‘ലളിതം സുന്ദരം’ ഒടിടിയിൽ, ട്രോളുകൾ ആസ്വദിച്ചു: മഞ്ജു വാരിയർ അഭിമുഖം
Mail This Article
പ്രിയദർശൻ–മോഹൻലാൽ കൂട്ടുകെട്ടിലൊരു സിനിമയുടെ ഭാഗമാകണമെന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നെന്ന് മഞ്ജു വാരിയർ. ‘മരക്കാറിൽ’ ഏറെ നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മഞ്ജു മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രിയൻ–മോഹൻലാൽ കോംബോ
ഏതൊരു നടന്റെയും നടിയുടെയും സ്വപ്നമാണ് പ്രിയദർശൻ–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഭാഗമാകുക എന്നത്. എന്റെ കുട്ടിക്കാലത്ത് ഏറെ സ്വാധീനിച്ച കോംബോ ആണ് ഇത്. കഥാപാത്രം ചെറുതാണെങ്കിലും വലുതാണെങ്കിലും അതിൽ അഭിനയിക്കുക എന്നതായിരുന്നു ആഗ്രഹം. ഭാഗ്യം കൊണ്ട് ആ ചിത്രത്തിലെ വളരെ നിർണായകമായൊരു കഥാപാത്രത്തെയാണ് എനിക്ക് ലഭിച്ചത്. അതിൽ വലിയ സന്തോഷമുണ്ട്.
ഒരുപാട് വർഷങ്ങളായി പ്രിയൻ സാറിനെ അറിയാം. കാണുമ്പോഴും ഫോണിൽ വിളിക്കുമ്പോഴും വാത്സല്യത്തോടെയാണ് എന്നോടു പെരുമാറിയിട്ടുള്ളത്. സെറ്റിൽ പ്രിയൻ സാറും ലാലേട്ടനും ഒരുമിച്ച് പ്രവർത്തിക്കുന്നത് നോക്കി നിൽക്കുന്നതു തന്നെ സന്തോഷം നൽകുന്ന കാഴ്ചയായിരുന്നു. പിക്നിക്ക് പോലെയാണ് പ്രിയൻ സാറിന്റെ സെറ്റ്. ഇത്ര വലിയ ബ്രഹ്മാണ്ഡ ചിത്രമാണെങ്കിൽപോലും സെറ്റില്‍ കളിയും ചിരിയും തമാശയുമൊക്കെ ഉണ്ടായിരുന്നു. എനിക്ക് പല ദിവസങ്ങളിലായിരുന്നു ഷൂട്ട്. അതുകൊണ്ട് ഇടയ്ക്കിടെ വന്നുപോയാണ് ഈ വേഷം ചെയ്തത്.
ട്രോളുകളും ആസ്വദിക്കുന്നു
എല്ലാ സിനിമകളും വളരെ അധ്വാനത്തോടെയും പാഷനോടെയും ഉണ്ടാകുന്നതാണ്. സിനിമയ്ക്കു നല്ലതും ചീത്തയും അഭിപ്രായം ഉണ്ടാകാം. എല്ലാ അഭിപ്രായവും വിലപ്പെട്ടതാണ്. ഇപ്പോൾ സിനിമ നല്ലതാണെന്ന അഭിപ്രായമാണ് കൂടുതലും വരുന്നത്. കാണുന്ന എല്ലാവർക്കും ‘മരക്കാർ’ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ വലിയ സന്തോഷം. ‘മരക്കാറിൽ’ എന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടുവന്ന ട്രോളുകൾ കണ്ടിരുന്നു. അതൊക്കെ കണ്ട് ആസ്വദിച്ചു. ഏറെ കഴിവുള്ളവരാണ് ഈ ട്രോളുകൾക്കു പിന്നിലുള്ളത്.
സംവിധാനം വലിയ കഴിവുവേണ്ട കാര്യമാണ്. അതിന് ഉത്തരവാദിത്തം ആവശ്യമാണ്. അത് ഏറ്റെടുക്കാൻ ഇപ്പോൾ പറ്റില്ല. നാളെ എന്താകുമെന്ന് അറിയില്ല.
അടുത്തത് ലളിതം സുന്ദരം
ഞാൻ തന്നെ നിർമിക്കുന്ന ‘ലളിതം സുന്ദരം’ ആണ് അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം. അത് ഒടിടി റിലീസ് ആണ്. ഈ ചിത്രം തിയറ്ററുകളിൽ ഇറക്കണമെന്ന് വളരെയേറെ ആഗ്രഹിച്ചിരുന്നു. ഏറെ പ്രായമുള്ള ആളുകൾക്കും കുഞ്ഞുങ്ങൾക്കും ആസ്വദിക്കാൻ പറ്റിയ സിനിമയാണിത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ഒടിടിയിൽ ആസ്വദിക്കാനാകും ഇവർക്ക് സാധിക്കുക. ഫിലിം ചേംബറില്‍നിന്നു പ്രത്യേക അനുവാദം വാങ്ങിയ ശേഷമാണ് ചിത്രം ഒടിടിക്കു നൽകിയത്.