റോം ഇന്‍ഡിപെന്‍ഡന്റ് പ്രിസ്മ മേളയില്‍ പുരസ്‌കാര നേട്ടത്തിനരികെ ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍
Mail This Article
ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മ്മിച്ച് ബിജു മജീദ് സംവിധാനം ചെയ്ത മലയാള ചിത്രം ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ ഇറ്റലിയില്‍ നടക്കുന്ന റോം ഇന്‍ഡിപെന്‍ഡന്റ് പ്രിസ്മ ചലച്ചിത്രമേളയില്‍ പുരസ്‌കാര നേട്ടത്തിനരികെ. പ്രിസ്മ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ ചിത്രമാണിത്. ഏപ്രില്‍ നാലിന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. ബെസ്റ്റ് ഫീച്ചര്‍ ഫിലിം, ബെസ്റ്റ് ഡയറക്ടര്‍, തുടങ്ങി 20 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക. സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഡിവുഡ് ഒരുക്കിയ 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' നേരത്തെ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു.
ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ സോഹന്‍ റോയ് പ്രൊജക്ട് ഡിസൈനിങ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഷിബുരാജ് കെ. ആണ്. ഗാനരചന സോഹന്‍ റോയ്, സംഗീതം ബി.ആര്‍. ബിജുറാം. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ജോസ് ഇരിങ്ങോളാണ്. ക്യാമറ പി.സി ലാല്‍.
ലാലു അലക്‌സ്, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഖദ, ബോബന്‍ സാമുവല്‍, പാഷാണം ഷാജി (സാജു നവോദയ), ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിന്‍ മംഗലശ്ശേരി, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് തുടങ്ങി 175ലധികം പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
5000 വര്‍ഷത്തോളം പഴക്കമുള്ള ആയുര്‍വേദ ചികിത്സയെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ വരുമാനം പൂര്‍ണ്ണമായും അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. ഏരീസ് ഗ്രൂപ്പിന്റെ സി.എസ്.ആര്‍ പദ്ധതികളുടെ ഭാഗമായി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍.