കിത്തോ, എന്റെ ഏറ്റവും അടുത്ത ചങ്ങാതി

Mail This Article
ജീവിതത്തിൽ ഒത്തിരി സുഹൃത്തുക്കളുണ്ടാകുന്നത് നല്ലൊരു കാര്യമാണ്. എന്നാൽ നമ്മളെ മനസ്സിലാക്കുന്ന, നന്മയുള്ള മനസ്സുള്ളവരെ കിട്ടുകയെന്നതാണ് ഏറ്റവും വലിയ ഭാഗ്യം. എനിക്ക് ഒത്തിരി ചങ്ങാതിക്കൂട്ടങ്ങൾ ഉണ്ടെങ്കിലും നല്ല ആത്മബന്ധമുള്ള ഒന്നുരണ്ടു ചങ്ങാതിമാരേയുള്ളൂ എന്നാണ് എനിക്കു തോന്നുന്നത്. അതിൽ ആദ്യത്തേത് എന്റെ യൗവനകാലം മുതലുള്ള ആത്മമിത്രമായ ആർട്ടിസ്റ്റ് കിത്തോയാണെന്ന് പറയാനാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്. എന്റെ ആ പാവം കിത്തോയെയാണ് എന്നോട് ഒരു വാക്കു പോലും പറയാൻ അനുവദിക്കാതെ മരണം വന്ന് പിടിച്ചു കൊണ്ടു പോയത്. കിത്തോയ്ക്ക് കുറച്ചുകൂടി സമയം കൊടുക്കേണ്ടതായിരുന്നു. എന്നാൽ ചില സമയങ്ങളിൽ മരണം വളരെ ക്രൂരതയോടെയാണ് മനുഷ്യനോടു പെരുമാറുന്നത്.
നമ്മൾ എവിടെ നിന്നാണു വരുന്നതെന്നറിയാം എന്നാൽ എങ്ങോട്ടാണു പോകുന്നതെന്നു മാത്രം ഒരു രൂപവുമില്ല.
കിത്തോ പള്ളികളിലെ അൾത്താര അലങ്കാരകനായതുകൊണ്ട് സ്വർഗത്തിലെ പള്ളിയിലെ അൾത്താര നന്നായിട്ടൊന്നു മോടി പിടിപ്പിക്കണമെന്നു ദൈവത്തിനു തോന്നിയതുകൊണ്ടാകാം അനുവാദമൊന്നും ചോദിക്കാതെ കിത്തോയെ വിളിച്ചുകൊണ്ട് പോയതെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ദൈവം തരുന്ന സന്തോഷങ്ങളോടും നഷ്ടങ്ങളോടും ദുഃഖങ്ങളോടും നന്ദിയുള്ളവനായി ജീവിച്ചവനായതുകൊണ്ടാകാം ദൈവത്തിന്റെ ഗുഡ് ബുക്കിൽ കിത്തോ കയറിപ്പറ്റിയത്. കിത്തോ ഇന്ന് ഒരു ഓർമയായി മാറിയിരിക്കുന്നു. നമുക്ക് സൂക്ഷിച്ചു വയ്ക്കാവുന്ന ഏറ്റവും വലിയ സമ്പാദ്യം ഓർമകളാണ്. കിത്തോ എന്റെ ജീവിതാവസാനം വരെ എന്റെയുള്ളിൽ ഓർമകളായി അധിവസിക്കും.
കിത്തോ കിഡ്നിരോഗത്തിന് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പല ദിവസങ്ങളിലും കിത്തോയുടെ രോഗവിവരം അറിയാനായി ഞാൻ വിളിക്കും. പ്രായം കൂടി വരികയാണെങ്കിലും കിത്തോയ്ക്ക് മരണഭയം ഒട്ടുമുള്ളതായി സംസാരത്തിലൊന്നും എനിക്ക് തോന്നിയിട്ടില്ല. ഞങ്ങളുടെ നാൽവർ സംഘത്തിലുണ്ടായിരുന്ന ആന്റണി ഈസ്റ്റ്മാനും ജോൺപോളും പോയപ്പോൾ ഞാൻ കിത്തോയോട് പറഞ്ഞു.
‘‘കിത്തോ നമ്മുെട കൂടെയുള്ള ഓരോരുത്തരും പോവുകയാണല്ലോടോ’’

എന്റെ ദുഃഖം കണ്ട് കിത്തോ പറയും. ‘‘നമ്മളെ ദൈവം വിളിക്കുമ്പോൾ പോകാതിരിക്കാനാവില്ലല്ലോ. അത് കാലത്തിന്റെ നിയമമാണ്. ജീവിച്ചിരിക്കുന്ന നമ്മൾ ദുഃഖിക്കുന്നതു പോലെ നമ്മെ വിട്ടു പോയവർക്ക് ആ ദുഃഖമില്ലെന്നാണ് തോന്നുന്നത്. മരണം സുന്ദരമായി തോന്നിയതുകൊണ്ടായിരിക്കും നമ്മളെ വിട്ടു പോയവർ തിരിച്ചു വരാത്തത്.’’ കിത്തോ അപ്പോൾ ഒരു തത്വജ്ഞാനിയുടെ മുഖമെടുത്തണിയും.
ഞാന്‍ ഓർക്കുകയായിരുന്നു. ഞങ്ങൾ തമ്മിലുള്ള, അര നൂറ്റാണ്ടുകൾക്കപ്പുറമുള്ള ഹൃദയബന്ധത്തെക്കുറിച്ച്. ഞാനും കിത്തോയും തമ്മിലുള്ള ഇഴയടുപ്പം തുടങ്ങുന്നത് എന്റെ യൗവനാരംഭത്തിലാണ്. എന്റെ വീടിനടുത്ത് ആരംഭിച്ച റിപ്പബ്ലിക് മ്യൂസിക്കൽ ആർട്സ് ക്ലബ് (ആർഎംഎസി) ആണ് ഞങ്ങളെ തമ്മിൽ ഇണക്കിച്ചേർത്തത്. ക്ലബ്ബിനു വേണ്ടി ഞാൻ എഴുതിയ ‘ജീവിക്കാൻ മറന്ന ആത്മാക്കൾ’ എന്ന നാടകത്തിൽ കിത്തോ ഒരു പ്രധാന അഭിനേതാവായിരുന്നു. എന്റെ ആദ്യത്തെ നാടകമായിരുന്നു അത്. അടുത്ത വർഷത്തെ ക്ലബ്ബിന്റെ വാർഷികത്തിൽ ഞാൻ എഴുതിയ ‘മെഴ്സി’ എന്ന നാടകത്തിൽ കിത്തോ അഭിനേതാവിന്റെ മേലങ്കി ഊരിവച്ച് ഒരു വയലിനിസ്റ്റായിട്ടായിരുന്നു രംഗത്ത് വന്നത്.
കിത്തോയുടെ സുഹൃത്തായ, ഞങ്ങള്‍ എല്ലാവരും സ്റ്റീഫൻ ചേട്ടൻ എന്നു വിളിക്കുന്ന ഒരു മാന്യ വ്യക്തിക്ക് എറണാകുളത്ത് ബ്രോഡ്‌വേയിൽ ഒരു മ്യൂസിക് ഷോപ്പുണ്ടായിരുന്നു. അന്ന് കിത്തോ അവിടുത്തെ നിത്യസന്ദർശകനായിരുന്നു. അവർ തമ്മിലുള്ള സൗഹൃദത്തിലാണ് കിത്തോ വയലിൻ പഠിക്കുന്നത്. കിത്തോയുടെ ജ്യേഷ്ഠനായ ജോസഫും അനിയന്‍ ഫ്രാൻസിസുമടക്കം റോബർട്ട്, ചക്കര ജോയി, സി.എം.സ്റ്റീഫൻ, കെ.ആർ.ആന്റണി, പ്ലാസിറ്റ്, ഷംസുദ്ദീൻ, വിൻസെന്റ് തുടങ്ങിയ ഒത്തിരി കലാകാരന്മാരുടെ ഒരു കൂട്ടായ്മയായിരുന്നു ആർഎംഎസി. ക്ലബ്ബിന്റെ പ്രവർത്തനവുമായി നടക്കുന്നതിനിടയിൽ കിത്തോ പ്രശസ്ത ചിത്രകാരനായ ആർ.ഡി. ദത്തന്റെ കൊച്ചിൻ ആർട്സിൽ ചിത്രരചന പഠിക്കാൻ പോയി ചേർന്നു. നാലു വർഷത്തെ കോഴ്സായിരുന്നു അത്. അതിനു ശേഷം എംജി റോഡിൽ ഇപ്പോൾ ജോസ്കോ ജ്വല്ലറി ഇരിക്കുന്ന സ്ഥലത്ത് ഒരു പഴയ കെട്ടിടത്തിലെ ഒറ്റമുറിയിൽ കിത്തോ ഒരു ഡിസൈൻ ഓഫീസ് തുടങ്ങി. ആ സമയത്ത് ഞാൻ എറണാകുളത്തും കോട്ടയത്തുമുള്ള വാരികകളിൽ സിനിമാലേഖനങ്ങളുമൊക്കെ എഴുതി നടക്കുന്ന സമയമാണ്.
അന്ന് എറണാകുളത്തുനിന്ന് ഇറങ്ങിയിരുന്ന ചിത്രകൗമുദി സിനിമാ വാരികയിലെ സ്ഥിരം എഴുത്തുകാരനായിരുന്നു ഞാൻ. അതിന്റെ ഉടമയും പത്രാധിപരുമൊക്കെ കോട്ടയത്തുകാരൻ ഒരു എം.ഡി.ജോർജായിരുന്നു. സിനിമാ ജ്വരവുമായി നടന്നിരുന്ന ഞാൻ അവിചാരിതമായിട്ടാണ് ജോർജ് ചേട്ടനുമായി പരിചയപ്പെടുന്നത്. (ജോർജ് ചേട്ടൻ പിന്നീട് വലിയൊരു ചലച്ചിത്ര നിർമാതാവും ഏയ്ഞ്ചൽ ഫിലിംസ് എന്ന ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ ഉടമയുമൊക്കെയായി വലിയ ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു).
കിത്തോ നന്നായി ചിത്രം വരയ്ക്കുന്ന ആളായിരുന്നതു കൊണ്ട് ഞാൻ കിത്തോയെ ജോർജ് ചേട്ടനു പരിചയപ്പെടുത്തുകയും ചെമ്പിൽ ജോണിന്റെ ഒരു നീണ്ട കഥയ്ക്ക് പടം വരയ്ക്കാനുള്ള അവസരം വാങ്ങിക്കൊടുക്കുകയും ചെയ്തു. കിത്തോ ചിത്രകൗമുദിയുടെ സ്ഥിരം ചിത്രകാരനായി മാറി. അതോടെ എറണാകുളത്തു നിന്നിറങ്ങുന്ന ഉഷ, ഗീത, വർണശാല തുടങ്ങിയ വാരികകളിലും കിത്തോയുടെ സാന്നിധ്യമുണ്ടായി.
അങ്ങനെ ഒന്നു രണ്ടു വർഷങ്ങൾ കടന്നുപോയപ്പോഴാണ് ഞങ്ങൾക്കും ഒരു സിനിമാവാരിക തുടങ്ങാനുള്ള ഭാഗ്യം വന്നു വീണത്. അന്ന് എറണാകുളത്തുനിന്നു ചിത്ര പൗർണമി എന്ന ഒരു സിനിമാ വാരിക ഇറങ്ങിയിരുന്നു. പന്തളത്തുകാരൻ എ.എൻ. രാമചന്ദ്രനായിരുന്നു അതിന്റെ ഉടമയും പത്രാധിപരുമെല്ലാം. അതിൽ ഞാനും സ്ഥിരമായി സിനിമാ ലേഖനങ്ങളൊക്കെ എഴുതിയിരുന്നു. രാമചന്ദ്രനും പ്രേംനസീറുമായുള്ള പരിചയത്തിന്റെ പേരിൽ നസീർ സാറിന്റെ ആശിർവാദത്തോടെ തുടങ്ങിയ വാരികയായിരുന്നു അത്.
രാമചന്ദ്രൻ വളരെ നന്നായി നടത്തിക്കൊണ്ടിരുന്ന ചിത്രപൗർണമിക്ക് പെട്ടെന്നാണ് ഒരു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായത്. തുടർന്ന് വാരിക നടത്തിക്കൊണ്ടു പോകുവാൻ പറ്റാത്ത സ്ഥിതിയായി. ഒരു ദിവസം എന്നെ കണ്ടപ്പോൾ രാമചന്ദ്രൻ പറഞ്ഞു. ‘‘വേണമെങ്കിൽ ഡെന്നിസും കിത്തോയും കൂടി ചിത്രപൗർണമി നടത്തിക്കോളൂ. ഞാൻ നിങ്ങൾക്ക് എഴുതി തരാം.’’
ഒട്ടും താമസിയാതെ തന്നെ ഞാനും കിത്തോയും ചിത്രപൗർണമി ഏറ്റെടുത്തു. വെറും തുച്ഛമായ വിലയ്ക്കാണ് രാമചന്ദ്രൻ വാരിക ഞങ്ങൾക്ക് തന്നത്. ആ പൈസ പോലും കൊടുക്കാൻ ഞങ്ങളുടെ കയ്യിലില്ലാതിരുന്നതു കൊണ്ട് കിത്തോയുടെ സുഹൃത്തും എൻജിനീയറുമായ അഗസ്റ്റിൻ സാറാണ് പകുതി പൈസ തന്ന് ഞങ്ങളെ സഹായിച്ചത്.
അങ്ങനെ കിത്തോ മാനേജിങ് എഡിറ്ററും ഞാൻ എഡിറ്ററുമായി ആദ്യ ലക്കം പുറത്തിറക്കിയ സമയത്താണ് ഞങ്ങളുടെ താവളത്തിലേക്ക് സെബാസ്റ്റ്യൻ പോളും ജോൺപോളുമൊക്കെ കടന്നു വരുന്നത്. ജോൺപോൾ അന്ന് ബാനർജി റോഡിലെ കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. സെബാസ്റ്റ്യൻ പോൾ കേരളാ ടൈംസ് പത്രത്തിലൊക്കെ വർക്ക് ചെയ്തുള്ള അനുഭവപാഠമുള്ളതുകൊണ്ട് കക്ഷിക്ക് ചീഫ് എഡിറ്റർ എന്ന തസ്തിക കൊടുത്ത് ഞങ്ങളുടെ കൂടെ കൂട്ടി. പിന്നെ ഞങ്ങളുടെ കൂട്ടായ്മയിലേക്ക് ആന്റണി ഈസ്റ്റ്മാൻ, സിനിമാ നിർമാതാവായ ഈരാളി, ആർ.കെ.ദാമോദരൻ, ആന്റണി ചടയംമുറി, ജോർജ് കിത്തു, പീറ്റർ ലാൽ തുടങ്ങിയവരും വന്നു ചേർന്നു.
എല്ലാവരും എല്ലാ വൈകുന്നേരങ്ങളിലും ഒത്തുകൂടി സിനിമയും സാഹിത്യവുമൊക്കെ ചർച്ച ചെയ്ത് രാത്രി ഒത്തിരി വൈകുമ്പോഴാണ് പിരിഞ്ഞു പോകുന്നത്.
ഞാനും കിത്തോയും എന്നും രാത്രി നടന്നാണ് വീട്ടിലേക്കു പോകുന്നത്. നോർത്ത് ടൗൺ ഹാളിനടുത്തെത്തുമ്പോൾ ഇന്നത്തെ കോൺഗ്രസ് നേതാവായ ഡൊമിനിക് പ്രസന്റേഷനും ഞങ്ങളോടൊപ്പം കൂടും. ഡൊമിനിക് നോർത്ത് റെയിൽവേ സ്റ്റേഷനടുത്ത് മാസ് ഹോട്ടലിൽ പോയി എ.കെ.ആന്റണിയെയും വയലാർ രവിയെയുമൊക്കെ കണ്ടിട്ടുള്ള വരവാണ്. അന്ന് ഡൊമിനിക് കലൂർ അശോകാ റോഡിനടുത്താണ് താമസിക്കുന്നത്. ഡൊമനിക്കിനും അന്ന് സിനിമ വലിയ പാഷനായിരുന്നു. ഞങ്ങൾ സിനിമയും രാഷ്ട്രീയവുമൊക്കെ സംസാരിച്ച് അങ്ങനെ നടന്നു രാത്രി പത്തരയോടെ മാതൃഭൂമി പത്രത്തിന്റെ ഓഫിസിനടുത്തെത്തും. ഡൊമിനിക് പോയിക്കഴിഞ്ഞാൽ ഞാൻ അടുത്ത ദിവസത്തെ പത്രം ഇറങ്ങാനായി പ്രസിനു മുൻപിലുള്ള പെട്ടിക്കടയുടെ മുൻപിൽ കാത്തു നിൽക്കും. കിത്തോ അപ്പോൾ വീട്ടിലേക്ക് പോയിട്ടുണ്ടാകും. പത്തേമുക്കാൽ ആകുമ്പോൾ പിറ്റേന്നത്തെ പത്രത്തിന്റെ കുറച്ച് കോപ്പികൾ പെട്ടിക്കടയിലെത്തും. പലരും വന്ന് പത്രം വാങ്ങി പോകുന്ന കൂട്ടത്തിൽ അന്ന് ഞാനുമൊരാളായിരുന്നു. ഈ ഒരു ശീലം വളരെക്കാലം തുടർന്നു.
ഇതിനിടയിൽ ഞാനും ജോൺപോളും കിത്തോയും സെബാസ്റ്റ്യൻ പോളും കൂടി ചെമ്പരത്തി, ചായം തുടങ്ങിയ പി.എൻ. മേനോൻ സിനിമകളുടെ കൊല്ലത്തുള്ള ലൊക്കേഷനിൽ പോയി ചിത്രപൗർണമിക്കു വേണ്ടി ഷീലയുടെയും ചെമ്പരത്തി ശോഭനയുടെയും നടൻ സുധീറിന്റെയുമൊക്കെ ഇന്റർവ്യൂ എടുത്ത് രണ്ടു ദിവസം കൊല്ലത്തെ നീലാ ഹോട്ടലിൽ താമസിച്ചാണ് തിരിച്ചു പോരുന്നത്.
1977 ലെ ഒരു മധ്യാഹ്നം. കിത്തോ ഓഫിസിൽ ഇരുന്ന് ഏതോ ഒരു വാരികയ്ക്കു വേണ്ടി ഒരു ഇലസ്ട്രേഷൻ വരയ്ക്കുകയാണ്. ഞാൻ അടുത്ത ആഴ്ച ചിത്രപൗർണമിയിൽ വരേണ്ട ഒരു നീണ്ടകഥയുടെ പ്രൂഫ് നോക്കിക്കൊണ്ടിരിക്കുന്നു. അപ്പോൾ കിത്തോ ഇരിക്കുന്ന ജനാലയ്ക്കരികിൽ വന്ന് ഒരു ചെറുപ്പക്കാരൻ കിത്തോയോട് എന്തൊക്കെയോ പറയുന്നത് കണ്ടു. ഐവി ശശി, ഹൈദരാബാദ് എന്നൊക്കെ ഇടയ്ക്കു കേൾക്കാം. വന്നിരിക്കുന്ന കക്ഷി ആരാണെന്ന് എനിക്കറിയില്ല. ചെറുപ്പക്കാരൻ പോയിക്കഴിഞ്ഞപ്പോൾ കിത്തോ എന്നോട് പറഞ്ഞു. ‘‘ഒന്ന് ഹൈദരാബാദ് വരെ പോകണം, ഐ വി ശശിയുടെ ‘അംഗീകാര’ത്തിന്റെ ഷൂട്ടിങ് നടക്കുന്നത് അവിടെയാണ്. ആ ചെറുപ്പക്കാരന്റെ പരിചയത്തിൽപെട്ട ഒരു അച്ചായൻ ഐ.വി.ശശിയെ വച്ച് ‘ഈ മനോഹര തീരം" എന്നൊരു സിനിമ എടുക്കുന്നുണ്ട്. താനും കൂടി വരാമോ? തനിക്ക് ഒട്ടുമിക്ക ആർട്ടിസ്റ്റുകളുമായി പരിചയമുള്ളതല്ലേ? നമുക്ക് ഒന്നിച്ചു പോയി വരാം.’’
‘‘ഏയ് ഞാനില്ല എനിക്ക് ചിത്രപൗർണമി ഇറക്കേണ്ടതല്ലേ?’’
ഞാൻ ഒഴിയാൻ ശ്രമിച്ചെങ്കിലും കിത്തോ വിടാൻ ഭാവമില്ലായിരുന്നു. കിത്തോ അതിനൊരു പരിഹാരവും കണ്ടെത്തി. ‘‘രണ്ടു ദിവസത്തെ കാര്യമല്ലേയുള്ളൂ. നമുക്ക് സെബാസ്റ്റ്യൻ പോളിനെ ഏൽപ്പിച്ചിട്ടു പോയിവരാം.’’
കിത്തോയുടെ നിർബന്ധം കൂടി വന്നപ്പോൾ എനിക്ക് പോകാതിരിക്കാനായില്ല.
അങ്ങനെ ഞങ്ങൾ പിറ്റേന്നു തന്നെ ഹൈദരാബാദിനു പോകുന്നു. അംബാസിഡർ നോൺ എസി കാറിലാണ് യാത്ര. ‘ഈ മനോഹര തീര’ത്തിന്റെ നിർമാതാവ് എ.ജെ. കുര്യാക്കോസും മകൻ ജോയിയും പ്രശസ്ത സാഹിത്യകാരനായ പാറപ്പുറത്തും മാത്യു പാറേക്കാട്ടും ഞാനും കിത്തോയും കൂടി തിങ്ങി നിറഞ്ഞുള്ള ഒരു യാത്രയായിരുന്നത്. ഞാൻ അന്നാണ് പാറപ്പുറത്ത് സാറിനെ നേരിട്ട് കാണുന്നത്.
ഞങ്ങൾ പിറ്റേന്ന് വൈകിട്ട് നാലു മണിക്കാണ് ഹൈദരാബാദിലെത്തുന്നത്.
അന്ന് രാത്രി പാറപ്പുറത്ത് സർ ഐ.വി. ശശിയെ തിരക്കഥ വായിച്ചു കേൾപ്പിച്ചു. ശശിയുടെ മുറിയിലിരുന്നാണ് വായന. തിരക്കഥ വായിച്ചു കഴിഞ്ഞ് പാറപ്പുറത്ത് മുറിയിലേക്ക് പോയപ്പോൾ ഞാൻ ശശിയോടു ചോദിച്ചു.
‘‘എങ്ങനെയുണ്ട് തിരക്കഥ?’’
‘‘ഫസ്റ്റ് ഹാഫ് കൊള്ളാം. സെക്കൻഡ് ഹാഫ് മാറ്റി എഴുതണം’’
അതുകേട്ടപ്പോൾ നിർമാതാവും ഞങ്ങളും ഒരുപോലെ ഞെട്ടി.
‘‘ശശി പാറപ്പുറത്തു സാറിനോട് പറയ്. പുളളി കറക്റ്റ് ചെയ്തു തരും’’ ഞാൻ പറഞ്ഞു. കിത്തോ എന്നെ പിന്താങ്ങുകയും ചെയ്തു.
‘‘ഹേയ്, ഞാൻ പറയില്ല. എനിക്ക് അദ്ദേഹവുമായി അങ്ങനെ പരിയമൊന്നുമില്ല’’ ശശി പറഞ്ഞു.
ശശിക്ക് വേണ്ടി പാറപ്പുറത്ത് സാർ ആദ്യമായെഴുതുന്ന തിരക്കഥയാണത്.
‘‘നിർമാതാവു തന്നെ പറയട്ടെ.’’ ശശി പറഞ്ഞു
അതു കേട്ടപ്പോൾ എ.ജെ. കുര്യാക്കോസും മകനും ഒരേ സ്വരത്തിൽ പറഞ്ഞു.
‘‘അയ്യോ ഞങ്ങൾ പറയില്ല. ഇത്രയും വലിയ ഒരു സാഹിത്യകാരനോട് എങ്ങനെ പറയാനാണ്’’.
"തിരക്കഥ മാറ്റി എഴുതാതെ ഞാൻ ഷൂട്ട് ചെയ്യില്ല." ശശി തീർത്തു പറഞ്ഞു.
അപ്പോൾ എന്റെ മനസ്സിൽ ഞങ്ങളുടെ സുഹൃത്തായ ജോൺ പോളിന്റെ മുഖമാണ് തെളിഞ്ഞു വന്നത്.
‘‘ഞങ്ങളുടെ ഒരു സുഹൃത്തുണ്ട്. ജോൺ പോൾ. എറണാകുളം കാനറാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്. ഫിലിം സൊസൈറ്റിയുമായൊക്കെ ബന്ധമുള്ളയാളാണ്. നമുക്ക് ജോൺ പോളിനെക്കൊണ്ട് കറക്റ്റ് ചെയ്യിച്ചാലോ?’’
‘‘നിനക്ക് വിശ്വാസമുണ്ടെങ്കിൽ കറക്ട് ചെയ്യിച്ചു നോക്ക്. നീ കഥയും നോവലും ഒക്കെ എഴുതുന്നതല്ലേ. ജോൺപോളിന്റെ കൂടെ നീയും കൂടൂ, ശരിയായില്ലെങ്കിൽ ഞാൻ ഷൂട്ട് ചെയ്യില്ല.’’
ശശി ഈ പല്ലവി തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു.
അപ്പോൾത്തന്നെ ഞാനും കിത്തോയും കൂടി ജോൺപോളിനെ വിളിച്ചു വിവരം പറഞ്ഞു.
‘‘നീ എന്താണ് ഈ പറയുന്നത്. ഞാൻ ഒരു ചെറുകഥ പോലും എഴുതിയിട്ടില്ല. പിന്നെ എങ്ങിനെയാടാ സ്ക്രിപ്റ്റ് കറക്റ്റു ചെയ്യുന്നത്.’’
അവസാനം ഞാനും കിത്തോയും കൂടി ഒത്തിരി നിർബന്ധിച്ചിട്ടാണ് ജോൺ പോൾ ഒരു തിരുത്തൽവാദിയാകാൻ സമ്മതിച്ചത്.
അങ്ങനെ ഈ ഹൈദരാബാദ് യാത്രയിലാണ് കിത്തോയുടെയും എന്റെയും ജോൺ പോളിന്റെയും തലവര മാറുന്നത്. കിത്തോ ‘ഈ മനോഹര തീര"’ത്തിലാണ് ആദ്യമായി പോസ്റ്റർ ഡിസൈൻ ചെയ്യുന്നത്. പിന്നെ ഞാൻ സിനിമയ്ക്ക് വേണ്ടി ആദ്യമായി കഥ എഴുതിയ ‘അനുഭവങ്ങളേ നന്ദി’യുടെ പോസ്റ്ററും കിത്തോയാണ് ചെയ്തത്.
ഈ സമയത്താണ് ജഗൻ പിക്ചേഴ്സ് അപ്പച്ചൻ നിർമിച്ച് ഞാൻ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ‘രക്ത’ത്തിന്റെ പോസ്റ്റർ ഡിസൈൻ ഞങ്ങൾ കിത്തോയ്ക്ക് കൊടുക്കുന്നത്. ട്വൽവ് ഷീറ്റിൽ കിത്തോ ചെയ്ത വെർട്ടിക്കൽ പോസ്റ്റർ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യമായാണ് ഇങ്ങനെയൊരു വെർട്ടിക്കൽ പോസ്റ്റർ മലയാളത്തിൽ ഇറങ്ങുന്നത്. തുടർന്ന് അപ്പച്ചന്റെ ഞാൻ എഴുതിയ കർത്തവ്യം, ചക്കരയുമ്മ, മലരും കിളിയും തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളും പുറത്തു വന്നു. അതേത്തുടർന്ന് കെ.എസ്.സേതുമാധവന്റെ 'ആരോരുമറിയാതെ', സത്യൻ അന്തിക്കാടിന്റെ 'അപ്പുണ്ണി' സിംപിൾ പ്രൊഡക്ഷൻസിന്റെ കുണുക്കിട്ട കോഴി തുടങ്ങിയ വളരെ പുതുമയുള്ള പോസ്റ്ററുകളും കൂടി പുറത്തിറങ്ങിയപ്പോൾ പിന്നെ ഞങ്ങളുടെ ഓഫിസിൽ കിത്തോയെക്കൊണ്ട് പോസ്റ്റർ ചെയ്യിക്കാനുള്ള നിർമ്മാതാക്കളുടെ ക്യൂ ആയിരുന്നു. ഇതിനിടയിൽ കിത്തോയും ഞാനും കൂടി ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് എന്നൊരു ചിത്രം നിർമിക്കുകയും ചെയ്തു.
ഒന്നര പതിറ്റാണ്ടുകാലം മലയാള സിനിമയിലെ നിറസാന്നിധ്യമായി നിറഞ്ഞു നിന്നിരുന്ന അപൂർവം ചിത്രകാരന്മാരിൽ പ്രഥമഗണനീയനായിരുന്നു ആർട്ടിസ്റ്റ് കിത്തോ.
(തുടരും)