ഓട്ടോറിക്ഷയിൽ ആൻ അഗസ്റ്റിൻ; പുതിയ ചിത്രത്തിന് തുടക്കം
Mail This Article
സുരാജ് വെഞ്ഞാറമൂട് , ആൻ അഗസ്റ്റിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ചിത്രീകരണം മാഹിയിൽ ആരംഭിച്ചു. മുൻ മന്ത്രി ശൈലജ ടീച്ചർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മല ഉണ്ണി ആദ്യ ക്ലാപ്പടിച്ചു. രാധിക എന്നാണ് ആൻ അഗസ്റ്റിന്റെ കഥാപാത്രത്തിന്റെ പേര്. ദുൽഖർ സൽമാൻ നായകനായ ‘സോളോ’ എന്ന ചിത്രത്തിനു ശേഷം നടി അഭിനയിക്കുന്ന സിനിമ കൂടിയാണിത്.
കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ, ബേനസീർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൻ. അഴകപ്പൻ നിർവഹിക്കുന്നു.
സാഹിത്യകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണിത്. എം. മുകുന്ദൻ തന്നെ എഴുതിയ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ഈ ചിത്രം. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.
എഡിറ്റർ- അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, കല-ത്യാഗു തവനൂർ, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, സ്റ്റിൽസ്- അനിൽ പേരാമ്പ്ര, പരസ്യകല- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ- ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ- വിബിൻ മാത്യു പുനലൂർ, റാഷിദ് ആനപ്പടി, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.