75കാരിയായി ആശ അരവിന്ദ്; ഇടവേളയ്ക്കു ശേഷം കരുത്തുറ്റ വേഷത്തില് താരം; അഭിമുഖം

Mail This Article
പ്രളയശേഷം ഒരു ജലകന്യകയിലെ 75 വയസ്സുള്ള അമ്മച്ചിയായി നടി ആശ അരവിന്ദ്. 2012ൽ അരികെ എന്ന മലയാള ചിത്രത്തിലൂടെ നെടുമുടി വേണുവിന്റെ മകളായി അരങ്ങേറ്റം കുറിച്ച ആശ അരവിന്ദ് നിരവധി സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ആദ്യമായി ഛായാഗ്രാഹകനാകുന്ന ചിത്രമാണ് ‘പ്രളയശേഷം ഒരു ജലകന്യക’. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലോഹിതദാസിന്റെ അസോഷ്യേറ്റ് ആയിരുന്ന മനോജ് കുമാറാണ്. പ്രളയത്തിൽ അകപ്പെട്ട ഒരു ഗ്രാമവും അവിടുത്തെ ജനങ്ങളുടെ അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. തിരക്കഥയുടെ ആഴവും സൗന്ദര്യവുമാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത് എന്ന് ആശ അരവിന്ദ് പറയുന്നു. ശബ്ദത്തിനും പാട്ടുകൾക്കും ഏറെ പ്രാധാന്യമുള്ള ചിത്രം തിയറ്ററിൽ തന്നെ കണ്ടു ആസ്വദിക്കേണ്ട ഒരു കുഞ്ഞു ചിത്രമാണെന്ന് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ആശാ അരവിന്ദ് പറയുന്നു.
ലോഹിതദാസിന്റെ മകൻ ആദ്യമായി സിനിമയിലേക്ക്
‘പ്രളയശേഷം ഒരു ജലകന്യക’ എന്ന സിനിമയിൽ ഞാൻ 75 വയസ്സുള്ള ഒരു അമ്മച്ചിയുടെ വേഷത്തിൽ ആണ് അഭിനയിക്കുന്നത്. പ്രളയത്തിൽപ്പെട്ട ഒരു ഗ്രാമവും അവരുടെ അതിജീവനത്തിന്റെ കഥയും ചില നിഗൂഢമായ ചോദ്യങ്ങളും ബാക്കി വയ്ക്കുന്ന ചിത്രമാണ് ഇത്. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിക്കുന്ന ചിത്രമാണ് ഇത്. അന്തരിച്ച തിരക്കഥാകൃത്ത് ലോഹിതദാസ് സാറിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആദ്യമായി ഛായാഗ്രഹണം ചെയ്ത സിനിമയാണ്. ലോഹിതദാസ് സാറിന്റെ തന്നെ അസോഷ്യേറ്റ് ആയിരുന്ന മനോജ് കുമാറാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലോഹി സാറിന്റെ ഒപ്പമുണ്ടായിരുന്നവർ ഒക്കെ ആണ് ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിരുന്നത്. നൂറു സിനിമകളിൽ നിന്ന് കെഎസ്എഫ്ഡിസി തിരഞ്ഞെടുത്ത മൂന്നു സിനിമകളിൽ ഒന്നാണ് ‘പ്രളയശേഷം ഒരു ജലകന്യക’.
പ്രളയത്തിൽ ഏകയായി ആ അമ്മ
പ്രധാന കഥാപാത്രമായ അമ്മച്ചിയുടെ വേഷത്തിൽ ആണ് ഞാൻ അഭിനയിക്കുന്നത്. കോട്ടയത്ത് നടന്ന ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ആണ് ഈ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. കേരള സ്കൂൾ യുവജനോത്സവത്തിൽ നാടകമായി ചെയ്തപ്പോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചെറുകഥ പിന്നീട് സിനിമ ആക്കുകയായിരുന്നു. കള്ളൻ ആയിട്ടൊരു കഥാപാത്രമായുണ്ട് ചിത്രത്തിൽ. ഗോകുലൻ ആണ് കള്ളൻ ആയി അഭിനയിക്കുന്നത്. മറ്റൊരു കഥാപാത്രം ചെയ്യുന്നത് ഡബ്ബിങ് ആർട്ടിസ്റ്റ് ആയ രഞ്ജിത്ത് ലളിതം ആണ്. പിന്നെ അനഘ മരിയ വർഗ്ഗീസ്, തകഴി രാജശേഖരൻ തുടങ്ങിയവരും അഭിനയിക്കുന്നു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് നാട്ടുകാരെല്ലാം പലായനം ചെയ്യുമ്പോൾ കുറച്ചു ഉയർന്ന സ്ഥലത്ത് താമസിക്കുന്ന പ്രായമുള്ള ഒരു സ്ത്രീക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ താല്പര്യമില്ല. അവരുടെ കിടപ്പുരോഗിയായ ഭർത്താവിനെ സംരക്ഷിച്ചുകൊണ്ട് അവരുടെ അതിജീവനവും അവരുടെ വീട്ടിലേക്ക് വരുന്ന ഒരു കള്ളന്റെ കഥയുമാണ് സിനിമ പറയുന്നത്. ഭർത്താവിനെ ഒരുപാട് സ്നേഹിക്കുന്ന സ്ത്രീ, അദ്ദേഹത്തെ എങ്ങനെ സുരക്ഷിതമാക്കാം എന്നാണ് അവർ ചിന്തിക്കുന്നത്.
ആകർഷിച്ചത് ആഴമുള്ള സ്ക്രിപ്റ്റ്
സ്ക്രിപ്റ്റ് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഉറപ്പായും ഇതു ചെയ്യണം എന്ന് തോന്നി. നല്ല ഡെപ്ത് ഉള്ള സ്ക്രിപ്റ്റ് ആണ്. നല്ല പാട്ടുകൾ ഉണ്ട്. പിന്നെ ലോഹി സാറിന്റെ ടീം ചെയ്യുന്നു ഇതൊക്കെ ആണ് എന്നെ ആകർഷിച്ച ഘടകം. പതിനെട്ടു ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയായ ഒരു ചെറിയ സിനിമയാണ് ഇത്. മഴയ്ക്കും ശബ്ദത്തിനും ഒക്കെ ഒരുപാട് പ്രധാന്യമുള്ളതുകൊണ്ട് തന്നെ തിയറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ്.
പുതിയ പ്രോജക്ടുകൾ
‘രാസ്ത’ ആണ് അവസാനമായി ചെയ്ത സിനിമ. അതിനു മുൻപ് ‘സന്തോഷം’ എന്ന സിനിമയിൽ അഭിനയിച്ചു. ഈ സിനിമയ്ക്കു ശേഷം ഒരു സിനിമ കൂടി ഇറങ്ങാനുണ്ട്. സ്ത്രീ കേന്ദ്രീകൃത സിനിമയാണ് അത്. ആ ചിത്രത്തിൽ പ്രധാന കഥാപാത്രമാണ് ചെയ്തത്. ഡബ്ബ് ചെയ്തിരിക്കുന്നതും ഞാൻ തന്നെയാണ്. ഈ സിനിമ കണ്ടിട്ട് പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു. സിനിമ അല്ലാതെ 'റൂഹാ' എന്നൊരു ഓൺലൈൻ ബൂട്ടിക്ക് ഉണ്ട് എനിക്ക്.