ചില നടീനടന്മാർ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ഫെഫ്ക; 3 യുവതാരങ്ങൾക്കെതിരെ പരാതി?

Mail This Article
മലയാള സിനിമ ബുദ്ധിമുട്ട് നിറഞ്ഞ കാലത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. ചില നടീനടൻമാർ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ഒരേ തീയതികളില്‍ ഒന്നിലധികം സിനിമകൾക്കു ഡേറ്റ് നൽകുന്നു. സിനിമയുടെ ചിത്രീകരണത്തിൽ നിസ്സഹകരണവും എഡിറ്റിങ്ങിൽ അനാവശ്യമായ ഇടപെടലും നടത്തുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്കു ശേഷം വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഫെഫ്ക ഭാരവാഹികൾ ആരോപണം ഉന്നയിച്ചത്.
‘‘മലയാള സിനിമയിലെ ചില നടീനടൻമാർ വല്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഒരേ സമയം പല സിനിമകൾക്ക് തീയതി കൊടുക്കുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തയാറാക്കിയ, അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ അംഗീകരിച്ച എഗ്രിമെന്റ് ഒപ്പിടുന്നില്ല. പ്രൊഡ്യൂസേഴ്സ് അസോസിഷേയനും ഫെഫ്കയും ഇതുപോലുള്ള കൃത്യമായ ചില എഗ്രിമെന്റുകളിലേക്ക് കടന്നിരിക്കുകയാണ്. ഞങ്ങൾ മാത്രമല്ല സിനിമയിലെ മറ്റ് വിഭാഗങ്ങൾക്കും ഇതുപോലുള്ള എഗ്രിമെന്റ് ഉണ്ട്. ഈ എഗ്രിമെന്റ് ഒപ്പിട്ടുകഴിഞ്ഞാൽ ഇവർക്ക് കൃത്യമായ ഡേറ്റ് നൽകാതിരിക്കാനാകില്ല.
ചില അഭിനേതാക്കൾ എഡിറ്റിങ് കാണിക്കാൻ ആവശ്യപ്പെടുകയാണ്. അവരെ മാത്രമല്ല അവർക്ക് വേണ്ടപ്പെട്ടവരെയും നമ്മൾ കാണിക്കണം. ഇത് അവരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ബാക്കി കാര്യങ്ങളിലേക്ക് കടക്കൂ. ഡബ്ബിങ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാൻ ഒരു നടൻ ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് പറഞ്ഞത്. ഇതൊക്കെ കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ്.’’–ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്‍ണൻ പറഞ്ഞു.
താരങ്ങള്‍ക്ക് ആവശ്യമുള്ളതു പോലെ റീ എഡിറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നത് സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് പിന്നീടു വ്യക്തമാക്കുമെന്നും ബി. ഉണ്ണികൃഷ്‍ണൻ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങൾക്കൊപ്പം ഫെഫ്ക നിൽക്കുമെന്നും നിർമാതാക്കളുടെ സംഘടനയ്ക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും ഉണ്ണികൃഷ്‍ണൻ അറിയിച്ചു.
പണം മുടക്കിയ നിർമ്മാതാക്കളെ മാത്രമേ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്കയുടെ തീരുമാനം. എന്നാൽ സർഗാത്മകമായ ചർച്ചകൾക്ക് അവസരം നൽകും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എടുക്കുന്ന ഏതു തീരുമാനത്തോടും ഒപ്പം നിൽക്കാനാണ് തീരുമാനം. നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരുടെ മുന്നിൽ തങ്ങളുടെ അവകാശങ്ങൾ ബലികഴിക്കാൻ സമ്മതമല്ല. സിനിമാ മേഖലയിൽ സ്ത്രീ സാന്നിധ്യം ഉറപ്പ് വരുത്താൻ ചലച്ചിത്ര വികസന കോർപറേഷൻ മുന്നോട്ട് വന്നതിന്റെ തുടർച്ചയെന്നോണം, അത്തരം സിനിമകൾ തിയറ്ററിൽ നിലനിർത്താൻ കൂടി മുൻകൈ എടുക്കണമെന്ന അഭിപ്രായവും ഫെഫ്ക മുന്നോട്ട് വച്ചു.
പരാതി മൂന്നു യുവ നടന്മാരെക്കുറിച്ച്
മൂന്നു യുവതാരങ്ങളുടെ സമീപനമാണ് ഇപ്പോൾ പരസ്യപ്രതികരണത്തിന് ഫെഫ്കയെ പ്രേരിപ്പിച്ചതെന്നാണു സൂചന. ഇതിലൊരു നടൻ മുടിമുറിക്കൽ വിവാദം കഴിഞ്ഞ് വീണ്ടും സജീവമായ ആളാണ്. മലയാളത്തിലെ പ്രമുഖ നിർമാതാവിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോൾ സഹനടന്റെ കൈ ഒടിഞ്ഞു. ഒടിവ് നേരെയാക്കി സഹനടനെത്തിയപ്പോഴേക്കും യുവനായകന് സമയമില്ല. പലതും പറഞ്ഞ് സിനിമ നീണ്ടു. വീണ്ടും സെറ്റിലെത്തണമെങ്കിൽ പ്രതിഫലം കൂട്ടണമെന്നു വരെ ആവശ്യമുന്നയിച്ചെന്നാണ് സംസാരം. മറ്റു രണ്ടു പേരും അടുത്തിടെ നായകനിരയിൽ എത്തി നിൽക്കുന്നവരാണ്. ഇതിലൊരാൾക്ക് ഏർപ്പെടുത്തിയ വിലക്ക് അടുത്തിടെയാണ് നീങ്ങിയത്.
FEFKA warning against youth stars who interfere in movie editing and violate agreements