ADVERTISEMENT

മലയാള സിനിമയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ് നന്ദലാൽ കൃഷ്ണമൂർത്തി എന്ന നന്ദു.  വലിപ്പച്ചെറുപ്പമില്ലാതെ ഏതു വേഷം ലഭിച്ചാലും അത് വളരെ മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കുന്ന താരം. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ‘ലൂസിഫറി’ലും അതിന്റെ തുടർച്ചയായ ‘എമ്പുരാനി’ലും വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് നന്ദു ചെയ്തത്. എന്നും നേരിനൊപ്പം നിൽക്കുന്ന രാഷ്ട്രീയക്കാരനായ പീതാംബരൻ എന്ന വേഷം ‘ലൂസിഫർ’ കഴിഞ്ഞ് എമ്പുരാനിൽ എത്തിയപ്പോഴും സത്യത്തിനും നീതിക്കുമൊപ്പം നിൽക്കുന്ന രാഷ്ട്രീയക്കാരൻ തന്നെയാണ്. മഞ്ജു വാരിയരുടെ കഥാപാത്രമായ പ്രിയദർശിനി, പീതാംബരൻ അങ്കിൾ എന്ന് നന്ദുവിനെ വിളിച്ചത് കേട്ട് പലരും ഇപ്പോൾ തന്നെ പീതാംബരൻ അങ്കിൾ എന്നാണ് വിളിക്കുന്നതെന്ന് നന്ദു പറയുന്നു. സുകുമാരന്റെയും മല്ലികയുടെയും മകൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു വേഷം ചെയ്യണമെന്ന ആഗ്രഹം പൃഥ്വിരാജ് സാധിച്ചുകൊടുക്കുകയായിരുന്നു. പൃഥ്വിരാജ് ഏറെ ആത്മവിശ്വാസവും കഴിവുമുള്ള  സംവിധായകനാണ് എന്നാണ് നന്ദുവിന്റെ വിലയിരുത്തൽ. ‘എമ്പുരാൻ’ മലയാളം സിനിമാമേഖലയിൽ ചരിത്രം കുറിച്ച് മുന്നേറുമ്പോൾ അതിൽ ഭാഗമാകാൻ കഴിഞ്ഞ സന്തോഷം മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് നടൻ നന്ദു. 

രാജുവിന്റെ ചിത്രത്തിൽ ചെറിയ റോളിലെങ്കിലും

രാജു സിനിമയിൽ വരുന്നതിനു മുൻപ് തന്നെ ആ കുടുംബവുമായി എനിക്ക് ബന്ധമുണ്ട്.  മല്ലിക ചേച്ചിയുമായി എത്രയോ കാലമായുള്ള ബന്ധമാണ്. സുകുമാരൻ സാറുമായും അടുപ്പമുണ്ടായിരുന്നു, അദ്ദേഹത്തിനോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. അന്നുമുതൽ രാജുവിനെ അറിയാം.  രാജു ഓസ്‌ട്രേലിയയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴേ ചേച്ചി പറഞ്ഞിട്ടുണ്ട് അവനു സിനിമ സംവിധാനം ചെയ്യാനൊക്കെ ആണ് ആഗ്രഹമെന്ന്.  പിന്നീട് യാദൃച്ഛികമായി നടനായി മാറി അതിനു ശേഷം സംവിധാനത്തിലേക്ക് വന്നതാണ്. രാജു പടം സംവിധാനം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു എനിക്ക് രാജുവിന്റെ സിനിമയിൽ അഭിനയിക്കണം. രാജു ആദ്യം പറഞ്ഞത് ചേട്ടന് പറ്റിയ കഥാപാത്രമൊന്നും ഇല്ലെന്നാണ്.  

മുഴുനീള കഥാപാത്രമാകും ഞാൻ ചോദിച്ചത് എന്നായിരിക്കും രാജു കരുതിയത്.  പക്ഷേ രാജു സംവിധാനം ചെയ്യുന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്താലും നമുക്ക് സന്തോഷമാണ്. പിന്നെ കുറേനാള് കഴിഞ്ഞു വിളിച്ചിട്ടു പറഞ്ഞു ചേട്ടാ ഒരു ചെറിയ കഥാപാത്രം ഉണ്ട് രണ്ടുമൂന്നു സീനേ ഉള്ളൂ, അങ്ങനെയാണ് ഞാൻ ‘ലൂസിഫറി’ൽ അഭിനയിച്ചത്.  പിന്നെ അതിന്റെ തുടർച്ചയായി വന്നതാണ് ‘എമ്പുരാനി’ൽ.  മൂന്നോ നാലോ സീനുകളെ ഉള്ളൂ എങ്കിലും പ്രാധാന്യമുള്ള കഥാപാത്രമാണ്.  ‘ലൂസിഫറി’ൽ ആയാലും ‘എമ്പുരാനി’ൽ ആയാലും ഒരു ചെറിയ കഥാപാത്രത്തിനു പോലും പ്രാധാന്യമുണ്ട്. അത്തരത്തിലാണ് രാജു ഓരോ ആർട്ടിസ്റ്റുകളെയും തിരഞ്ഞെടുത്തിരിക്കുന്നത്.

രാജു ആത്മവിശ്വാസമുള്ള സംവിധായകൻ 

രാജു നല്ല കഴിവുള്ള സംവിധായകനാണ്. ഒരു സംവിധായകന് വേണ്ട കഴിവുകൾ രാജുവിനുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെപ്പറ്റിയും ഉപകരണങ്ങളെപ്പറ്റിയും നല്ല അറിവുണ്ട്. എന്താണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് നല്ല ധാരണയുമായിട്ടാണ് വരുന്നത്, അവിടെ വന്നു നിന്നിട്ട് ഒരു കൺഫ്യൂഷനും ഉണ്ടാകില്ല. ആത്മവിശ്വാസത്തോടെയാണ് എല്ലാം ചെയ്യുന്നത്. അൻപതും നൂറും പടങ്ങൾ ചെയ്ത ഒരു സംവിധായകനുള്ള ആത്മവിശ്വാസമാണ് രാജുവിൽ ഞാൻ കണ്ട ഒരു പ്രത്യേകത.  

‘ലൂസിഫറി’ന് പ്രിയപ്പെട്ട ലാൻഡ്മാസ്റ്റർ 

666 നമ്പർ ഉള്ള ലൂസിഫറിലെ പ്രധാന താരമായ അംബാസിഡർ കാർ എന്റേതായിരുന്നു. രാജു സിനിമയ്ക്ക് വേണ്ടി ഒരു വണ്ടി തപ്പി നടക്കുന്ന സമയത്താണ് എന്റെ ലാൻഡ്മാസ്റ്റർ കാർ കണ്ടത്, കാർ കണ്ട്  ഇഷ്ടപ്പെട്ട് രാജു എന്നോട് ചോദിച്ചു, ‘ചേട്ടാ ആ കാർ എനിക്ക് തരുമോ’,  അങ്ങനെ ഞാൻ ആ കാർ രാജുവിന് വിറ്റതാണ്.  ഇപ്പോൾ അത് രാജുവിന്റെ കാറാണ്. ഞാൻ വാങ്ങിയിട്ട് ഒരു അഞ്ചാറ് വർഷമേ ആയിട്ടുള്ളൂ, ഞാൻ വഴിയിൽ കണ്ട് ഇഷ്ടപ്പെട്ടു വാങ്ങിയതാണ്. അല്ലാതെ ഫാമിലി സെന്റിമെന്റ്സ് ഒന്നും ഉള്ള വണ്ടിയല്ല. പക്ഷേ ആ കാർ ‘ലൂസിഫറി’ൽ വളരെ പ്രധാനപ്പെട്ട താരമായി മാറി.  ഇപ്പോൾ ‘എമ്പുരാനി’ലും ആ വണ്ടി ഉപയോഗിച്ചു.  നമ്മുടെ കയ്യിൽ ഇരുന്ന വണ്ടി സിനിമയിൽ കാണുമ്പോൾ സന്തോഷമുണ്ട്. സിനിമ കണ്ടപ്പോൾ അതിൽ കാർ കണ്ട് എന്റെ ഭാര്യ, ‘നമ്മുടെ കാർ’ എന്നുപറഞ്ഞ് കയ്യടിച്ചു.  എന്റെ ഭാര്യ മാത്രമല്ല ‘എമ്പുരാനി’ൽ ആ കാർ കണ്ടപ്പോൾ ഒരുപാടുപേർ കയ്യടിച്ചു. ആ ഷോട്ട് വളരെ പ്രധാനപ്പെട്ടതാണല്ലോ, പ്രിയദർശിനി പോകുന്നത് ഈ വണ്ടിയിലല്ല എന്ന് പറഞ്ഞപ്പോൾ മറ്റേ വണ്ടി കേറി വരുന്നത് കണ്ടപ്പോൾ ഒരു രോമാഞ്ചം എല്ലാവർക്കും ഉണ്ടായി.

പീതാംബരൻ എന്നും സത്യത്തിനൊപ്പം 

എന്റെ കഥാപാത്രത്തിന്റെ പേര് പീതാംബരൻ എന്നാണ്. ‘ലൂസിഫറി’ൽ അഭിനയിക്കുമ്പോൾ ലാലേട്ടൻ എന്നോട് പറഞ്ഞു, ഈ സിനിമയിൽ ആകെ ഒരു മര്യാദക്കാരൻ നീ മാത്രമേ ഉള്ളൂ, ബാക്കി എല്ലാവരും കുഴപ്പക്കാരാണ്. പീതാംബരൻ എന്ന കഥാപാത്രം എന്നും നേരിന് വേണ്ടി നിൽക്കുന്ന ആളാണ്, ‘എമ്പുരാനി’ൽ  വന്നപ്പോഴും സത്യത്തിനു വേണ്ടി നിലകൊണ്ട് പ്രിയദർശിനിയുടെ കൂടെ നിൽക്കുന്ന കഥാപാത്രമാണ്. വളരെ നല്ല കഥാപാത്രമാണ്. പലരും എന്നെ ഇപ്പോൾ പീതാംബരൻ അങ്കിൾ എന്നാണ് വിളിക്കുന്നത്.  മഞ്ജുവാര്യരുടെ ഒപ്പം നിൽക്കുന്ന ആ കഥാപാത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടു. രാജുവിന്റെ സംവിധാനത്തിൽ ഈ രണ്ടു സിനിമകളിലും അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.  

nandhu-mohanlal-nandhu3
നന്ദുവും ഭാര്യ കവിതയും മോഹൻലാലിനൊപ്പം

ആദ്യഭാഗത്തിൽ മരിച്ചവർ പോലും രണ്ടാം ഭാഗത്തിൽ തലകാണിക്കാൻ ആഗ്രഹിച്ചു 

‘ലൂസിഫറി’ലും ‘എമ്പുരാനി’ലും അഭിനയിക്കാൻ ആഗ്രഹിച്ച ഒരുപാട് താരങ്ങൾ ഉണ്ടാകും. ഒന്നാം ഭാഗത്തിൽ മരിച്ചവർക്കു പോലും രണ്ടാം ഭാഗത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്.  വിവേക് ഒബ്‌റോയ് രാജുവിനെ എയർപോർട്ടിൽ  വച്ച് കണ്ടപ്പോൾ കളിയായി പറഞ്ഞത്രേ, രണ്ടാം ഭാഗത്തിലും എന്നെ കാസ്റ്റ്  ചെയ്യണമെന്ന്. രാജു പറഞ്ഞു നിങ്ങളെ വെടിവച്ചു കൊന്നതല്ലേ, അപ്പോൾ വിവേക് പറഞ്ഞു അതിനു ഞാൻ വേറൊരു കഥ പറഞ്ഞു തരാം, അതുകേട്ട് രാജു ജീവനും കൊണ്ട് ഓടി എന്നാണ് ഒരു തമാശ കഥ.  അദ്ദേഹത്തിന് പോലും രണ്ടാം ഭാഗത്തിൽ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു.  ഷാജോൺ ഒന്നാം ഭാഗത്തിൽ മരിച്ചതാണ്, രണ്ടാം ഭാഗം ഉണ്ടെന്ന് അറിഞ്ഞെങ്കിൽ ഞാൻ വെടികൊണ്ടു മരിക്കില്ലായിരുന്നു എന്ന് ഷാജോൺ എവിടെയോ പറഞ്ഞതായി ഞാൻ കണ്ടു. ഷാജോൺ എന്തായാലും രണ്ടാം ഭാഗത്തിൽ ചെറുതായിട്ട് വന്നുപോകുന്നുണ്ട്.  എനിക്ക് രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് മൂന്നാം ഭാഗത്തിലും വിളിച്ചാൽ പോകും അഭിനയിക്കും.

nandhu-mohanlal-nandhu

പ്രേക്ഷകരുടെ ആസ്വാദനം വ്യത്യസ്തമാണ് 

സിനിമ വളരെ നന്നായി തിയറ്ററിൽ ഓടുന്നു എന്ന് കാണുമ്പൊൾ സന്തോഷമുണ്ട്. നമ്മൾ അഭിനയിച്ച സിനിമ വിജയിക്കുന്നത് കാണുമ്പോൾ അല്ലെ നമുക്ക് സംതൃപ്തി വരുക.  സിനിമയെക്കുറിച്ച് പല വിവാദങ്ങൾ വന്നു, എല്ലാ മനുഷ്യർക്കും ഒരേ അഭിപ്രായം ആയിരിക്കില്ല, ചിലർക്ക് ഇഷ്ടപ്പെടുന്നത് മറ്റു ചിലർക്ക് ഇഷ്ടപ്പെടില്ല, അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടല്ലേ അതിനെ അങ്ങനെ കണ്ടാൽ മതി.  ആഹാരം കഴിക്കുന്നത് പോലും ഒരേ ആഹാരം പലർക്ക് പല രുചി ആയിരിക്കും തോന്നുക. സിഗരറ്റ് വലിക്കുന്ന ആളുകൾക്ക് ആഹാരത്തിന് മറ്റൊരു രുചി അടിയിരിക്കും, സിഗരറ്റ് വലിക്കാത്ത ആളുകൾക്ക് തോന്നുന്നത് പോലെ ആയിരിക്കില്ല. ഭക്ഷണത്തിൽ ചിലർക്ക് ഉപ്പ് കൂടുതൽ വേണം ചിലർക്ക് കുറച്ചു മതി, അതുപോലെ സിനിമ ആസ്വാദനവും വ്യക്തികളെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും അത്രയേ ഉള്ളൂ.  

പുതിയ ചിത്രങ്ങൾ 

സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ‘അങ്കം അട്ടഹാസം’ എന്ന സിനിമയിൽ അഭിനയിച്ചുകഴിഞ്ഞു.  ഉടനെ റിലീസ് ചെയ്യുന്ന പടക്കുതിര എന്ന ചിത്രത്തിൽ ഉണ്ട്, അജു വർഗീസ് അഭിനയിക്കുണ്ട്, വളരെ നല്ലൊരു തമാശ പടം ആയിരിക്കും. നരിവേട്ട, നിവിൻ പോളിയുടെ ഒരു സിനിമ, അങ്ങനെ കുറച്ചു പടങ്ങൾ ചെയ്തിട്ടുണ്ട് എല്ലാം എപ്പോ റിലീസ് ചെയ്യുമെന്ന് അറിയില്ല.

English Summary:

Exclusive Chat With Actor Nandhu

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com