ഗുണ ഗുഹയ്ക്കുള്ളിലൂടെ വടി കുത്തി കമൽ സർ മുന്നിൽ, പിന്നാലെ ഞങ്ങളും: വേണു അഭിമുഖം
Mail This Article
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് തെന്നിന്ത്യയിൽ മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുമ്പോൾ, തമിഴിൽ കമൽഹസൻ അഭിനയിച്ച ഗുണ എന്ന ചിത്രം വീണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ്. 1991ൽ പുറത്തിറങ്ങിയ ആ ചിത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങൾ ചിത്രീകരിച്ചത് ഗുണ കേവ്സിലായിരുന്നു. അന്ന് ആ സിനിമയ്ക്കൊപ്പം പ്രവർത്തിച്ചവരിൽ രണ്ടു മലയാളികളുണ്ടായിരുന്നു. ക്യാമറ ചെയ്ത വേണുവും തിരക്കഥയൊരുക്കിയ സാബ് ജോണും. ഒറിജിനൽ കേവ്സിൽ ഷൂട്ട് ചെയ്ത അനുഭവങ്ങൾ പങ്കുവച്ച് ക്യാമറമാൻ വേണു മനോരമ ഓൺലൈനിൽ.
ബോയ്സിന് അഭിനന്ദനങ്ങൾ
മഞ്ഞുമ്മൽ ബോയ്സ് ടീമിന് അഭിനന്ദനങ്ങൾ. മലയാള സിനിമയുടെ നല്ല കാലമാണെന്നു തോന്നുന്നു. കുറെ നല്ല സിനിമകൾ ഒരുമിച്ചു റിലീസായി. അവയെല്ലാം വിജയകരമായി പ്രദർശനം തുടരുന്നു. മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന്റെ ഒരു പ്രതിഫലനമായിട്ടായിരിക്കും പലരും ‘ഗുണ’ എന്ന സിനിമ വീണ്ടും കാണുന്നതും ചർച്ച ചെയ്യുന്നതും.
സിബി ആയിരുന്നു ആദ്യ ഡയറക്ടർ
‘ഗുണ’യുടെ ആദ്യത്തെ ഡയറക്ടർ സിബി മലയിൽ ആയിരുന്നു. ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയത് സാബ് ജോൺ ആണ്. അദ്ദേഹത്തിന്റെ സുഹൃത്താണ് സിബി. സിബിയുടെ സുഹൃത്താണ് ഞാൻ. അങ്ങനെയാണ് ‘ഗുണ’ എന്നിലേക്ക് വന്നത്. പക്ഷേ, സിബിക്ക് പിന്നീട് അതിൽ താൽപര്യം ഇല്ലാതായി. സത്യത്തിൽ, കമൽഹാസൻ സംവിധാനം ചെയ്യുന്ന ചിത്രം പോലെയായിരുന്നു അതിന്റെ നീക്കം. അപ്പോൾ സിബി പിന്മാറി. അപ്പോഴാണ് സന്താനഭാരതി വരുന്നത്. ആ പ്രോജക്ടിൽ അദ്ദേഹത്തിന് സംവിധായകൻ എന്ന നിലയിൽ വലിയ റോളില്ല. എല്ലാം ചെയ്തത് കമൽഹസൻ തന്നെയാണ്.
Read more at: ഡ്യൂപ്പിനെവച്ച് ചെയ്യാമെന്ന് ലാലേട്ടൻ പറഞ്ഞു, വേണ്ടെന്നു ഞാനും: ഗുണ കേവിലെ അനുഭവം പറഞ്ഞ് അനന്യ
കമൽ സാറിനൊപ്പം കേവ്സിലേക്ക്
പില്ലർ റോക്കിനടുത്തുള്ള ഈ കേവ്സ് കാണിക്കാനായി കമൽ സാറാണ് ഞങ്ങളെ കൊണ്ടു പോകുന്നത്. സംവിധായകൻ സന്താനഭാരതി അടക്കം ഞങ്ങൾ ഏഴെട്ടു പേരുണ്ടായിരുന്നു. അങ്ങോട്ടുള്ള വഴി ദുർഘടം പിടിച്ചതായിരുന്നു. കഷ്ടിച്ചാണ് വണ്ടി എത്തുക. പിന്നെ, നടക്കണം. അവിടെ എത്തിയപ്പോൾ ഒരു സ്മൃതിമണ്ഡപം കണ്ടു. 1952 ൽ അവിടെ വീണു മരിച്ച ചെമ്പക നാടാരുടെ പേരിലുള്ള സ്മൃതിമണ്ഡപമായിരുന്നു അത്. ആ സ്ഥലം കണ്ടപ്പോൾ പെട്ടെന്ന് എനിക്കു തോന്നി, ഞാനിവിടെ വന്നിട്ടുണ്ടല്ലോ എന്ന്! അതിനു മുൻപത്തെ വർഷം ഞാനും ബീനയും മകളും അവിടെ പോയിരുന്നു. അവിടെ നിന്ന് 100 അടി പോയാൽ കേവ്സിലേക്ക് ഇറങ്ങാനുള്ള വഴിയായി. അവിടെ ചെന്നപ്പോഴാണ് എനിക്ക് ഇത് ഓർമ വന്നത്.
വേണൂ, ഷൂട്ട് അസാധ്യമാണോ? കമൽ സർ ചോദിച്ചത്
പ്രത്യേക അനുമതി വാങ്ങിയാണ് കേവ്സിൽ ഞങ്ങൾ ഇറങ്ങിയത്. കയർ ഏണിയിട്ടാണ് ഞങ്ങൾ ഇറങ്ങുന്നത്. വളരെ ഇടുങ്ങിയ വഴിയാണ്. ഇതു കണ്ടതും സംഘത്തിലെ ഓരോരുത്തരായി പിൻവാങ്ങി. ഇനി മുന്നോട്ടില്ലെന്നു പറഞ്ഞ് അവർ തിരിച്ചു പോയി. ഞാനും കമൽഹാസനും അടങ്ങുന്ന ചെറിയൊരു സംഘമാണ് അതിലിറങ്ങിയത്. ഞങ്ങൾ തിരിച്ചു വരുമ്പോഴേക്കും അവിടെ കാത്തു നിന്നിരുന്നവർ ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. അതായത്, അവിടെ ഷൂട്ട് ചെയ്യാൻ പറ്റില്ലെന്ന്! സംവിധായകൻ സന്താനഭാരതി തലകറങ്ങി വീണു. അങ്ങനെ ആകെ പ്രശ്നം. അവിടെ ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ടെന്ന് കൂടെ വന്നവർ പറഞ്ഞു. കമൽ സർ അസ്വസ്ഥനായി. എന്നോടൊരു ചോദ്യം, "കേവ്സിൽ ഷൂട്ട് ചെയ്യുന്നത് അസാധ്യമാണോ?" ഞാൻ പറഞ്ഞു, "അസാധ്യമെന്നു പറയാൻ പറ്റില്ല. പക്ഷേ, ബുദ്ധിമുട്ടാണ്. എങ്കിലും ചെയ്യാം". അങ്ങനെയാണ് ആ ഷൂട്ട് നടന്നത്.
Read more at: ഗുണ കേവിലിറങ്ങാൻ മോഹൻലാലും അനന്യയുമെടുത്ത റിസ്ക്: അനുഭവം പറഞ്ഞ് പത്മകുമാർ
ഗുണയുടെ ക്രെഡിറ്റ് കമൽ സാറിന്
അതിസാഹസികമായ ഷൂട്ടായിരുന്നു. ഗുണ കേവ്സ് പോലൊരു സ്ഥലത്ത് ഷൂട്ട് ചെയ്യാനുള്ള വൈദഗ്ദ്യം നമുക്കില്ലായിരുന്നു. ലഭ്യമായ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ചെയ്തത്. സത്യത്തിൽ, അവിടേക്കുള്ള നടപ്പാതയാണ് കാണാൻ ഭംഗി. പക്ഷേ, അവയൊന്നും പകർത്താൻ കഴിഞ്ഞില്ല. കാരണം, അവിടെയെല്ലാം കയറും ഷൂട്ടിങ് ഉപകരണങ്ങളുമെല്ലാം വച്ചിരിക്കുകയായിരുന്നു. ഇപ്പോൾ അതെല്ലാം മായ്ച്ചു കളയാം. അന്നത് പറ്റില്ലല്ലോ! അങ്ങനെ ഒരുപാട് നല്ല സ്ഥലങ്ങൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ, അന്ന് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലൈറ്റുകൾ ഇല്ല. അവിടെ വൈദ്യുതിയും ഇല്ല. ലൈറ്റ് പ്രവർത്തിക്കണമെങ്കിൽ ജനറേറ്റർ വേണം. എങ്ങനെയൊക്കെയോ ആണ് അതെല്ലാം ചെയ്തെടുത്തത്. ചെറിയൊരു സംഘമാണ് ഷൂട്ടിനായി എത്തിയത്. അവർ ഇരട്ടി പണിയെടുക്കേണ്ടി വന്നു. ജീവനോടെ തിരിച്ചു വന്നതു തന്നെ മഹാഭാഗ്യം. കേവ്സിൽ ചില സ്ഥലങ്ങളിൽ ക്യാമറ വയ്ക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു. അപ്പോൾ, കമൽ സർ അവിടെ ചാടിക്കയറും. എന്നിട്ടു പറയും, "വേണു... വാ." ഞാനപ്പോൾ പറയും, എന്നെക്കൊണ്ടൊന്നും പറ്റില്ലെന്ന്! കമൽ സാറിന്റെ ഒറ്റ വാക്കിലാണ് ആ സിനിമ മൊത്തം സംഭവിച്ചതു തന്നെ. ഗുണയുടെ ക്രെഡിറ്റ് മുഴുവൻ കമൽ സാറിന് മാത്രം അവകാശപ്പെട്ടതാണ്.
ജീവനോടെ തിരിച്ചെത്തിയത് ഭാഗ്യം
കേവ്സിലെ കാഴ്ച വാക്കുകളിൽ വിവരിക്കാൻ പറ്റില്ല. അതിൽ നിറയെ ചതിക്കുഴികളാണ്. കരിയിലകൾ മൂടിക്കിടക്കുന്നതു കൊണ്ട് പെട്ടെന്നു അവ തിരിച്ചറിയാൻ കഴിയില്ല. കമൽ സർ ഒരു വടിയും കുത്തിപ്പിടിച്ച് മുൻപിൽ നടക്കും. പിന്നാലെ ഞങ്ങളും. മഴ പെയ്യുമ്പോൾ വെള്ളം മുഴുവൻ ഒഴുകി വരുന്നത് അവിടേക്കാണ്. കരിയിലകൾ അടിഞ്ഞു കൂടി ചീഞ്ഞു കിടക്കുകയാണ്. മുട്ടറ്റമുള്ള ചെളിയും കരിയിലകളും ചവുട്ടിയാണ് നടക്കേണ്ടത്. അവിടമാകെ മീഥൈൻ ഗ്യാസ് നിറഞ്ഞിരുന്നു. ഒരു പ്രത്യേക മണം അവിടെയുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് ഞങ്ങൾക്ക് പിടി കിട്ടിയില്ല.
പക്ഷേ, കമൽ സാറിന് പെട്ടെന്നു കാര്യം മനസിലായി. ഇരുട്ടായതിനാൽ ആരോ തീപ്പെട്ടി ഉരച്ചതും, കമൽ സർ പെട്ടെന്നു ചാടിപ്പിടിച്ചു. മീഥൈൻ ഗ്യാസ് പാചകവാതകം പോലെ കത്തിപ്പിടിക്കുന്ന ഒന്നാണ്. അതൊഴിവാക്കാനാണ് അദ്ദേഹം അതു ചെയ്തത്. സത്യത്തിൽ, സാഹസികർ മാത്രം ചിന്തിക്കുന്ന കാര്യം ആണത്. കേവ്സിലേക്ക് ഇറങ്ങുന്നതിനെ സാഹസികം എന്നു വിശേഷിപ്പിക്കുന്നതിനേക്കാൾ ആത്മഹത്യാപരം എന്നു പറയുന്നതാകും ഉചിതം. ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലമാണ് കേവ്സ്. അവിടെ, പ്രകൃതിഭംഗിയൊന്നും ആസ്വദിക്കാൻ പറ്റില്ല. എങ്ങനെയെങ്കിലുമൊക്കെ എടുത്തു തീർത്തു പോവുക എന്നതു മാത്രമായിരുന്നു മനസിൽ!
സ്മൃതിമണ്ഡപം അമ്പലമായി
ചെമ്പക നാടാരുടെ പേരിലുള്ള ഒരു സ്മൃതി മണ്ഡപം അവിടെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നല്ലോ. ഞങ്ങൾ ഷൂട്ട് തുടങ്ങിയ ആദ്യ ദിവസം ആ സ്മൃതി മണ്ഡപത്തിൽ ആരോ ഒരു പൂവ് വച്ചു. പിന്നീട്, വേറെ ആളുകളും പൂവ് വയ്ക്കാൻ തുടങ്ങി. ആരോ വിളക്കും വച്ചു. ക്രമേണ, അതൊരു അമ്പലം പോലെയായി. രാവിലെ അവിടെ പ്രാർഥിച്ചിട്ടെ, കേവ്സിലേക്ക് ഇറങ്ങൂ എന്ന മട്ടായി കാര്യങ്ങൾ. അത്രയും പേടിയുണ്ടായിരുന്നു സെറ്റിലെ പലർക്കും. അപ്പോൾ, കാര്യങ്ങൾ ഏകദേശം ഊഹിക്കാമല്ലോ! രാവിലെ എല്ലാവരും സെറ്റിലെത്തും. ആദ്യം പ്രാതൽ കഴിക്കും. എന്നിട്ട്, ഓരോരുത്തരായി അവിടെ പൂവ് വച്ചിട്ടിറങ്ങും. എല്ലാം സെറ്റ് ചെയ്യാൻ രണ്ടു മണിക്കൂർ എടുക്കും. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ ഷൂട്ട് അവസാനിപ്പിക്കേണ്ടി വരും. പിന്നെ, തിരിച്ചു കയറണം. അങ്ങനെയാണെങ്കിൽ, ഇരുട്ടു വീഴുന്നതിനു മുൻപ് മുകളിലെത്താം. അവസാനമായപ്പോൾ പലതും, അവിടെ ഉപേക്ഷിച്ചാണ് മുകളിലേക്ക് കയറിയത്.