാളത്തിൽ ഒരു വാക്ക് എടുത്താൽ അതേ അർത്ഥം വരുന്ന തമിഴ്, കന്നട, തെലുങ്ക് വാക്കുകൾ ലഭിക്കുന്ന നിഘണ്ടുവാണ് ശ്രീധരേട്ടൻ തയാറാക്കിയത്. ഇതിനുവേണ്ടി ശ്രീധരേട്ടൻ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. ഒരു വാക്ക് കിട്ടിയില്ലെങ്കിൽ അതു തേടി അദ്ദേഹം യാത്ര ചെയ്യും. അങ്ങനെ ഇറങ്ങി അന്വേഷിച്ച് 25 വർഷം എടുത്താണ് ശ്രീധരേട്ടൻ നിഘണ്ടു പൂർത്തിയാക്കിയത്.

 

പ്രസിദ്ധീകരണത്തിലെ വെല്ലുവിളികൾ

 

2011ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശ്രീധരേട്ടന്റെ മലയാളം–തമിഴ് നിഘണ്ടു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ.പി.കെ പോക്കർ സർ ആയിരുന്നു ആ സമയത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ. എന്നാൽ, ചതുർഭാഷ നിഘണ്ടുവിന്റെ പ്രസിദ്ധീകരണം അത്ര എളുപ്പമല്ലായിരുന്നു. ശ്രീധരേട്ടന്റെ അക്കാദമിക് യോഗ്യതയായിരുന്നു വെല്ലുവിളി സൃഷ്ടിച്ചത്. പിന്നീട് സീനിയർ സിറ്റിസൺ ഫോറമാണ് 2020 നവംബർ ഒന്നിന് ഇതു പുറത്തിറക്കിയത്. അതിനു ശേഷമാണ് ഡോക്യുമെന്ററി റിലീസ് ആയത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷകളാണ് ദ്രാവിഡ ഭാഷകൾ. ലോകത്തിന്റെ തന്നെ സ്വത്താണ് നമ്മുടെ ഈ ഭാഷകൾ. അതിനെ സംരക്ഷിക്കുന്ന മഹത്തായ ഒരു കാര്യമാണ് ഒരു മനുഷ്യൻ‌ ഒറ്റയ്ക്കു ചെയ്തത്. ഇത് ലോകത്തെവിടെ ആണെങ്കിലും ആളുകൾക്ക് കണക്ട് ചെയ്യാൻ കഴിയുന്ന കാര്യമാണ്. അതുകൊണ്ട്, നല്ല പ്രതികരണമാണ് ചിത്രത്തിന് എല്ലാ രാജ്യങ്ങളിൽ നിന്നും ലഭിച്ചത്. ഭാഷയെ ഒരു സ്വത്ത് ആയിട്ടാണ് സ്പെയിനിലും ഫ്രാൻസിലും ഒക്കെയുള്ളവർ കാണുന്നത്. അവർക്ക് ശ്രീധരേട്ടന്റെ ഈ പ്രയത്നത്തോടുള്ള ആദരവ് വളരെ വലുതാണ്.  പിന്നെ, ഇത്രയും ഭാഷകളുള്ള ഇന്ത്യയുടെ ആ ഭാഷാവൈവിധ്യവും ഈ ഡോക്യുമെന്ററിയിലൂടെ പിന്തുടരാൻ ശ്രമിച്ചിട്ടുണ്ട്. 

 

ഈ അംഗീകാരം ശ്രീധരേട്ടനു കൂടി അർഹതപ്പെട്ടത്

 

2021 ഫെബ്രുവരി 21ൽ രാജ്യാന്തര മാതൃഭാഷാ ദിനത്തോട് അനുബന്ധിച്ചു ഡൽഹിയിലെ ഐജിഎംസിഎയിൽ നടന്ന ഒരു പരിപാടിയിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്. ലോകത്തിലെ പല പ്രമുഖ ചലച്ചിത്രോത്സവങ്ങളിൽ നിന്ന് ഡ്രീമിങ് ഓഫ് വേർഡ്സിന് ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, സ്വന്തം നാട്ടിൽ പലർക്കും ഈ ചിത്രത്തെക്കുറിച്ച് അറിവില്ല. ദ്രവീഡിയൻ ലിംഗ്വിസ്റ്റിക് അസോസിയേഷന്റെ പുരസ്കാരം ഈയടുത്ത് ശ്രീധരേട്ടന് ലഭിക്കുകയുണ്ടായി. അതല്ലാതെ മറ്റ് അംഗീകാരങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഡോക്യുമെന്ററിക്ക് ലഭിച്ച ദേശീയ പുരസ്കാരം തീർച്ചയായും ശ്രീധരേട്ടന്റെ പരിശ്രമങ്ങൾക്കു കൂടിയുള്ള അംഗീകാരമായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന് 84 വയസുണ്ട്. വാക്കുകളെ സ്വപ്നം കണ്ടു നടന്ന ഒരാളാണ് ശ്രീധരേട്ടൻ. അതുകൊണ്ടാണ്, വാക്കുകളെ സ്വപ്നം കാണുമ്പോൾ (Dreaming of words) എന്ന പേര് ഡോക്യുമെന്ററിക്ക് ഇട്ടത്. ദ്രാവിഡ ഭാഷകൾക്കു ശ്രീധരേട്ടൻ നൽകിയ മഹത്തായ സംഭാവനയ്ക്കുള്ള എന്റെ ആദരം കൂടിയാണ് ഈ സിനിമ.

 

ഇനിയൊരു നോവൽ

 

സിനിമ എനിക്ക് പണ്ടു മുതലേ താൽപര്യം ഉണ്ടായിരുന്നു. പക്ഷേ, പഠിച്ചത് എൻജിനീയറിങ്ങാണ്. അതു കഴിഞ്ഞാണ് സിനിമയിലേക്കു തിരിഞ്ഞത്. അതിനു മുമ്പ് സിവിൽ എൻ‍‍‍‍‍‍ജിനീയർ ആയി ജോലി ചെയ്തിട്ടുണ്ട്. അപ്പോഴാണ് ഞാനീ ഭാഷകൾ പഠിക്കുന്നത്. ബെംഗളൂരു ശരിക്കും പല ഭാഷാ സാന്നിധ്യമുള്ള നഗരമാണ്. മലയാളം, തമിഴ്, കന്നട, തെലുങ്കു, ഹിന്ദി, മറാഠി... എല്ലാം ഒരു സ്ഥലത്തു തന്നെ നമുക്ക് കാണാം. ഞാൻ പ്രത്യേകിച്ചും നിർമാണമേഖലയിൽ ജോലി ചെയ്തിരുന്നതുകൊണ്ട്, ഇതെല്ലാം എനിക്ക് നേരിട്ട് അറിയാൻ കഴിഞ്ഞു. സോഫ്റ്റ്‍വെയർ എൻജിനീയർ ആയിരുന്നെങ്കിൽ ഇത്രയും ഭാഷകളുമായുള്ള പരിചയം വരുമായിരുന്നില്ല.  അതിനു ശേഷം ഫിലിം മേക്കിങ്ങിലേക്ക് വന്നപ്പോൾ പരസ്യചിത്രങ്ങളാണ് ആദ്യം ചെയ്തത്. പിന്നീട് സിനിമയിലേക്കെത്തി. അതിനിടയിലാണ് ഡോക്യുമെന്ററി ചെയ്തത്. കുട്ടികൾക്കു വേണ്ടി ആകാശപന്ത് എന്നൊരു നോവലും എഴുതി. അടുത്ത നോവലിന്റെ പണിപ്പുരയിലാണ് ഇപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com