ഒാർമകളുടെ കഥ പറയുന്ന കുപ്പായം: വിഡിയോ
Mail This Article
പഠിച്ച സ്കൂളിലെ യൂണിഫോം എല്ലാവർക്കും മിഴിവുള്ള ഓർമയായിരിക്കും. സ്നേഹത്തിന്റെ നൂലിഴ കൊണ്ടു തുന്നിക്കിട്ടുന്ന ആ വസ്ത്രമായിരിക്കും ബാല്യത്തിൽ നമ്മോട് ഏറെ പറ്റിക്കിടന്നിരുന്നത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും ദാരിദ്രത്തിന്റെയും ഓർമകളുണ്ടാകും ആ പഴയ കുപ്പായത്തിന്. സെന്റ് ജോസഫ്സ് സ്കൂൾ തലശേരിയിലെ പൂർവ വിദ്യാർഥികളും അധ്യാപകരും ചേർന്നൊരുക്കിയ കുപ്പായം എന്ന ഹ്രസ്വചിത്രം പറയുന്നതും ആ ഓർമകളുടെ കഥയാണ്.
പഴയ പെട്ടിയിൽ സൂക്ഷിച്ചിരുന്ന തന്റെ സ്കൂൾ യൂണിഫോം അണിഞ്ഞു വരുന്ന മകൻ അച്ഛന്റെ മനസ്സിലുണർത്തുന്ന സ്കൂളിന്റെയും സൗഹൃദത്തിന്റെയും കുസൃതിയുടെയും കഥയാണു കുപ്പായം പറയുന്നത്. തലശ്ശേരിയിലെ സ്കൂളിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണെങ്കിലും കാലത്തിനും ദേശത്തിനും അതീതമായ ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാല സ്മരണകളിലേക്കുള്ള യാത്രയാണു കുപ്പായം. പുതിയ കുപ്പായം കണ്ടും ധരിച്ചും നടക്കുന്ന ഈ കാലത്ത് ഒരിക്കലും തിരിച്ചു പോകാനാവാത്ത ബാല്യകാലമാണു ഈ ഹ്രസ്വ ചിത്രത്തിന്റെ കഥാ തന്തു.
ചിത്രകാരനായ ഇർഫാൻ അലി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ക്യാമറയിൽ പകർത്തിയത് സഞ്ജു സുരേഷാണ്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ശ്രീവത്സൻ. വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന ‘കാത്തുനിൽക്കും പൈങ്കിളിയേ’ എന്ന കൊച്ചു ഗാനം ഒരുക്കിയതും ആലപിച്ചതും ബൈജു മാത്യുവാണ്. ഹൃദ്യമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് വിഷ്ണുദാസ്. പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ആശയം ഡെന്നി ജോണിന്റെതാണ്. ബൈജു മാത്യുവിനോടൊപ്പം നഥാനിയേൽ ബൈജു, നളിനി, മുഹമ്മദ് ഹയാൻ, മുഹമ്മദ് അഫാൻ അസം,
നെഹാൻ, സാത്വിക എസ് കുമാർ, സിദ്ധി പ്രദീപ്, നിത്യശ്രീ എന്നിവരും കുപ്പായത്തിൽ വേഷമിട്ടിരിക്കുന്നു. പതിനൊന്നു മിനിറ്റുകൾ മാത്രമുള്ള ഈ കുഞ്ഞൻ സിനിമ കാഴ്ചക്കാരെ നിരാശപ്പെടുത്തില്ല.