യഥാർഥ ‘സെൻഗിണി’ക്ക് സൂര്യയുടെ കരുതൽ; 10 ലക്ഷം രൂപ അക്കൗണ്ടിൽ
Mail This Article
‘ജയ് ഭീം’ സിനിമയ്ക്ക് പ്രചോദനമായ പാർവതിക്കും കുടുംബത്തിനും സഹായവുമായി നടൻ സൂര്യ. പൊലീസ് കസ്റ്റഡിയിൽ െകാല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന്റെ പേരിൽ 10 ലക്ഷം രൂപ സൂര്യ ബാങ്കിൽ നിക്ഷേപിച്ചു.
സ്ഥിരനിക്ഷേപമായി ബാങ്കിലിട്ടിരിക്കുന്ന തുകയിൽ നിന്ന് നിശ്ചിത പലിശ എല്ലാ മാസവും ഇവർക്ക് ലഭിക്കും. പാർവതി അമ്മാളിന്റെ കാലശേഷം ഈ തുക മകൾക്ക് വന്ന് ചേരും. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരുകോടി രൂപ സൂര്യ നൽകിയിരുന്നു. ‘ജയ് ഭീമി’ന്റെ ലാഭത്തിൽ നിന്നും കിട്ടിയ വിഹിതമാണ് താരം ഇവർക്കായി നൽകിയത്.
മകളോടൊപ്പമാണ് പാർവതി അമ്മാൾ ഇപ്പോൾ താമസിക്കുന്നത്. മകളും ഭർത്താവും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിന്നു തിരിയാൻ പോലുമിടമില്ലാത്ത കൂരയിലെ ഇവരുടെ ജീവിതം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകിയിരുന്നു.
‘ജയ് ഭീമിലെ’ സെൻഗിണി എന്ന കഥാപാത്രമാണ് പാർവതിയുടെ ജീവിതം പറഞ്ഞത്. എന്നാൽ സിനിമയിലെ സെൻഗിണിയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പാർവതിയുടെ ഇപ്പോഴത്തെ ജീവിതം. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് ഇവർ കുടുംബ സമേതം താമസിക്കുന്നത്. യഥാർഥ 'സെൻഗിണി'യുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടു.
ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പകര്‍ത്തുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ്. ‘ജയ് ഭീം’ റിലീസ് ആയതോടെ ഈ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.