അന്ന് ‘തൊമ്മനും മക്കളും’ ഷൂട്ട് കണ്ട് അദ്ഭുതം കൂറി, ഇന്ന് മമ്മൂട്ടിക്കൊപ്പം സ്ക്രീനിൽ: മീനാക്ഷി പറയുന്നു

Mail This Article
‘വാഴ’ എന്ന ന്യൂജെൻ ചിത്രത്തിൽ ടോംബോയ് ലുക്കിൽ എത്തി മലയാളികളുടെ മനം കവർന്ന താരമാണ് മീനാക്ഷി ഉണ്ണികൃഷ്ണൻ. ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന മമ്മൂട്ടി-ഗൗതം മേനോൻ ചിത്രമായ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്‌സിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മീനാക്ഷി ആയിരുന്നു. രാജമാണിക്യം, തൊമ്മനും മക്കളും തുടങ്ങി നിരവധി സിനിമകളിൽ പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവ് ആയും കൺട്രോളർ ആയും പ്രവർത്തിച്ചിട്ടുള്ള പരേതനായ ഉണ്ണികൃഷ്ണന്റെ മകൾ ആണ് മീനാക്ഷി. അച്ഛനൊപ്പം തൊമ്മനും മക്കളും എന്ന സിനിമയുടെ ഷൂട്ടിങ്ങിന് പോയപ്പോൾ മമ്മൂട്ടിയുടെ അഭിനയം നേരിട്ട് കണ്ട് അദ്ഭുതം കൂറി നിന്ന ബാലിക ഇപ്പോൾ മമ്മൂട്ടിക്കൊപ്പം ഒരു സിനിമയിൽ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ്. മാത്യു തോമസിനൊപ്പം അഭിനയിക്കുന്ന നൈറ്റ് റൈഡേഴ്സിന്റെ സെറ്റിൽ നിന്നും മനോരമ ഓൺലൈനിനോട് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മീനാക്ഷി.
.jpg)
ഏതൊരു ആർട്ടിസ്റ്റും മോഹിക്കുന്ന കാര്യം
ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്‌സ് എന്ന ഞങ്ങളുടെ സിനിമ വളരെ നല്ല പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. വളരെയധികം സന്തോഷമുണ്ട്. ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. എന്റെ രണ്ടു സ്വപ്നങ്ങളാണ് ഈ ചിത്രത്തിലൂടെ സഫലമായത്. ഒന്ന് ഗൗതം വാസുദേവ് മേനോൻ സാറിന്റെ ഒരു പടത്തിൽ അഭിനയിക്കുക എന്നത്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടുവളർന്ന ഒരാളെന്ന നിലയിൽ അദ്ദേഹത്തിന്റെ ഒരു സ്ത്രീകഥാപാത്രം ആകാൻ ആരാണ് ആഗ്രഹിക്കാത്തത് ?
.jpg)
രണ്ടാമത്തേത് ഏതൊരു സിനിമാതാരവും ആഗ്രഹിക്കുന്ന കാര്യമാണ്, മമ്മൂക്കയോടൊപ്പം സ്ക്രീൻ ഷെയർ ചെയ്യുക. എല്ലാ ആർട്ടിസ്റ്റുകളും ആഗ്രഹിക്കുന്നതാണ് അത്. ഈ സിനിമയിലൂടെ അതും എനിക്ക് സാധ്യമായി. വളരെയധികം സന്തോഷവും നന്ദിയുമുണ്ട്. വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. സിനിമ നല്ല രീതിയിൽ പ്രതികരണങ്ങൾ കിട്ടി മുന്നേറുന്നു, എന്റെ കഥാപാത്രത്തിനും നല്ല അഭിപ്രായങ്ങൾ കിട്ടുന്നുണ്ട്.
.jpg)
ജൂനിയേഴ്സിൽ നിന്ന് സീനിയേഴ്സിലേക്ക്
മമ്മൂട്ടി കമ്പനിയിൽ നിന്നാണ് എന്നെ ഡൊമിനിക്കിൽ അഭിനയിക്കാൻ വിളിച്ചത്. ഗൗതം വാസുദേവ് മേനോന്റെ പടം മമ്മൂട്ടിയാണ് നായകൻ എന്ന് പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ തന്നെ എന്ത് ചെയ്യണം എന്നറിയാൻ വയ്യാത്ത അവസ്ഥ. ഭയങ്കര സന്തോഷമായിരുന്നു. കഥ പോലും ചോദിക്കാതെയാണ് ഞാൻ സമ്മതം മൂളിയത്. ഞാൻ അഭിനയിച്ച വാഴ വിജയിച്ചു കഴിഞ്ഞുള്ള സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ഈ സിനിമ വന്നത്. ജൂനിയേഴ്സിന്റെ അടുത്തുനിന്ന് സീനിയേഴ്സിന്റെ അടുത്തെത്തിയത് പോലെയാണ് തോന്നിയത്. ഈ ഒരു അവസരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്.
.jpg)
മൂന്നു സന്തോഷങ്ങൾ
മമ്മൂക്കയോടൊപ്പം സെറ്റിൽ ഒരുമിച്ച് ഉണ്ടാകാൻ പറ്റി, ഗൗതം സാറിനൊപ്പം വർക്ക് ചെയ്യാൻ പറ്റി, മമ്മൂട്ടി കമ്പനിയുമായി അസ്സോസിയേറ്റ് ചെയ്യാൻ പറ്റി അങ്ങനെ സന്തോഷങ്ങൾ നിരവധിയാണ്. ഗൗതം സാറിന്റെ വിണ്ണൈ താണ്ടി വരുവായാ എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. അത് കാണുമ്പോഴൊന്നും അദ്ദേഹത്തെ കാണാൻ കഴിയുമെന്നു കരുതിയതേ ഇല്ല. അദ്ദേഹത്തിന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. അതിൽ ഒരാളാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു. മമ്മൂക്കയോടൊപ്പം അഭിനയിച്ചത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞു, ഞങ്ങളുടെ വാഴ എന്ന സിനിമയെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു, അദ്ദേഹം അതൊക്കെ താല്പര്യത്തോടെ കേട്ടു. ഇനിയും കൂടുതൽ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കണം എന്നാണ് ആഗ്രഹം.
.jpg)
മാത്യു തോമസിനൊപ്പം നൈറ്റ് റൈഡേഴ്‌സ്
നൈറ്റ് റൈഡേഴ്‌സ് എന്നൊരു സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നൗഫൽ അബ്ദുള്ള ആണ് സംവിധാനം. പ്രണയ വിലാസം എന്ന സിനിമ എഴുതിയ ജ്യോതിഷും സുനുവുമാണ് ഇതിന്റെ കഥ എഴുതിയത്. മാത്യു തോമസും ഞാനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷൻ ഷാനവാസ്, ശരത് സഭ തുടങ്ങിയവരും ഉണ്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്നു. വേറെ ചില സിനിമകളുടെയും ചർച്ചകൾ നടക്കുന്നുണ്ട്.