രണ്ടാം ഭാഗം ഉണ്ടെന്നറിഞ്ഞില്ല, ഇത് ചതിയാണെന്ന് രാജുവിനോടു പറഞ്ഞു: കലാഭവൻ ഷാജോൺ

Mail This Article
ന്യൂ ജനറേഷനിൽ നിന്ന് തനിക്ക് ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെ കലാഭവൻ ഷാജോൺ. അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ‘ബ്രോമാൻസ്’ എന്ന സിനിമയിലൂടെ കോമഡിയിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കലാഭവൻ ഷാജോൺ പറഞ്ഞു. കുടുംബത്തോടൊപ്പം തിയറ്ററിൽ പോയി ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് ബ്രോമാൻസ്. കഴിഞ്ഞ വർഷം ‘ആട്ടം’ എന്ന സിനിമയിൽ തിയറ്റർ ആർട്ടിസ്റ്റുകളോടൊപ്പം അഭിനയിച്ചതിലൂടെ അവരുടെ അഭിനയ ശൈലിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചപ്പോൾ ‘ബ്രോമാൻസി’ലൂടെ പുതിയ തലമുറയുടെ സാങ്കേതിക അറിവുകൾ തനിക്ക് പകർന്നു കിട്ടിയെന്ന് ഷാജോൺ പറയുന്നു. ‘എമ്പുരാൻ’ എന്ന സിനിമയുമായി ബന്ധപ്പെടുത്തി വരുന്ന ട്രോളുകൾ തനിക്കും ആസ്വാദ്യകരമായി തോന്നി എന്നും എമ്പുരാനെപ്പറ്റി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത് സംവിധായകൻ പൃഥ്വിരാജ് തന്നെയാണെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ കലാഭവൻ ഷാജോൺ പറഞ്ഞു.
വീണ്ടും ഹ്യൂമർ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം
‘ബ്രോമാൻസ്’ എന്ന സിനിമയ്ക്ക് വളരെ നല്ല പ്രതികരണമാണ് കിട്ടുന്നത്. കുറെ നാളുകൾക്ക് ശേഷമാണ് എനിക്ക് ഒരു ഹ്യൂമർ ചിത്രത്തിന്റെ ഭാഗമാകാൻ കഴിയുന്നത്. ഇത്തരം ഒരു സിനിമ ചെയ്യാനായി കുറേ നാളായിട്ട് ഞാൻ കാത്തിരിക്കുകയായിരുന്നു. സിനിമയിൽ എന്റെ കഥാപാത്രം വലിയ പൊട്ടിച്ചിരികൾ ഒന്നും കൊടുക്കുന്നില്ല എങ്കിലും സിനിമയുടെ സ്ക്രിപ്റ്റ് കേട്ടപ്പോൾ മുതൽ ഞാനിത് തിയറ്ററിൽ കാണാൻ കാത്തിരിക്കുകയായിരുന്നു. സിനിമയിലെ ഓരോ കഥാപാത്രവും രസകരമാണ്. അതോടൊപ്പം തന്നെ എന്റെ കഥാപാത്രവും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു. വളരെ നല്ല പ്രതികരണമാണ് കിട്ടുന്നത് വളരെ സന്തോഷമുണ്ട്.
റോളർ കോസ്റ്റർ ഫൺ റൈഡ്
നമ്മുടെ ജോലി അഭിനയമാണല്ലോ അപ്പോൾ എല്ലാതരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണം, ചെയ്യാൻ ഇഷ്ടവുമാണ്. അങ്ങനെ വ്യത്യസ്തതയുള്ള ഒരു കഥാപാത്രം കിട്ടിയപ്പോൾ വളരെ സന്തോഷമുണ്ട്. എന്റെ അഭിപ്രായത്തിൽ വളരെ നല്ല ഒരു എന്റർടൈനർ ആണ് ഈ സിനിമ. വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ പോയി രണ്ടു മണിക്കൂർ ഇരുന്ന് ഈ ചിരിച്ചിട്ട് വരാൻ പറ്റുന്ന ഒരു സിനിമയാണ്. ഞാൻ എന്റെ കുടുംബവും ആയിട്ട് ആണ് പോയത്. കുടുംബത്തോടൊപ്പം പോയിരുന്ന് ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ്. കുറെ നല്ല പാട്ടുകളും തമാശകളും നല്ല സിറ്റുവേഷനും ഫൈറ്റും ഒക്കെ ഉള്ള സിനിമ. പുതിയ തലമുറയ്ക്ക് പറ്റിയ വളരെ നല്ല വൈബുള്ള ഒരു റോളർ പോസ്റ്റർ റൈഡ് ആണ് ഈ സിനിമ.
സിനിമയെ മനസിലാക്കിയ പുതിയ തലമുറ
മാത്യുവിനൊപ്പം ഞാൻ മുൻപ് വർക്ക് ചെയ്തിട്ടുണ്ട്. മഹിമയോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. അർജുനോടൊപ്പം അഭിനയിച്ചിട്ട് കുറച്ചായി. ബാക്കിയുള്ളവരെല്ലാം പുതിയ ആളുകളായിരുന്നു. പുതിയ തലമുറയോടൊപ്പം അഭിനയിക്കുക എന്നുള്ളത് വലിയൊരു ആഗ്രഹം കൂടിയായിരുന്നു. പുതിയ കുട്ടികളോടൊപ്പം അഭിനയിക്കുമ്പോൾ നമുക്ക് നമ്മളെ കൂടി ഒന്ന് റിഫ്രഷ് ചെയ്തെടുക്കാൻ പറ്റും. അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ നമുക്ക് പഠിക്കാൻ ഉണ്ട്. വളരെയധികം ഡെഡിക്കേറ്റഡ് ആണ് പുതിയ കുട്ടികൾ. അവർക്ക് സിനിമയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാം. ഓരോ ക്യാമറ കൊണ്ടു വയ്ക്കുമ്പോഴും ആ ക്യാമറ ഏതാണ്, ലെൻസ് ഏതാണ് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏതൊക്കെയാണ് എന്നെല്ലാം അവർക്ക് അറിയാം.
സംഗീത് ഒരു എഡിറ്റർ ആയതുകൊണ്ട് മാത്യു ഇക്കാര്യങ്ങൾ സംഗീതിനോട് ചോദിക്കുകയും മനസ്സിലാക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അതൊക്കെ കാണുന്നത് നമുക്കും പുതിയ അറിവുകൾ കിട്ടുന്ന കാര്യമാണ്. പണ്ടൊക്കെ നമുക്ക് ഇത്തരത്തിലുള്ള തോന്നലുകൾ ഒന്നുമില്ലല്ലോ നമ്മൾ അഭിനയിക്കുന്നു, നമ്മുടെ വേഷം കഴിയുമ്പോൾ നമ്മൾ പോകുന്നു എന്നല്ലാതെ സിനിമ പഠിക്കണമെന്നോ സിനിമയ്ക്കുള്ളിലെ സിനിമ എന്തെന്ന് അറിയണമെന്നോ ഒന്നും നമ്മൾ ആരും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഇപ്പോഴത്തെ കുട്ടികളെല്ലാം സിനിമ നന്നായി പഠിച്ചിട്ടാണ് വരുന്നത്. സിനിമ മാറി വരുന്ന സമയത്ത് ടെക്നിക്കൽ സൈഡ് കുറിച്ച് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. അപ്പോൾ ഓരോ ജോലി ചെയ്യുന്നവരും എടുക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ പറ്റും, സംവിധായകൻ, സ്ക്രിപ്റ്റ് റൈറ്റർ, ക്യാമറ ചെയ്യുന്നവർ, ലൈറ്റ്, ആർട്ട് ഡയറക്ടർ ഇവരുടെയെല്ലാം ജോലികൾ നമുക്ക് മനസ്സിലാക്കാൻ പറ്റും

സിനിമയുടെ സീൻ മാറി
പണ്ടത്തേക്കാൾ സിനിമ ഒരുപാട് മാറിയിരിക്കുന്നു. ഇപ്പോൾ ലൊക്കേഷനിൽ എല്ലാവരും വളരെ സൗഹൃദത്തോടെയാണ് ഇടപെടുന്നത്. വളരെ നല്ലൊരു വൈബ് ആണ് ഇപ്പോൾ സെറ്റുകളിൽ. പണ്ട് സീനിയേഴ്സിനെ ഒക്കെ നമ്മൾ പേടിച്ച് ബഹുമാനിച്ച് അവര്‍ വരുമ്പോൾ ചാടി എഴുന്നേറ്റ് മാറിനിൽക്കുന്ന ഒരു അവസ്ഥയായിരുന്നു. അവർ അങ്ങനെ പറഞ്ഞിട്ടൊന്നും അല്ല പക്ഷേ നമ്മൾക്ക് അങ്ങനെയാണ് തോന്നുക. ഇപ്പോൾ അങ്ങനെയല്ല ഇവരെല്ലാം സുഹൃത്തുക്കളെ പോലെയാണ് ഇടപെടുന്നത്. സംവിധായകൻ, തിരക്കഥാകൃത്ത് ക്യാമറമാൻ ബാക്കി എല്ലാ ടെക്നീഷ്യൻസും നടന്മാരും നടിമാരും എല്ലാവരും സുഹൃത്തുക്കളാണ്. എല്ലാവരും തോളിൽ കയ്യിട്ടു നിന്ന് വർക്ക് ചെയ്യുന്നതാണ് കാണുന്നത്. ഇപ്പോഴത്തെ ഫിലിം മേക്കിങ്ങിന്റെ കൂടെ നിൽക്കുക എന്നത് തന്നെ വളരെ വലിയൊരു കാര്യമാണ്.
സിനിമയുടെ സീൻ തന്നെ ഇപ്പോൾ മാറിയിരിക്കുന്നു. എന്നെ സംബന്ധിച്ച് കഴിഞ്ഞവർഷം റിലീസ് ചെയ്ത് വലിയ ഹിറ്റായി മാറിയ ‘ആട്ടം’ എന്ന സിനിമയിൽ ഒരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നു. അത് എനിക്ക് ഒരുപാട് പുതിയ അറിവുകൾ തന്ന സിനിമയായിരുന്നു. തീർത്തും പുതുമുഖങ്ങൾ ആയ 16 പേരോടൊപ്പം ആണ് ആ സിനിമയിൽ അഭിനയിച്ചത്. അവിടെ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. സിനിമ അറിയാത്ത കുറെ ആളുകൾ വന്ന് ഗംഭീരമായ അഭിനയപ്രകടനം നടത്തുന്നു. അവർക്ക് ഈ സിനിമയുടെ ടെക്നിക്കൽ സൈഡോ സിനിമയുടെ കാര്യങ്ങളൊ ഒന്നുമറിയില്ല. സംവിധായകൻ എന്താണ് പറഞ്ഞുകൊടുക്കുന്നത് അവർ ചെയ്യുന്നു അത്രമാത്രം, അവരെല്ലാം തിയറ്റർ ആർട്ടിസ്റ്റുകൾ ആയിരുന്നു. അഭിനയം എന്തെന്ന് അരച്ചു കലക്കി കുടിച്ചിട്ട് വന്ന അഭിനേതാക്കൾ ആണ് അവർ. അതെല്ലാം കണ്ടു നിന്നത് അതൊരു വലിയ അനുഭവമായിരുന്നു. അതിനുശേഷം ഈ സിനിമ ചെയ്തപ്പോൾ പുതിയ കുട്ടികളുടെ ഡെഡിക്കേഷൻ എന്താണ് എന്ന് മനസ്സിലാക്കാനും അവരുടെ കഴിവുകൾ കാണാനും പറ്റി. ഇതെല്ലാം എന്നെ സംബന്ധിച്ച് പുതിയ പഠനവും അനുഭവവും ഒക്കെയാണ്.

അരുൺ ഡി. ജോസിന്റെ ‘ജോ ആൻഡ് ജോ’യിൽ ഞാൻ അഭിനയിച്ചിരുന്നു. പക്ഷേ ഒരു ചെറിയ സീനിൽ മാത്രമാണ് അഭിനയിച്ചത്. അതിലേക്ക് എന്തുകൊണ്ട് എന്നെ കാസ്റ്റ് ചെയ്തു എന്ന് എനിക്ക് അറിയില്ല. അരുൺ എന്നെ വിളിച്ചപ്പോൾ പറഞ്ഞത്, ‘ചേട്ടാ വലിയ റോളൊന്നുമില്ല ഒരു സീനേ ഉള്ളൂ, പക്ഷേ ഇത് ചേട്ടൻ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. ചേട്ടനു ഇതുകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകില്ല പക്ഷേ ഞങ്ങൾക്ക് വലിയ ഗുണം ഉണ്ടാകും; എന്ന് പറഞ്ഞു. അങ്ങനെ ചെന്ന് അഭിനയിച്ചു കൊടുത്ത സിനിമയാണ്. ആ രണ്ട് ദിവസം ആ സെറ്റിൽ നിന്ന് കിട്ടിയത് എനിക്ക് വളരെ വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു. അവിടെ സെറ്റിൽ ചെന്നപ്പോൾ തന്നെ അരുണിന്റെ ആ ഒരു സംവിധാന രീതിയും ബാക്കിയുള്ള കുട്ടികളുടെ അഭിനയവും ഒക്കെ കണ്ടപ്പോൾ അരുണിന്റെ ഒരു സിനിമയിൽ ഒരു മുഴുനീള കഥാപാത്രം ചെയ്യണമെന്ന് വലിയ ആഗ്രഹം തോന്നിയിരുന്നു.
സംവിധായകനാണെന്നു പോലും തോന്നിയില്ല കുട്ടികളെപ്പോലെ അവരുടെ ഒപ്പം കൂടി അവർക്ക് എല്ലാം പറഞ്ഞു കൊടുക്കുന്ന രീതിയും അവരെ ടെൻഷൻ അടിപ്പിക്കാതെ അവരുടെ എക്സ്പ്രഷൻ എല്ലാം പകർത്തുന്ന ഒരു രീതിയിലാണ് അരുൺ ചെയ്യുന്നത്. കോവിഡ് കാലത്ത് വീട്ടിൽ അടച്ചു പൂട്ടിയിരിക്കപെട്ടവർക്ക് ഒരു വലിയ ആശ്വാസമായിരുന്നു ആ സിനിമ. ‘ബ്രോമാൻസ്’ സിനിമയുടെ കഥ അരുൺ പറഞ്ഞപ്പോൾ തന്നെ എനിക്ക് വലിയ താല്പര്യം തോന്നി. എന്തായാലും അരുണിന്റെ സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹം സാധിച്ചു.
‘എമ്പുരാനു’വേണ്ടി ഞാനും കാത്തിരിക്കുന്നു
‘എമ്പുരാൻ’ എന്ന സിനിമയുമായി ബന്ധപ്പെടുത്തി എന്നെ ചേർത്ത് ഒരു ട്രോള്‍ കറങ്ങുന്നത് ഞാൻ കണ്ടു. അതിനെപ്പറ്റി ഒന്നും ഇപ്പോൾ ഞാൻ പറയുന്നില്ല. ട്രോളുകൾ വരട്ടെ അതൊക്കെ രസമുള്ള കാര്യമല്ലേ.പൃഥ്വിരാജിന്റെ സംവിധാനത്തിൽ ലാലേട്ടൻ നായകനാകുന്ന ‘എമ്പുരാൻ’ എന്ന സിനിമ പ്രേക്ഷകരെ എല്ലാം പോലെ തന്നെ ഞാനും കാത്തിരിക്കുന്ന ഒരു സിനിമയാണ്. പൃഥ്വിരാജ് അല്ലേ സംവിധായകൻ അദ്ദേഹം എന്തെങ്കിലും ഒക്കെ സസ്പെൻസ് സിനിമയിൽ ഒളിപ്പിച്ച വച്ചിട്ടുണ്ടാകും എന്ന് ഉറപ്പിക്കാം. അതുകൊണ്ടുതന്നെ സിനിമയിൽ ഞാനുണ്ടോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയുന്നില്ല അതും ഒരു സസ്പെൻസ് ആയി അവിടെ കിടക്കട്ടെ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്.

അലോഷി എന്ന കഥാപാത്രം എന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയൊരു നേട്ടമായിരുന്നു. വളരെ നല്ലൊരു കഥാപാത്രമാണ് എനിക്ക് പൃഥ്വിരാജ് സിനിമയിൽ തന്നത്. വളരെ നന്നായി ചെയ്യാനും കഴിഞ്ഞു, ഒരുപാട് പ്രതികരണങ്ങൾ കിട്ടിയ കഥാപാത്രം കൂടിയായിരുന്നു അത്. ആദ്യത്തെ ഭാഗം കഴിഞ്ഞപ്പോൾ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. എമ്പുരാൻ അനൗൺസ് ചെയ്തപ്പോൾ ഞാൻ പൃഥ്വിരാജിനെ വിളിച്ചുപറഞ്ഞു, ‘ഇതു വലിയ ചതിയായിപ്പോയി, രണ്ടാം ഭാഗം ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ആദ്യത്തെ ഭാഗത്തിൽ വെടി കൊള്ളാതെ ഞാൻ ഒഴിഞ്ഞു മാറിയേനെ’ എന്ന്. അതുകേട്ട് രാജു ചിരിച്ചു. എന്തായാലും എല്ലാവർക്കും ഒപ്പം ഞാനും എമ്പുരാൻ എന്ന വലിയ സിനിമ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്. പുതിയ ക്യാരക്ടർ പോസ്റ്ററുകൾ ഒക്കെ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നുണ്ട്. ഒരു ഗംഭീര സിനിമയായിരിക്കും അത്. വേറൊരു ലെവലിൽ ഷൂട്ട് ചെയ്തു വച്ചിരിക്കുന്ന സിനിമയാണ്, അത് തിയറ്ററിൽ കാണാൻ ഞാനും കാത്തിരിക്കുന്നു.