ADVERTISEMENT

സൂപ്പർതാരം സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ‘റെട്രോ’യിൽ ജോജു ജോർജ്, ജയറാം തുടങ്ങിയ മലയാളി താരങ്ങളുെട സാന്നിധ്യമുണ്ട്.  ഇവർക്കൊപ്പം മറ്റൊരു  മലയാളി നടനും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ താരമായ രാക്കു ആണ് സൂര്യയുടെ നൻപനായി ‘റെട്രോ’യില്‍ എത്തുന്നത്. രാക്കുവിന്റെയും സുഹൃത്തുക്കളുടെയും സെവൻ ഫോർ എക്സ് മണവാളൻസ് എന്ന ടീമിന്റെ ഡാൻസുകൾ കണ്ട് ഇഷ്ടപ്പെട്ട ജ്യോതികയും സൂര്യയുമാണ് റെട്രോയിലേക്ക് രാക്കുവിനെ നിർദേശിച്ചത്. കലാഭവനിൽ നൃത്തച്ചുവടുകൾ പിച്ചവച്ചു വളർന്ന രാക്കു എന്നും ഒരു അഭിനയേതാവാകാനാണ് ആഗ്രഹിച്ചത്. നിനച്ചിരിക്കാതെ തന്നെത്തേടി എത്തിയത് ഏറ്റവും വലിയ സമ്മാനമായിരുന്നു എന്ന് രാക്കു പറയുന്നു.  റെട്രോയുടെ ഭാഗമായ സന്തോഷം മനോരമ ഓൺലൈനിനോട് പങ്കുവച്ചത്തുകയാണ് രാക്കു.     

manavalan-team

സൂര്യയുടെ റെട്രോയിലെ സുഹൃത്ത് 

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ വന്ന രാക്കു ആണ് ഞാൻ.  രാകേഷ് ജേക്കബ് എന്നാണ് പേര്. പക്ഷേ രാക്കു എന്ന് പറഞ്ഞാലാണ് എല്ലാവരും അറിയുക. ഡാൻസ് ആണ് പ്രഫഷൻ എങ്കിലും എന്റെ സ്വപ്നം സിനിമയായിരുന്നു. മലയാളത്തിൽ ചില സിനിമകളിൽ ചെറിയ ചെറിയ സീൻ ഒക്കെ ചെയ്തിട്ടുണ്ട്.  ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിൽ ചെറിയ സീനിൽ അഭിനയിച്ചു. പിന്നെ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലും. എല്ലാ സിനിമയ്ക്കും ഓഡിഷന് വിളിക്കുമ്പോൾ പോകുമായിരുന്നു. പക്ഷേ നിനച്ചിരിക്കാതെ ഒരു ഭാഗ്യം എന്നെ തേടി എത്തി. തമിഴിൽ സൂര്യ സാറിന്റെ റിലീസ് ആകാൻ പോകുന്ന റെട്രോ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ സുഹൃത്തായി അഭിനയിച്ചു.  എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് അത്.

പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യം

ഞങ്ങളുടെ ടീം സെവൻ ഫോർ എക്സ് മണവാളൻസ് മുണ്ട് ഡാൻസ് ഇറക്കിയിരുന്നു.  അത് ഇൻസ്റ്റാഗ്രാമിൽ ഭയങ്കര വൈറൽ ആയി. 2024  മാർച്ചിൽ ആണ് ഞങ്ങൾ ആദ്യത്തെ വിഡിയോ ഇറക്കിയത്. അത് ലോകം മുഴുവൻ റീച്ച് ആയി.  മൈക്കിൾ ജാക്സന്റെ ഒരു ഇംഗ്ലിഷ് പാട്ടിനും ഈ മുണ്ട് ഡാൻസ് ചെയ്തു.  അത് വലിയ ഹിറ്റ് ആയി. അതിനു ശേഷമാണ് എനിക്കൊരു മെസ്സേജ് ഇൻസ്റ്റയിൽ വരുന്നത്. കാർത്തിക്സുബ്ബരാജിന്റെ ഒരു സിനിമയിലേക്ക് നിങ്ങളെ കാസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു, നിങ്ങൾ എന്തായാലും വരണമെന്ന്.  അങ്ങനെ ഞാൻ ചെന്നു, നാല് ഒഡിഷനിൽ പങ്കെടുത്തു. നിങ്ങളുടെ ഗ്രൂപ്പിനെയും സിനിമയിലേക്കു വേണമെന്നു പറഞ്ഞു.  അങ്ങനെ  ടീം സെവൻ ഫോർ എക്സ് മണവാളൻസിനയും ഓഡിഷൻ ചെയ്തു. അങ്ങനെ അവർക്കും ചെറിയ റോളുകള്‍ കിട്ടി.  ഞങ്ങളുടെ ഡാൻസും ഈ സിനിമയിൽ കാണാം. സൂര്യ സാറിനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തായാണ് ഞാൻ പ്രത്യക്ഷപ്പെടുന്നത്.  കുറച്ച് ഡയലോഗ് ഒക്കെ ഉള്ള വേഷം.  ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ് ഇതൊക്കെ.

എന്നെ തിരഞ്ഞെടുത്തത് സൂര്യ

റെട്രോയുടെ ഷൂട്ടിങ്  എല്ലാം കഴിഞ്ഞപ്പോൾ കാർത്തിക് സുബ്ബരാജ് സാർ എന്നോട് വന്നു പറഞ്ഞു, ‘‘എടാ നിന്നെ ഈ സിനിമയിലേക്ക് വിളിച്ചത് എങ്ങനെയെന്ന് അറിയാമോ?’’.  ഞാൻ പറഞ്ഞു അറിയില്ല സർ.  അപ്പൊ അദ്ദേഹം പറഞ്ഞു, സൂര്യ സാർ ആണ് നിന്നെ വിളിക്കാൻ പറഞ്ഞതെന്നും.  സൂര്യ സാറും ജ്യോതിക ചേച്ചിയും സൂര്യ സാറിന്റെ അനുജൻ കാർത്തി സാറും ഞങ്ങളുടെ ഗ്രൂപ്പിന്റെ ഫാൻസ്‌ ആണ്.  അവർ ഞങ്ങളുടെ ഡാൻസ് എപ്പോഴും കാണും. ഈ സിനിമയിലെ കഥാപാത്രം ചെയ്യാൻ കേരളത്തിൽ നിന്ന് ഒരാളെ വേണമെന്നായിരുന്നു ആഗ്രഹം.  ഒരുപാടുപേർ ഓഡിഷൻ ചെയ്തിരുന്നു. അങ്ങനെയിരിക്കെ ആണ് ജ്യോതിക ചേച്ചി ഞങ്ങളുടെ വിഡിയോ കണ്ടിട്ട് സൂര്യ സാറിനെ കാണിച്ചത്.  അവർക്കെല്ലാം ഒരുപാട് ഇഷ്ടമായി. സൂര്യ സർ ആണ് ഞങ്ങളുടെ കാര്യം പറഞ്ഞത്. അദ്ദേഹം പറഞ്ഞു എന്നെ വിളിക്കാൻ.  അദ്ദേഹത്തിന് ഡാൻസ് വലിയ ഇഷ്ടമാണ്. ഈ ടീമിനെ നമ്മുടെ പടത്തിൽ വേണം, ഇവനെ എന്റെ സുഹൃത്തായി കാസ്റ്റ് ചെയ്യാൻ പറഞ്ഞു. അങ്ങനെ പറഞ്ഞുവെങ്കിലും നാലഞ്ച് ഓഡിഷൻ ഒക്കെ ചെയ്തിട്ടാണ് അവസാനം തീരുമാനമായത്.  അദ്ദേഹത്തിന്റെ സുഹൃത്തായി സിനിമയിൽ രണ്ടുപേരുണ്ട്. അതിലൊരാളാണ് ഞാൻ. എനിക്ക് കുറച്ചു സീനുകളെ ഉള്ളൂ.  ചെന്നൈയിലും ആൻഡമാനിലും ഒക്കെയായിരുന്നു ഷൂട്ട്.

rakesh-rakku

സൂര്യ പറഞ്ഞു, ‘എന്റെ തിരഞ്ഞെടുപ്പ് മോശമായില്ല’

ഞങ്ങളുടെ പെർഫോമൻസ് കഴിഞ്ഞപ്പോൾ സൂര്യ സർ വന്നു ഞങ്ങളെ എല്ലാം കെട്ടിപിടിച്ചു നല്ല അഭിപ്രായം പറഞ്ഞു.  ‘‘‘എടാ നന്നായി ചെയ്തിട്ടുണ്ട്, ഞാൻ കൊണ്ടുവന്ന ആള് എന്തായാലും മോശം ആയില്ല’’ എന്ന് പറഞ്ഞു. അദ്ദേഹം എന്തൊരു മനുഷ്യനാണ്.  അദ്ദേഹം ഞങ്ങളോട് കാണിച്ച സ്നേഹം ഒന്നും എനിക്ക് പറഞ്ഞു അറിയിക്കാൻ കഴിയില്ല.  അദ്ദേഹത്തെ ആദ്യം കണ്ടതൊക്കെ എനിക്ക് ഇപ്പോഴും ഓർമയുണ്ട്, അതൊക്കെ ഓർത്തിട്ട് ഭയങ്കര സന്തോഷമാണ്. എന്റെ ജീവിതത്തിൽ ആദ്യമായി കിട്ടിയ അനുഭവമാണ്.   അദ്ദേഹത്തോടൊപ്പം അഭിനയിച്ചതൊക്കെ ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്.   ദ്ദേഹം അടുത്ത് വന്നാൽ എപ്പോഴും എന്റെ തോളിൽ കയ്യിട്ട് നിൽക്കും. എന്തെങ്കിലും ഒക്കെ ചോദിക്കും.  അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ് എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഞാൻ ഒരു സാധാരണ ഡാൻസർ ആണ്. എന്നെ ഇത്രത്തോളം നാലുപേര് അറിയുന്ന വിധത്തിൽ ആക്കിയത് മഴവിൽ മനോരമയാണ്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ സെമി ഫൈനൽ വരെ എത്തിയിരുന്നു ഞങ്ങൾ.   

തമിഴ് അറിയില്ലെങ്കിലും മോശമാക്കിയില്ല

തമിഴ് എനിക്ക് ഇഷ്ടമുള്ള ഭാഷയാണ്. പക്ഷേ കൂടുതലായി തമിഴിനെപ്പറ്റി ഒന്നും അറിയില്ല.  സൂര്യ സാറിനൊപ്പം അഭിനയിച്ച വേറെ ഒരാൾ ഉണ്ട്. സൂര്യ സാറിന്റെ സുഹൃത്തായി അഭിനയിക്കുന്ന അവിനാശ്.  അവിനാശിന് മലയാളം അറിയാം. അവിനാശ് ആണ് എന്നെ തമിഴിൽ സഹായിച്ചത്. എനിക്ക് അറിയാത്തത് ഞാൻ അവനോട് ചോദിക്കും, അവൻ പറയും ഇതാണ് പറഞ്ഞത് നീ ഇങ്ങനെ പറഞ്ഞാൽ മതി. എന്നാലും ഞാൻ ഒട്ടും മോശം ആക്കാതെ ചെയ്തു എന്നാണ് എല്ലാവരും പറഞ്ഞത്. സംവിധായകൻ കാർത്തിക് സർ അടിപൊളി ആണ്.  അദ്ദേഹവും വളരെ നല്ല പെരുമാറ്റം ആയിരുന്നു. എല്ലാ സംവിധായകരും ഇങ്ങനെ ആണോ പെരുമാറുന്നത് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.  അദ്ദേഹം ഞങ്ങളോട് വളരെ നന്നായി പെരുമാറി.   

rakku-jayaram

എന്റെ സ്വന്തം ജയറാം

നമ്മുടെ സ്വന്തം ചേട്ടൻ ജയറാം സർ അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്നോട് ഭയങ്കര സ്നേഹമായിരുന്നു.  എപ്പോഴും എന്നോട് സംസാരിച്ചുകൊണ്ടിരിക്കും.  എല്ലാവരും പറയും നീ ജയറാം സാറിന്റെ പെറ്റ് ആണല്ലോ എന്ന്. എന്നും രാവിലെ വന്നു എന്നെ വിളിച്ച് "വാടാ" എന്നുപറഞ്ഞു അടുത്തിരുന്നു സംസാരിക്കും. ആദ്യദിവസം തന്നെ അദ്ദേഹം പരിചയപ്പെട്ട് സംസാരിച്ചു.  "ജയറാം സാർ സാർ ഇവനെ അറിയുമോ?" എന്ന് സൂര്യ അദ്ദേഹത്തോട് ചോദിച്ചു. ‘‘പിന്നേ, എന്റെ നാട്ടുകാരൻ അല്ലേ’’ എന്നായിരുന്നു മറുപടി. സൂര്യ സർ പറഞ്ഞു ‘‘അതല്ല സർ,  രാകുവിന്റെ ഡാൻസ് കണ്ടിട്ടുണ്ടോ’’ എന്നും ചോദിച്ചു.

അദ്ദേഹം ഞങ്ങളുടെ ഡാൻസ് കണ്ടിട്ടില്ലായിരുന്നു. അങ്ങനെ സൂര്യ സർ അദ്ദേഹത്തിന്റെ ഫോണിൽ ഞങ്ങളുടെ ഡാൻസ് വിഡിയോ എടുത്തു ജയറാം സാറിനെ കാണിച്ചുകൊടുത്തു. ഇതൊക്കെ കണ്ടു ഞാൻ എന്ത് ചെയ്യണം എന്നറിയാൻ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു. 

rakesh-rakku2

പിച്ചവച്ചത് കലാഭവനിൽ

കൊച്ചിയിൽ വെണ്ണല ആണ് എന്റെ വീട്. അപ്പച്ചനും അമ്മച്ചിയും മൂന്നു ചേട്ടന്മാരും ഉണ്ട്.  ഞാൻ ചെറുതിലെ മുതൽ ഡാൻസ് പഠിച്ചിട്ടുണ്ട്. ഞാൻ കലാഭവനിൽ ആണ് പഠിച്ചത്.  എനിക്ക് ഡാൻസിൽ ഉള്ള താല്പര്യം കണ്ടിട്ട് എന്റെ ചേട്ടൻ കലാഭവനിൽ കൊണ്ടാക്കി.  അന്ന് അവിടെ ആബേൽ അച്ചൻ ഉണ്ട്. അവിടെയാണ് പഠിച്ചത്. അതിനു ശേഷം കുറെ പരിപാടികളിൽ ഒക്കെ പങ്കെടുത്തിട്ട് മഴവിൽ മനോരമയിൽ എത്തിയതിനു ശേഷമാണ് എന്റെ മുഖച്ഛായ മാറുന്നത്. മഴവിൽ മനോരമയിലെ സതീഷേട്ടൻ, യമുന ചേച്ചി, എന്റെ മാസ്റ്റർ താജു എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്.  ഞങ്ങളുടെ ടീമിന്റെ കൊറിയോഗ്രാഫർ ആണ് താജു. അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്.സിനിമയോട് എനിക്ക് വലിയ താല്പര്യമാണ്. ഓഡിഷനുകൾക്ക് എല്ലാം പോകും, പോകുന്നതൊക്കെ പാസ്സാകും പക്ഷെ പലതും വിളിക്കാറില്ല. അങ്ങനെയിരിക്കെയാണ് ഒരു സമ്മാനം പോലെ എനിക്ക് ‘റെട്രോ’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു

English Summary:

Rakku, who honed his dance skills at Kalabhavan, always aspired to be an actor. He considers this unexpected opportunity the biggest gift. Rakku shared his joy of being a part of 'Retro' with Manorama Online.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com