വരയിൽ പിറന്ന സിനിമ; ‘ചിരാത്’

Mail This Article
ചിത്രം വരച്ചു നേടിയ സമ്പാദ്യത്തിൽ നിന്നു സ്വരുക്കൂട്ടിയ പണം ഉപയോഗിച്ചു സ്വന്തമായൊരു സിനിമ ഒരുക്കിയിരിക്കുകയാണ് കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശിയായ രമ സജീവൻ. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു സ്ത്രീയുടെ മകളുമൊത്തുള്ള അതിജീവനം പ്രമേയമാകുന്ന ‘ചിരാത്’ എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തതും രമ തന്നെയാണ്.
ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും മൂന്നു പതിറ്റാണ്ടോളമായി ചിത്രകലാ രംഗത്ത് സജീവമാണ് രമ. സ്വന്തം ജീവിതം കരുപ്പിടിപ്പിച്ചതും പോർട്രെയിറ്റുകൾ ഉൾപ്പെടെയുള്ള വര കൊണ്ടു തന്നെ. കഥാകൃത്തുകൂടിയായ രമ ‘ഒരു നോക്ക്’ എന്ന ഹ്രസ്വചിത്രവും ഒരുക്കിയിട്ടുണ്ട്. കുറെയൊക്കെ ആത്മകഥാംശമുള്ളതാണ് ചിരാതിന്റെ പ്രമേയമെന്ന് സംവിധായിക പറയുന്നു. മകൻ നിതിൻ സജീവനാണു സിനിമയുടെ നിർമാണം. തൊടുപുഴ, കൂത്താട്ടുകുളം മേഖലയിലാണ് കുറഞ്ഞ ബജറ്റിനുള്ളിൽ സിനിമ ചിത്രീകരിച്ചത്.
അഭിനേതാക്കൾ ഏറെയും പുതുമുഖങ്ങളാണ്. എറണാകുളത്ത് സ്കൂൾ അധ്യാപികയും അവതാരകയുമായ സുജ അഗസ്റ്റിൻ(മിഥില റോസ്) ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഡസനോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുജ നായികയാവുന്നത് ഇതാദ്യം. ബിജു ആറ്റിങ്ങൽ, പ്രസന്നൻ മഞ്ചക്കൽ, ഉണ്ണി താനൂര്, കെ.എം.പ്രഭാത്, സുബീഷ് ശിവരാമൻ, പി.കെ.ബിനീഷ്, ഉണ്ണികൃഷ്ണൻ, അരുൺ പാലക്കാട്, ഷാജിക്ക ഷാജി, സന്ധ്യ, ഷാൻസി സലാം, അന്ന എയ്ഞ്ചൽ, വസന്ത കുമാരി, ബേബി നിരഞ്ജന, മാസ്റ്റർ നവദേവ്, തുടങ്ങിയവരാണു മറ്റു അഭിനേതാക്കൾ. ക്യാമറ സുൽഫി ബൂട്ടോ. ക്രിയേറ്റീവ് ഹെഡ് പി.കെ.ബിജു. മെയിൻസ്ട്രീം ടിവി ഉൾപ്പടെ ആറ് ഒടിടി പ്ലാറ്റ്ഫോമുകളിലായിട്ടാണു ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.