‘പൂവൻ’: ആന്റണി വർഗീസിന്റെ കോമഡി ഡ്രാമ സീ5വിൽ

Mail This Article
ആന്റണി വർഗീസ് നായകനായെത്തുന്ന കോമഡി ചിത്രം ‘പൂവൻ’ മാർച്ച് 24 മുതൽ സീ ഫൈവിൽ. വിനീത് വാസുദേവന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം ഷെബിൻ ബക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗസ് എന്നീ പ്രൊഡക്‌ഷൻ കമ്പനികൾക്ക് കീഴിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. വരുൺ ധാര തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സജിത്ത് പുരുഷനനും സംഗീത സംവിധായകൻ മിഥുൻ മുകുന്ദനും എഡിറ്റർ ആകാശ് ജോസഫ് വർഗീസുമാണ്.

"ഒരു കോമഡി-ഡ്രാമ" എന്നാണ് പൂവൻ എന്ന ചിത്രത്തെ സംവിധായകൻ വിശേഷിപ്പിക്കുന്നത്. ആന്റണി വർഗീസ് ഇതുവരെ ചെയ്‌ത ക്ഷുഭിത യൗവന കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ചിരിയുണർത്തുന്ന ലാഘവത്തോടെയുള്ള ഒരു കഥാപാത്രമായിട്ടാണ് പൂവനിൽ എത്തുന്നത്. ക്രിസ്മസിന്റെ പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ അയൽക്കാർക്കിടയിൽ നടക്കുന്ന ചില സംഭവങ്ങൾ നർമത്തിൽ പൊതിഞ്ഞെടുത്ത കഥാസന്ദർഭമാണ് ചിത്രത്തിലേത്. സിനിമയുടെ പേര് പലർക്കും തെറ്റിദ്ധാരണയ്ക്ക് വഴിവച്ചെങ്കിലും പൂവൻ കോഴി ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമായതുകൊണ്ടാണ് ഈ സിനിമയ്ക്ക് "പൂവൻ" എന്ന് പേരിട്ടിരിക്കുന്നതെന്ന് സംവിധായകൻ പറയുന്നു.
ചിത്രത്തിലെ നായകനായ ഹരിയുടെയും കുടുംബത്തിന്റെയും ജീവിതത്തെ ഒരു പൂവൻ കോഴിയുടെ വരവ് മാറ്റിമറിക്കുന്നതിനെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. സഹോദരി തനിക്ക് ഇഷ്ടപ്പെടാത്ത ആളെ വിവാഹം കഴിച്ചതും തെറ്റിദ്ധാരണകൾ കാരണം അളിയനുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും ഹരിയുടെ ജീവിതത്തെ കുഴച്ചു മറിക്കുമ്പോൾ എല്ലാത്തിനും കാരണം കോഴിയാണെന്ന കാഴ്ചപ്പാടിൽ ഹരി കോഴിയോട് പ്രതികാരം ചെയ്യാനൊരുമ്പെടുന്ന പ്ലോട്ട് പ്രേക്ഷകരിൽ ചിരി പടർത്തുന്നതാണ്.
ഹരിയായി ആന്റണി വർഗീസ്, ബെന്നിയായി സജിൻ ചെറുകയിൽ, മനുവായി വിനീത് വിശ്വം, കണ്ണനായി വിനീത് വാസുദേവൻ, ഫെബിനായി വരുൺ ധാര, സുധീറായി ഗിരീഷ് എ.ഡി, മറിയാമ്മയായി ബിന്ദു സതീഷ്കുമാർ, മൈത്രിയായി ആനിസ് എബ്രഹാം, ലൂയിസ് ആയി സുനിൽ മേലേപുരം, റിങ്കു രണദീർ, സിനിയായി അനീഷ്മ അനിൽകുമാർ, വീണയായി അഖില ഭാർഗവൻ തുടങ്ങിയവരോടൊപ്പം മണിയൻപിള്ള രാജു ഒരു പ്രധാന കഥാപാത്രമായെത്തുന്നു.
മലയാളികൾ കണ്ടു പരിചയിച്ച സത്യൻ അന്തിക്കാട് ചിത്രങ്ങളെ ഓർമപ്പെടുത്തുന്ന കോമഡി ഡ്രാമയായ പൂവൻ മാർച്ച് 24 മുതൽ സീ ഫൈവിൽ ലഭ്യമാകും. അണിയറപ്രവർത്തകർ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു കഴിഞ്ഞു.